ന്യൂസ് ഡെസ്ക്, മലയാളം യുകെ
അതിസമ്പന്നരുടെ ആസ്തികൾക്ക് 1% വെൽത്ത് ടാക്സ് ഏർപ്പെടുത്താനുള്ള ആവശ്യവുമായി യുകെയിലെ രണ്ടാമത്തെ വലിയ ട്രേഡ് യൂണിയനായ യുണൈറ്റ്. പൊതുമേഖലയിൽ ജോലി ചെയ്യുന്നവരുടെ 10% വരെയുള്ള വേതന വർദ്ധനവിനും ഉയർന്നു വരുന്ന എൻഎച്ച്എസിൽ ഒഴിവുകൾക്കുമായി ഈ ധനം ഉപയോഗിക്കാമെന്നും ട്രേഡ് യൂണിയൻ അഭിപ്രായപ്പെട്ടു. ബ്രൈറ്റണിൽ നടക്കാനിരിക്കുന്ന ട്രേഡ്സ് യൂണിയൻ കോൺഗ്രസിൽ (TUC) ചർച്ച ചെയ്യപ്പെടേണ്ട നിരവധി പ്രമേയങ്ങളുടെ ഭാഗമായാണ് പുതിയ ആവശ്യം സർക്കാരിൻെറ മുന്നിലേക്ക് വച്ചിരിക്കുന്നത്.
ഒക്‌ടോബർ 30-ന് ചാൻസലർ റേച്ചൽ റീവ്‌സിൻ്റെ ആദ്യ ബജറ്റിന് മുന്നോടിയായി സാമ്പത്തിക ഉത്തരവാദിത്തത്തിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. പൊതു സേവനങ്ങൾക്കായി പ്രതിവർഷം 25 ബില്യൺ പൗണ്ട് സമാഹരിക്കുന്നതിനും ചെലവുചുരുക്കൽ ഒഴിവാക്കുന്നതിനുമായി, പണയപ്പെടുത്തിയ സ്വത്തുക്കൾ ഒഴികെ, 4 മില്യൺ പൗണ്ടിൽ കൂടുതലുള്ള ആസ്തികൾക്ക് 1% നികുതി ചുമത്താനാണ് യുണൈറ്റ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതനുസരിച്ച്, £6 മില്യൺ ആസ്തിയുള്ള ഒരാൾക്ക് £4 മില്യൺ പരിധിക്ക് മുകളിലുള്ള £2 മില്യണിന് 1% നികുതി ചുമത്തും.
യുകെയിലെ ഏറ്റവും സമ്പന്നരായ 50 കുടുംബങ്ങൾ ഏകദേശം 500 ബില്യൺ പൗണ്ടോളം ആസ്തിയുള്ളവരാണെന്ന് യുണൈറ്റ് പറയുന്നു. യുണൈറ്റിൻ്റെ ജനറൽ സെക്രട്ടറി ഷാരോൺ ഗ്രഹാം, തകർന്ന ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയുടെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഈ നികുതിയുടെ ആവശ്യകത ഊന്നി പറയുകയും ചെയ്‌തു. 2019 ലെ ലേബർ പാർട്ടിയുടെ പ്രധാന ദാതാക്കളായ യുണൈറ്റ്, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനപത്രികയിൽ തൊഴിലാളികളുടെ അവകാശങ്ങൾക്കും എണ്ണ, വാതക മേഖലയിലെ ജോലികൾക്കും വേണ്ടത്ര സംരക്ഷണം നൽകിയില്ല എന്ന് വിമർശിച്ച് കൊണ്ട് സംഭാവനകൾ നൽകിയിരുന്നില്ല.
Leave a Reply