ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടണിൽ 91000 ത്തോളം സിവിൽ സർവീസ് പോസ്റ്റുകൾ കുറയ്ക്കുവാനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ തീരുമാനത്തെ ശക്തമായി എതിർത്തിരിക്കുകയാണ് യൂണിയൻ നേതാക്കൾ. ബ്രെക്സിറ്റിന് ശേഷമുള്ള അമിത ജോലി ഭാരം കൈകാര്യം ചെയ്യാൻ സാധിക്കില്ല എന്ന കാരണമാണ് അവർ മുന്നോട്ട് വയ്ക്കുന്നത്. അടുത്തിടെയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ സിവിൽ സർവീസ് ജോലികളുടെ എണ്ണം 2016 നു സമമാക്കാൻ മന്ത്രിമാരോടും ഉയർന്ന ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടത്. ബ്രെക്സിറ്റ് മൂലവും, കോവിഡ് പകർച്ചവ്യാധി മൂലവുമാണ് സിവിൽ സർവീസ് ജോലികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധന ഉണ്ടായത്. കഴിഞ്ഞ ആഴ്ച ബോറിസ് ജോൺസൺ എല്ലാ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും കത്തെഴുതിയിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ തീരുമാനത്തെ ശക്തമായി എതിർത്ത് യൂണിയൻ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ കണക്കുകൾ പ്രകാരം ഓരോ 10,000 യു കെ പൗരന്മാർക്കുമുള്ള
സിവിൽ സർവെന്റുകളുടെ എണ്ണം 2010ൽ എഴുപത്തിയാറിൽ നിന്നും 2016 ൽ അമ്പത്തിഒൻപതിലേക്ക് എത്തിയിരുന്നു. എന്നാൽ ബ്രെക്സിറ്റ് മൂലവും കോവിഡ് മൂലവും കഴിഞ്ഞ വർഷം ഈ കണക്ക് എഴുപതിൽ എത്തിയതാണ് ഇപ്പോൾ വീണ്ടും കുറയ്ക്കുവാൻ തീരുമാനമായിരിക്കുന്നത്. ഇപ്പോഴത്തെ പദ്ധതിപ്രകാരം ജോലിക്കാരുടെ എണ്ണം കുറച്ചാൽ, 2025 ഓടെ 10,000 പേർക്ക് അമ്പത്തിയാറ് പേർ എന്ന ഏറ്റവും കുറവ് കണക്കിൽ എത്തും എന്നാണ് ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. നിലവിൽ 485,000 സിവിൽ സെർവന്റുമാരാണ് യു കെയിൽ ഉടനീളം ഉള്ളത്. 2016 ൽ യൂറോപ്യൻ യൂണിയൻ റഫറണ്ടം നടക്കുന്ന സമയത്ത്, 384000 സിവിൽ സെർവന്റുമാർ മാത്രമേ യുകെയിൽ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നത് ദോഷം മാത്രമേ ഉണ്ടാക്കൂ എന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു.
Leave a Reply