ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന “യുണൈറ്റ് ദി കിംഗ്ഡം” റാലിയിൽ 1 ലക്ഷംത്തിലധികം ആളുകൾ പങ്കെടുത്തതും തുടർ സംഭവങ്ങളും യുകെയിലേയ്ക്ക് കുടിയേറിയ മലയാളികൾക്ക് കടുത്ത ആശങ്ക ആണ് ഉളവാക്കിയിരിക്കുന്നത് . വലതുപക്ഷ നേതാവ് ടോമി റോബിൻസൺ നേതൃത്വം നൽകിയ ഈ പ്രതിഷേധം ആദ്യം പൊതു പരിപാടിയായി പ്രഖ്യാപിച്ചെങ്കിലും ഉടൻ തന്നെ കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങളിലേക്കും സംഘർഷത്തിലേക്കും വഴിമാറി. പോലീസ് 1,000-ത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നെങ്കിലും കുപ്പികൾ എറിയുകയും കടുത്ത സംഘർഷം ഉടലെടുക്കുകയും ചെയ്തതിനെ തുടർന്ന് കലാപനിയന്ത്രണ വിഭാഗത്തിന്റെ ഇടപെടൽ വേണ്ടിവന്നു .
പ്രതിഷേധത്തിൽ ടെസ്ല ചീഫ് എക്സിക്യൂട്ടീവ് എലോൺ മസ്ക് വീഡിയോ സന്ദേശം നൽകി. നിയന്ത്രണമില്ലാത്ത കുടിയേറ്റം ബ്രിട്ടനെ തകർക്കുകയാണെന്ന അദ്ദേഹത്തിന്റെ പ്രതികരണം എരിതീയിൽ എണ്ണയൊഴിച്ചതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നതത് . ഇതിനിടെ, വെസ്റ്റ് മിഡ്ലാൻഡ്സിലെ ഓൾഡ്ബറിയിൽ നിന്റെ നാട്ടിലേക്ക് പോ എന്ന് പറഞ്ഞ് സിഖ് യുവതിയെ ബലാൽസംഗം ചെയ്ത സംഭവവും വംശീയ അധിക്ഷേപവും കടുത്ത ആശങ്ക ആണ് വിവിധ കുടിയേറ്റ സമൂഹങ്ങളിൽ സൃഷ്ടിച്ചിരിക്കുന്നത്.
ഇത്തരം സംഭവങ്ങൾ ബ്രിട്ടനിലെ ഇന്ത്യക്കാരെ കടുത്ത സുരക്ഷാ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് . ഞങ്ങൾ നിയമാനുസൃത കുടിയേറ്റക്കാരാണെങ്കിലും കടുത്ത ആശങ്കയിലും പേടിയിലുമാണെന്നാണ് ലണ്ടനിൽ ജോലി ചെയ്യുന്ന ഇന്ത്യൻ യുവതി രാഷി പറഞ്ഞത് . 2021-ലെ സെൻസസ് പ്രകാരം ബ്രിട്ടനിൽ 19–20 ലക്ഷം ഇന്ത്യക്കാർ ജീവിക്കുന്നുണ്ടെന്നും, 2023-ൽ മാത്രം 2.5 ലക്ഷം പേർ തൊഴിൽ, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി എത്തിയതാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം ബ്രിട്ടീഷ് സർക്കാർ അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കുന്ന ഹോട്ടലുകൾ അടച്ചുപൂട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചു. കൂടാതെ, നിയമവിരുദ്ധമായി ഭക്ഷണ ഡെലിവറി ജോലികളിൽ ഏർപ്പെടുന്നവരെ കണ്ടെത്തുന്നതിനായി ഡെലിവറൂ, ജസ്റ്റ് ഈറ്റ്, ഉബർ ഈറ്റ്സ് തുടങ്ങിയ കമ്പനികളുമായി ചേർന്ന് വിവരങ്ങൾ പങ്കിടുന്ന സംവിധാനം ആരംഭിച്ചിട്ടുണ്ട്.
Leave a Reply