ബാല സജീവ് കുമാർ
ലോകജനതയെ ആകെ ഭീതിയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് കൊറോണ വൈറസ് മൂലമുള്ള സാംക്രമിക രോഗം കോവിഡ് – 19, വൈദ്യശാസ്ത്രത്തിനും നിലവിലെ ചികിത്സാ രീതികൾക്കും പരിമിതികൾ നിശ്ചയിച്ച് മരണം വിതച്ച് പടർന്ന് പിടിക്കുകയാണ്. ലോകരാജ്യങ്ങൾ അതിർത്തികൾ അടച്ചും, സാമൂഹിക അകലം പാലിക്കാൻ നിർദ്ദേശിച്ചും, ശുചിത്വപാലനവും, അന്യസമ്പർക്കമില്ലാതെ വീടുകളിൽ തന്നെ കഴിയാൻ നിർബന്ധമായി പ്രേരിപ്പിച്ചും, ജനങ്ങളെ സുരക്ഷാ മുൻകരുതലുകൾ എടുക്കാൻ ഉദ്ബോധിപ്പിച്ചും ഈ രോഗത്തെ പ്രതിരോധിക്കാൻ കിണഞ്ഞു ശ്രമിക്കുമ്പോൾ, ദിനം പ്രതി നാ ശ്രവിക്കുന്ന ആശ്വാസകരമല്ലാത്ത വാർത്തകൾ നമ്മളിൽ വളർത്തുന്നത് ഉത്ഖണ്ഠയും ആകാംക്ഷയുമാണ്.
യു കെ യിലെ സമൂഹത്തിന് പ്രാപ്യമായ രീതിയിൽ, നിസ്തുല സേവനം നൽകുന്ന യു കെ മലയാളികളുടെ ഏക പൊതു സംഘടനയായ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ 02070626688 എന്ന ഹെൽപ്പ്ലൈൻ നമ്പർ എല്ലാവർക്കും ആശ്വാസകരമാകുന്നുണ്ട് എങ്കിലും, ഇന്ത്യയിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഉറ്റവരെയും, ഉടയവരെയും അവരുടെ ക്ഷേമവും നമ്മുടെ മനസ്സിൽ ആധിയായി വളരുമ്പോൾ അതിന് അൽപ്പമെങ്കിലും ആശ്വാസമാകുന്ന തരത്തിലുള്ള പ്രാഥമിക ചുവടുവയ്പുമായി ഒരു കൂട്ടായ്മ രൂപം കൊള്ളുകയാണ്. യു കെ മലയാളികളുടെ പൊതു വ്യക്തിഗത കൂട്ടായ്മയായ യുണൈറ്റഡ് മലയാളി ഓർഗനൈസേഷനും, കെയറിംഗ് ഹാൻഡ്‌സ് ഇന്ത്യയും ചേർന്നുള്ള ഈ കൂട്ടായ്മയുടെ caringhandsindia.org എന്ന വെബ്‌സൈറ്റിലൂടെ യു കെ യിലെ പരസ്പര സഹായ സംരംഭത്തിന് പ്രാമുഖ്യം നൽകുന്നതോടൊപ്പം, വിവിധ ഭാഷകളിൽ പരിചയസമ്പന്നരായ ഡോക്ടർമാരുടെ ഉപദേശവും, പരിരക്ഷയും ഈ വെബ്സൈറ്റ് സേവനം ഉപയോഗിക്കുന്ന ഏതൊരാൾക്കും സൗജന്യമായി ലഭ്യമാക്കുകയാണ്.
www.caringhandsindia.org എന്ന വെബ്‌സെറ്റിൽ പ്രധാനമായും മൂന്ന് ലിങ്കുകളാണ് ഉള്ളത്. ഇതിൽ പ്രധാനമായും കേരളത്തിലും മറ്റുള്ള ഇടങ്ങളിലും ഉള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ക്ഷേമത്തെ പറ്റി ഉൽകണ്ഠ ഉള്ള ഏതൊരാൾക്കും ഗുണകരമാകുന്നത് coronacare എന്ന ലിങ്കാണ്. ഇത് ആയിരക്കണക്കിന് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും, ഒരു ലക്ഷത്തിലധികം ഹോസ്പിറ്റൽ ബെഡ് സൗകര്യവുമുള്ള കാത്തലിക്ക് ഹോസ്പിറ്റൽ അസോസിയേഷൻ ഇന്ത്യ അടക്കമുള്ള ആതുരസേവന രംഗത്തെ പ്രമുഖരെ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ശ്രമഫലമായി ഒന്നിപ്പിക്കുന്ന ജാലകമാണ്. വെബ് കോളിങ് സൗകര്യമുള്ള ഈ ലിങ്കിൽ നിങ്ങൾക്ക് താല്പര്യമോ ആരോഗ്യനിലയിൽ ആകാംക്ഷയോ ഉള്ള ആളുടെ പേര് വിവരങ്ങളും വിളിക്കാനുള്ള ഫോൺ നമ്പറും നൽകിയാൽ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ അവരെ വിളിച്ച് അവർക്ക് ആവശ്യമായ ആരോഗ്യപരമായ ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകുന്നതാണ്. നാട്ടിലുള്ള നമ്മുടെ ബന്ധുക്കളുടെയോ മാതാപിതാക്കളുടെയോ ആരോഗ്യനിലയിൽ ആകാംക്ഷയോ താല്പര്യമോ ഉള്ളവർക്ക് ആശ്വാസമേകുന്നതാണ് ഈ സംവിധാനം.
ആതുര സേവന രംഗത്ത് വിശ്വാസ്യമാർന്ന സേവനം പതിറ്റാണ്ടുകളായി ചെയ്തുകൊണ്ടിരിക്കുന്ന രാജഗിരി ഹോസ്പിറ്റൽ പോലുള്ള അനേകം സ്ഥാപനങ്ങളുടെ ഏകോപന ശ്രുംഖലയാണ് കെയറിംഗ് ഹാൻഡ്‌സ് ഇന്ത്യയുടെയും, യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെയും സഹകരണത്തോടെ നമ്മുടെ പ്രിയപ്പെട്ടവർക്കായി ഏക ജാലകത്തിൽ ഈ വെബ്‌സൈറ്റിലൂടെ ലഭ്യമാക്കുന്നത്. ഈ വെബ് സൈറ്റിൽ ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന യു കെ യിലെ പ്രമുഖ മലയാളി സംഘടനയായ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഫൈറ്റ് എഗൈൻസ്റ്റ് കോവിഡ്-19 ഹെൽപ്പ് ലൈൻ നമ്പറും സേവനങ്ങളും ഉൾക്കൊള്ളുന്ന ലിങ്കുകളും, അതിന് സഹായകമാകുന്ന സാങ്കേതിക വിദഗ്ദ്ധരുടെ സേവന ലിങ്കുകളും ഉണ്ട്.
ആദ്യത്തേത് നാൽപ്പതോളം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും, നേഴ്സ് സ്പെഷ്യലിസ്റ്റുകളും പൊതുവായ ഉപദേശങ്ങൾ നൽകുന്ന യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഹെൽപ്പ്ലൈൻ നമ്പറും, യു കെ മലയാളികൾക്കും, ഹെൽത്ത്കെയർ രംഗത്ത് ജോലി ചെയ്യുന്നവർക്കും വേണ്ട നിർദ്ദേശങ്ങളും ഉപദേശങ്ങളും അടങ്ങിയ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലേക്കുള്ള കണ്ണാടിയുമാണ്.
രണ്ടാമത്തേത്, ഗ്രൂപ്പ് മീറ്റിങ്ങുകൾക്കും, വീഡിയോ കോൺഫറൻസുകൾക്കും, ആധുനിക സാങ്കേതിക വിദ്യാ സഹായത്തോടെയുള്ള ഡോക്ടർ-രോഗീ കൂടിക്കാഴ്ച്ചക്കും, രോഗനിർണയ – ചികിത്സാ – പരിപാലനത്തിനും സാധ്യതയുള്ള ഉണർവ് ടെലിമെഡിസിന്റെ വിവരങ്ങളാണ്. യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ നേതൃത്വത്തിലുള്ള ക്ലിനിക്കൽ ഗ്രൂപ്പ്, പ്രൊഫഷണൽസ് ഗ്രൂപ്പ്, വോളന്റിയേഴ്സ് ഗ്രൂപ്പ് എന്നിവർ ചേരുന്ന യുകെയിലെ പരസ്പര സഹായ സംരംഭം ഗ്രൂപ്പ് മീറ്റിങ്ങുകൾക്കും, ഇതര ആവശ്യങ്ങൾക്കുമായി ഉപയോഗിച്ച് ഉത്തമമാണെന്ന് ഉറപ്പുവരുത്തിയ വെബ് പ്ലാറ്റ്‌ഫോമാണിത്.
ഈ വിഷമഘട്ടത്തിൽ, യു കെ യിൽ പൊതുവായ ഉപദേശങ്ങൾക്കോ, അന്യസമ്പർക്കമില്ലാതെ ജീവിക്കേണ്ടി വരുന്ന സാഹചര്യത്തിലുള്ള അത്യാവശ്യ സഹായങ്ങൾക്കോ യു കെ മലയാളികളുടെ പൊതു സംഘടനയായ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ 02070626688 എന്ന ഹെൽപ്പ് ലൈനിൽ വിളിക്കുക. കേരളത്തിലോ, ഇന്ത്യയിൽ എവിടെയെങ്കിലുമോ ഉള്ള ബന്ധുക്കളെയോ, സുഹൃത്തുക്കളെയോ ഓർത്ത് വിഷമിക്കുന്നു എങ്കിൽ caringhandsindia.org എന്ന വെബ്‌സൈറ്റിലെ ലിങ്കിലൂടെ അവരുടെ പരിചരണം വിശ്വസ്ത കരങ്ങളിൽ ഏൽപ്പിക്കുക. പകച്ചു നിൽക്കാതെ ഈ മഹാമാരിയെ ചെറുത്തു തോൽപ്പിക്കാൻ നമുക്ക് ഒന്നിക്കാം
Leave a Reply