സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയിൽ യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നിലവിൽ വന്നു . യുകെയിലുള്ള നിരവധിയായ അനവധിയായ മലയാളി സംഘടനകൾ പ്രാദേശികവും , ദേശീയവും , അന്തർദേശീയവുമായ പ്രവർത്തന ലക്ഷ്യങ്ങളുമായി നിലവിലുണ്ടെങ്കിലും , അവയിൽ അംഗത്വം എടുക്കുന്നതിനോ , പ്രവർത്തിക്കുന്നതിനോ , സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നതിനോ അവർ നിഷ്കർഷിക്കുന്ന മാനദണ്ഠങ്ങൾ അനുസരിച്ചുള്ള അംഗങ്ങൾക്ക് മാത്രമേ പറ്റുകയുള്ളൂ എന്നത് വസ്തുതയാണ്. പ്രാദേശികവും , ജാതിപരവും , രാഷ്ട്രീയപരവും , മതപരവുമായ ഈ സംഘടനകൾ യുകെയിലെ ഏതൊരു മലയാളിക്കും , മലയാണ്മയെ സ്നേഹിക്കുവാനും ഉൾക്കൊള്ളുവാനും കഴിയുന്നവർക്കും അന്യമാകുന്ന തരത്തിലുള്ള വിവേചനം ഉയർത്തിപ്പിടിക്കുന്ന സംഘടനകളാണ്.

യുകെ മലയാളികളുടെ ദുരവസ്ഥയിൽ കൈത്താങ്ങാകുമെന്ന പ്രതീക്ഷയോടെ രൂപീകരിക്കപ്പെട്ട ദേശീയ സംഘടന പോലും രാഷ്ട്രീയ വൽക്കരിക്കപ്പെട്ട് രൂപീകരണ സമയത്തെ പ്രഖ്യാപിത – പ്രതീക്ഷിത ലക്ഷ്യങ്ങളിൽ നിന്ന് വേർപെടുമ്പോൾ, യുകെയിലെ ഏതൊരു മലയാളിക്കും പങ്കെടുക്കാവുന്ന ഒരു പൊതു വേദി എന്ന ആശയം പ്രാവർത്തികമാക്കാൻ തുനിഞ്ഞിറങ്ങിയ യുകെയിലെ സംഘടനാ പ്രവർത്തനരംഗത്ത് പരിചയമുള്ള ഒരു കൂട്ടം ആൾക്കാരുടെ ഒത്തു ചേരലാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന് തുടക്കം കുറിച്ചത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിലുള്ള മലയാളിയോ , മലയാളി പിൻതലമുറക്കാരനോ , മലയാളത്തെ അറിയുന്നവരോ ആയ ഏതൊരാൾക്കും , അവരുടെ ജാതി – മത – രാഷ്ട്രീയ – പ്രാദേശിക – ജനിതക വ്യത്യാസമെന്യേ അംഗത്വമെടുക്കാവുന്ന ഒരു സംഘടന നിലവിൽ വരേണ്ടതിന്റെ ആവശ്യകത നോർത്താംപ്ടണിൽ വച്ച് ചേർന്ന പ്രാരംഭ യോഗത്തിൽ ചർച്ച ചെയ്യപ്പെടുകയും , അപ്രകാരമുള്ള ഒരു സംഘടന യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ എന്ന പേരിൽ രൂപീകരിക്കാൻ തീരുമാനിക്കുകയും ഉണ്ടായി. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 22 പേർ പങ്കെടുത്ത ആദ്യ യോഗത്തിൽ ഐക്യകണ്ഠമായി ഇപ്രകാരമൊരു സംഘടന രൂപീകൃതമാവുകയായിരുന്നു.

യുണൈറ്റഡ് മലയാളി ഓർഗനൈസേഷനിൽ ഏതൊരു മലയാളിക്കും അംഗത്വമെടുക്കാം, പരിപാടികളിൽ പങ്കെടുക്കാം , സംഘടന സംഘടിപ്പിക്കുന്ന കലാ – കായിക – സാംസ്കാരിക പരിപാടികളിൽ അംഗത്വമില്ലെങ്കിൽ പോലും പങ്കെടുക്കാം , ആവശ്യ സമയത്ത് അടിയന്തിര സഹായങ്ങൾക്കായി ബന്ധപ്പെടാം , എന്നിങ്ങനെ യുകെ മലയാളികൾ അവരുടേതായ സംഘടനയിൽ നിന്ന് പ്രതീക്ഷിക്കുന്നവ നൽകാൻ സന്നദ്ധമായ ഒരു പ്രവർത്തന രീതി വാർത്തെടുക്കുകയാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ പ്രവർത്തന ലക്‌ഷ്യം.

വിവേചനപരവും , രാഷ്ട്രീയ – ജാതി – മത താല്പര്യ പ്രേരിതവുമായ സംഘടനാ പ്രവർത്തനത്തിന് അറുതി വരുത്തിക്കൊണ്ട് , അവയെക്കാളുപരിയായി , ഏതൊരു മലയാളിക്കും സഹായകമാകുന്ന , അവന്റെ വീഴ്ചയിൽ അവനു കൈത്താങ്ങാകുന്ന യുണൈറ്റഡ് മലയാളി ഓർഗനൈസേഷനിലേക്ക് എല്ലാ യുകെ മലയാളികളെയും സ്വാഗതം ചെയ്യുന്നു. അംഗത്വം , പ്രവർത്തന പരിപാടികൾ , രെജിസ്ട്രേഷൻ തുടങ്ങിയ കാര്യങ്ങൾ ഇതിനോടകം അനുഭാവമറിയിച്ച , ക്ഷണിക്കപ്പെടുന്ന വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ ഏപ്രിൽ 26 ന് നോർത്താംപ്ടണിൽ വച്ച് ചേരുന്ന യോഗത്തിൽ തീരുമാനിച്ച് അറിയിക്കുന്നതാണ്.