ന്യൂസ് ഡെസ്ക് , മലയാളം യുകെ
മാർച്ച് ആദ്യവാരമാണ് യുകെയിൽ യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നിലവിൽ വന്നത് . യുകെയിൽ പ്രാദേശികവും , ദേശീയവും , അന്തർദേശീയവുമായ നിരവധി മലയാളി സംഘടനകൾ നിലവിലുണ്ടെങ്കിലും അവയിൽ അംഗത്വം എടുക്കുന്നതിനോ, പ്രവർത്തിക്കുന്നതിനോ , സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നതിനോ അവർ നിഷ്കർഷിക്കുന്ന മാനദണ്ഠങ്ങൾ അനുസരിച്ചുള്ള അംഗങ്ങൾക്ക് മാത്രമേ പറ്റുകയുള്ളൂ. പ്രാദേശികവും ,രാഷ്ട്രീയപരവും , മതപരവുമായ ഈ സംഘടനകളുടെ പ്രവർത്തനങ്ങൾ യുകെയിലെ പല മലയാളിക്കും അന്യമാകുന്ന സാഹചര്യത്തിലാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നിലവിൽ വന്നത് . യുകെയിലുള്ള എല്ലാ മലയാളികൾക്കും അവരുടെ ജാതി – മത – രാഷ്ട്രീയ – പ്രാദേശിക വ്യത്യാസമന്യേ അംഗത്വമെടുക്കാവുന്ന ഒരു സംഘടനയാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ. എല്ലാത്തിലും ഉപരിയായി യുകെയിലുള്ള എല്ലാ മലയാളികൾക്കും കൈത്താങ്ങാകുക എന്നുള്ളതാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ പ്രഖ്യാപിത ലക്‌ഷ്യം.
രൂപീകൃതമായി ഒരാഴ്ചക്കുള്ളിൽ തന്നെ കൊറോണയെ പ്രതിരോധിക്കാൻ യുകെയിലെ മലയാളി ഡോക്ടർമാരെയും നഴ്സുമാരെയും ഏകോപിപ്പിച്ച് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നടത്തിയ പ്രവർത്തനം വൻ വിജയമായി. ഏതൊരു യുകെ മലയാളിയ്ക്കും പ്രാപ്യമാകുന്നതരത്തിൽ അവർക്കു സഹായകമായ വിവരങ്ങൾ ഫോണിലൂടെ നൽകുന്ന സംവിധാനത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത് .ഐസൊലേഷനിൽ വീടുകളിൽ കഴിയേണ്ടിവരുന്ന യുകെ മലയാളികൾക്ക് തുണയായി ആവശ്യ സാധനങ്ങളും ,മരുന്നുകളും എത്തിച്ചുകൊടുക്കുന്നതും ഇതിന്റെ ഭാഗമായിട്ടുണ്ട്. തുടക്കമിട്ട ദിവസം തന്നെ 90-ൽ അധികം സന്നദ്ധ പ്രവർത്തകർ യു എം ഒ യുമായി കൈകോർത്തത് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന് അഭിമാനിക്കാവുന്ന നേട്ടമാണ് .
കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി യു കെ മലയാളികൾക്ക് മൂന്നു തരത്തിലുള്ള സേവനങ്ങളാണ് സന്നദ്ധ സേവ അംഗങ്ങൾ നൽകുന്നത്.ആദ്യത്തേത് ക്ലിനിക്കൽ അഡ്വൈസാണ്. ഡോ.സോജി അലക്സിന്റെ നേതൃത്വത്തിലുള്ള മുപ്പതിലധികം ഡോക്ടർമാർ, നഴ്‌സ്, സാമൂഹ്യ പ്രവർത്തകർ സഹായഹസ്തവുമായി നമ്മോടൊപ്പമുണ്ട് . രണ്ടാമത്തേത് ഇമോഷണൽ സപ്പോർട്ടാണ്.രോഗം സ്ഥിതീകരിച്ചവരോ സംശയിക്കപ്പെടുന്നവരോ ആയവർക്ക് മാനസികമായ ധൈര്യം പകർന്നു കൊടുക്കുന്നതിനുള്ള ശ്രമമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. മൂന്നാമത്തേതായി ഐസൊലേഷനിൽ കഴിയുന്ന യുകെ മലയാളികൾക്ക് എന്താവശ്യവും എത്തിച്ചുകൊടുക്കാൻ സഹായിക്കുന്ന ഒരു ടീമിനെ സജജമാക്കുക എന്നുള്ളതാണ്.
കൊറോണ വൈറസുമായി ബന്ധപ്പെട്ട് മലയാളികൾക്കുണ്ടാകുന്ന നിയമപ്രശ്നങ്ങൾക്കു സൗജന്യ നിയമസഹായം നൽകുവാൻ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ യുകെയിലെ ഒരു പറ്റം മലയാളി അഭിഭാഷകർ രംഗത്തു വന്നു കഴിഞ്ഞു. ഇപ്പോൾ യുകെ മലയാളികൾക്ക് എമിഗ്രേഷനുമായും ജോലിയുമായും ബിസിനസ്സും ആയി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു സൗജന്യ നിയമസഹായം നല്കാൻ ഈ ലീഗൽ സെല്ലിന് കഴിയും. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നാട്ടിലേയ്ക്ക് തിരികെ പോകാൻ കഴിയാതെ ബുദ്ധിമുട്ടുന്ന മാതാപിതാക്കളുള്ള മലയാളി കുടുംബങ്ങൾ , വിസ തീർന്നതിന്റെ പേരിൽ കഷ്‌ടപ്പെടുന്ന മലയാളി വിദ്യാർത്ഥികൾ , ജോലി നഷ്‌ടപ്പെട്ടതിന്റെ പേരിൽ ബുദ്ധിമുട്ടുന്ന മലയാളികൾ , കൊറോണ പടർന്നു പിടിച്ചതിന്റെ പേരിൽ ബിസ്സിനസ്സ് നഷ്‌ടപ്പെട്ട മലയാളി ബിസ്സിനസ്സുകാർ തുടങ്ങിയവർക്കൊക്കെ ഈ സൗജന്യ നിയമ ഉപദേശം വളരെയധികം ആശ്വാസകരമാകും എന്ന് ഉറപ്പാണ് .
യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ 02070626688 എന്ന ഈ ഹെൽപ്പ് ലൈൻ നമ്പറിലേയ്ക്ക് അനേകം മലയാളികളാണ് ദിനംപ്രതി വിളിക്കുന്നത് .
യുകെ മലയാളികൾക്കു എന്തിനും ഏതിനും കൈത്താങ്ങായി യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നമ്മോടൊപ്പം എന്നുമുണ്ട്.
Leave a Reply