കൊവിഡ് 19നുമായി ബന്ധപ്പെട്ട് കൂടുതൽ പണം കണ്ടെത്തുന്നതിനായി നടത്തുന്ന ചെലവ്ചുരുക്കൽ നടപടികളുടെ ഭാഗമായി പ്രധാനമന്ത്രിയുടേയും രാഷ്ട്രപതി, ഉപരാഷ്ട്രപതി, കേന്ദ്രമന്ത്രിമാർ തുടങ്ങിയവരുടേയും ശമ്പളം 30 ശതമാനം വെട്ടിക്കുറക്കാനുള്ള നിർദ്ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. എംപിമാരുടെ അലവൻസും പെൻഷനും ഏപ്രിൽ ഒന്ന് മുതൽ മുൻകാലപ്രാബല്യത്തോടെ 30 ശതമാനം വെട്ടിക്കുറിക്കും. അടുത്ത രണ്ട് വർഷത്തേയ്ക്ക് എംപി ഫണ്ട് അനുവദിക്കേണ്ടെന്നും തീരുമാനമായി. എംപി ഫണ്ട് അടുത്ത രണ്ട് വർഷത്തേയ്ക്ക് നിർത്തുന്നതിലൂടെ 7900 കോടി രൂപ കൊവിഡ് ഫണ്ടിലേയ്ക്ക് നൽകാനാകുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.
തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ ജനപ്രതിനിധികളുടേയും ശമ്പളത്തിൻ്റേയും ആനുകൂല്യങ്ങളുടേയും 30 ശതമാനം ഒരു വർഷത്തേയ്ക്ക് സർക്കാരിൻ്റെ കൊവിഡ് ഫണ്ടിലേയ്ക്ക് നൽകണമെന്നാണ് കേന്ദ്ര സർക്കാർ നിർദ്ദേശം. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, സംസ്ഥാന ഗവര്‍ണര്‍മാര്‍ എന്നിവര്‍ നേരത്തെ തന്നെ ശമ്പളത്തിന്റെ 30 ശതമാനം സര്‍ക്കാരിന്റെ കൊവിഡ് ഫണ്ടിലേയ്ക്ക് നല്‍കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. കൊറോണ വൈറസ് രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെ തകർക്കുമെന്ന ആശങ്കകൾ പരിഗണിച്ചാണ് ജനപ്രതിനിധികളുടെ ശമ്പളം വെട്ടിക്കുറക്കാനുള്ള തീരുമാനമെന്ന് സർക്കാർവൃത്തങ്ങൾ പറയുന്നു.
Leave a Reply