ന്യൂസ് ഡെസ്ക്, മലയാളം യുകെ
സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള ആരോപണങ്ങളുടെ പേരിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചതോടെ ഗ്രേറ്റർ മാഞ്ചസ്റ്റർ സർവകലാശാല വൈസ് ചാൻസലറെയും മറ്റ് രണ്ട് ജീവനക്കാരെയും സസ്‌പെൻഡ് ചെയ്തു. പ്രൊഫ. ജോർജ്ജ് ഹോംസിൻ ആണ് ആരോപണം നേരിടുന്നത്. അദ്ദേഹം കഴിഞ്ഞ 20 വർഷമായി വൈസ് ചാൻസിലർ ഉൾപ്പെടെയുള്ള ഉയർന്ന തസ്തികകളിൽ പ്രവർത്തിച്ചു വരുകയാണ്.
ബോൾട്ടൻ യൂണിവേഴ്സിറ്റി എന്നാണ് നിലവിൽ ഗ്രേറ്റർ മാഞ്ചസ്റ്റർ സർവകലാശാല അറിയപ്പെടുന്നത്. ഈ സസ്പെൻഷൻ ഒരു മുൻകരുതൽ നടപടിയാണെന്നും ആരോപണ വിധേയൻ കുറ്റം ചെയ്തതായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും സർവകലാശാല അറിയിച്ചു . ഏകദേശം 11,000 വിദ്യാർത്ഥികൾ പഠിക്കുന്ന സർവകലാശാല ആരോപണങ്ങൾക്ക് കാരണമായ സംഭവങ്ങളെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഗ്രേറ്റർ മാഞ്ചസ്റ്റർ സർവകലാശാലയിലെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങളിൽ അന്വേഷണം ആരംഭിച്ചതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് വക്താവ് പറഞ്ഞു.
വൈസ് ചാൻസിലർ സസ്പെൻഷൻ ആയതിനെ തുടർന്ന് ആക്ടിംഗ് വൈസ് ചാൻസിലർ ആയി ഡോ. ഗ്രെഗ് വാക്കറെ നിയമിച്ചിട്ടുണ്ട്. സാമ്പത്തിക ആരോപണങ്ങളെ കൂടാതെ വംശീയത, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങളും സസ്പെൻഷൻ ആയവർ നേരിടുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അന്വേഷണത്തെ അതിൻറെ വഴിക്ക് പോകാൻ അനുവദിക്കണമെന്നും സർവ്വകലാശാല അതിൻറെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ബോൾട്ടണിലെ ജനങ്ങൾക്കും സമൂഹത്തിനും ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ഇടപെടുമെന്നും ബോൾട്ടൺ വെസ്റ്റിലെ ലേബർ എംപിയായ ഫിൽ ബ്രിക്കൽ പറഞ്ഞു.
Leave a Reply