നേരം പുലർന്ന് എഴുന്നേറ്റു പോകുമ്പോൾ വീടിന്റെ മുറ്റത്ത് പാദരക്ഷകൾ. അതും പെൺകുട്ടികൾക്ക് ഉള്ളത്. ഒരു പ്രദേശത്തെ പെൺകുട്ടികളുള്ള വീടുകളുടെ മുമ്പിലാണ് ഇത്തരത്തിലൊരു ദൃശ്യം കണ്ടത്. രാത്രിയിൽ അജ്ഞാതർ പെൺകുട്ടികളുള്ള വീടുകൾക്ക് മുന്നിൽ ഇത്തരം ചെരുപ്പുകൾ കൊണ്ടു വയ്ക്കുന്നതിൽ ദുരൂഹത തുടരുകയാണ്. കൊട്ടിയം പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂന്നു കിലോമീറ്റർ ചുറ്റളവിലായി രണ്ടു പ്രദേശങ്ങളുടെ വീടുകൾക്ക് മുമ്പിലാണ് പുതിയ ചെരുപ്പുകൾ കണ്ടത്.
ഓരോ വീട്ടിലെയും പെൺകുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ആണ് ജോഡി ചെരുപ്പുകൾ വീടുകൾക്ക് മുമ്പിൽ വച്ചിരിക്കുന്നത്. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ചില മോഷണസംഘങ്ങൾ വീട് അടയാളപ്പെടുത്തുന്നതിന് സമാനമാണ് ‘ചെരുപ്പടയാളം’ എന്നു ഭീതി പരന്നെങ്കിലും സംഭവത്തിന് പിന്നിൽ അപകടകരമായ ഒന്നും ഇല്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
ഉമയനല്ലൂർ പട്ടരമുക്കിൽ ഫെബ്രുവരി രണ്ടുനു രാവിലെ പ്രഭാതസവാരിക്ക് ഇറങ്ങിയവരാണ് ആദ്യം ചെരുപ്പുകൾ കണ്ടത്. ചിലത് തെരുവുനായ്ക്കൾ കടിച്ചു കീറിയ നിലയിലും മറ്റു ചിലത് കേടുപാടുകൾ ഒന്നും ഇല്ലാത്ത നിലയിലും ആയിരുന്നു. വൈകാതെ കൂടുതൽ വീടുകൾക്ക് മുമ്പിൽ ചെരുപ്പുകൾ കണ്ടെത്തിയെങ്കിലും ആരെങ്കിലും ഉപേക്ഷിച്ചു പോയതാകുമെന്ന രീതിയിലാണ് ആളുകൾ ഈ സംഭവത്തെ കണ്ടത്.
എന്നാൽ, നാലു ദിവസത്തിനു ശേഷം വീണ്ടും ചെരുപ്പുകൾ കണ്ടെത്തി. ഉമയനല്ലൂർ ക്ഷേത്രത്തിനു മുന്നിലെ റോഡിലും ആലുംമൂട് ഭാഗത്തു ആയിരുന്നു ചെരുപ്പുകൾ കണ്ടെത്തിയത്. ഇത്തവണ ചെരുപ്പുകൾ കൃത്യമായി കൊണ്ടുവന്നു വച്ച നിലയിൽ ആയിരുന്നു. ഇതോടെ നാട്ടുകാരിൽ ഭീതി പരന്നു. ഉടൻ തന്നെ കൊട്ടിയം പൊലീസിനെ വിവരം അറിയിച്ചു. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷിക്കാമെന്ന് പൊലീസുകാർ പറഞ്ഞെങ്കിലും മൂന്നാം ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥലം മാറിപ്പോയി. ഇതിനിടെ ഇതുമായി ബന്ധപ്പെട്ട് നാട്ടിൽ നിരവധി കഥകൾ പരക്കുകയും ചെയ്തു.
കട കാലിയാക്കലിന്റെ ഭാഗമായി ചെരുപ്പുകൾ ആരെങ്കിലും സദുദ്ദേശ്യത്തോടെ വീടുകൾക്ക് മുന്നിൽ കൊണ്ടു വന്നു വച്ചതാവാം എന്നായിരുന്നു ആദ്യ സംശയം. എന്നാൽ, പ്രദേശത്തെ വ്യാപാരികളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ അങ്ങനെ സമീപപ്രദേശത്ത് ഒന്നും ചെരുപ്പുകടകൾ പൂട്ടിയിട്ടില്ലെന്ന് കണ്ടെത്തി. രണ്ടു തവണ ഇത് ആവർത്തിച്ചതിനാൽ കടയിൽ നിന്ന് മോഷ്ടിച്ച ചെരുപ്പ് ഉപേക്ഷിച്ചതാകാം എന്ന സംശയവും അസ്ഥാനത്തായി.
പെൺകുട്ടികളുള്ള വീടുകൾ തന്നെ തിരഞ്ഞു പിടിച്ചതിനാൽ പ്രദേശവാസികൾ നേരിട്ടോ അവരുടെ അറിവോടെയോ ആണ് ചെരുപ്പുകൾ കൊണ്ടു വന്നു വച്ചതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പുലർച്ചെ രണ്ടരയ്ക്കും മൂന്നരയ്ക്കും ഇടയിലാണ് ചെരുപ്പുകൾ എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, ചെരുപ്പ് കൊണ്ടു വന്നിട്ടിട്ട് ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രദേശത്ത് അനിഷ്ടസംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. എങ്കിലും ആശങ്കകൾ മാറ്റാൻ അന്വേഷണം നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Leave a Reply