കുടിയേറ്റക്കാര്‍ക്ക് എന്‍എച്ച്എസ് ചികിത്സ സൗജന്യമായി നല്‍കരുതെന്നും ബ്രിട്ടന്‍ ഇസ്ലാമികവത്കരിക്കപ്പെടുകയാണെന്നും വാദിച്ച വിദ്യാര്‍ത്ഥിയെ യൂണിവേഴ്‌സിറ്റി സസ്‌പെന്‍ഡ് ചെയ്തു. സെബാസ്റ്റ്യന്‍ വാല്‍ഷ് എന്ന 19 കാരനെയാണ് ക്ലാസ് ചര്‍ച്ചക്കിടെ ഈ വാദങ്ങള്‍ ഉന്നയിച്ചതിന് യൂണിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ ലങ്കാഷയര്‍ സസ്‌പെന്‍ഡ് ചെയ്തത്. യുകിപ് അംഗമായ സെബാസ്റ്റ്യനെതിരെ നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് യൂണിവേഴ്‌സിറ്റിയുടെ നടപടി. ഹലാല്‍ മാംസം പ്രാകൃതമാണെന്നും ഈ രീതിയില്‍ മൃഗങ്ങളെ കൊല്ലുന്നത് മനുഷ്യത്വ വിരുദ്ധമാണെന്നും സെബാസ്റ്റ്യന്‍ വാദിക്കുന്നു. ഹലാല്‍ ഭക്ഷണം വിതരണം ചെയ്യുന്ന സബ് വേ, കെഎഫ്‌സി എന്നിവിടങ്ങളില്‍ നിന്ന് താന്‍ ഇനി ഭക്ഷണം കഴിക്കില്ലെന്നും ഇയാള്‍ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യൂണിവേഴ്‌സിറ്റിയുടെ നടപടി മനുഷ്യാവകാശ ലംഘനമാണെന്നാണ് സെബാസ്റ്റ്യന്‍ പ്രതികരിച്ചത്. ക്ലാസിനിടയിലെ ഇടവേളയിലുണ്ടായ സംഭവമാണ് ഇതിന് ആധാരമായതെന്ന് സെബാസ്റ്റ്യന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെല്ലാവരും പുതിയ ആളുകളായിരുന്നതിനാല്‍ മറ്റൊരു ടേബിളിലെത്തി അവരുമായി സംസാരിക്കാന്‍ താന്‍ ശ്രമിച്ചു. ടേക്ക് എവേകളില്‍ നാം കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചായി സംസാരം. എന്നാല്‍ ഒരു സംവാദത്തിനായിരുന്നില്ല താന്‍ അവിടേക്ക് പോയത്. ഹലാല്‍ രീതിയില്‍ മൃഗങ്ങളെ കൊല്ലുന്നതിനാല്‍ സബ് വേ, കെഎഫ്‌സി എന്നിവിടങ്ങളില്‍ നിന്ന് താന്‍ ഭക്ഷണം കഴിക്കാറില്ലെന്ന് പറഞ്ഞു. മതത്തിന്റെ പേരില്‍ മൃഗങ്ങളെ പ്രാകൃതമായി കൊല്ലുന്നതിനോട് തനിക്ക് യോജിക്കാന്‍ കഴിയില്ല. മറ്റൊരു ചര്‍ച്ചയില്‍ എന്‍എച്ച്എസിന്റെ സ്വകാര്യവത്കരണമായിരുന്നു വിഷയം. കുടിയേറ്റക്കാര്‍ക്ക് സൗജന്യ ചികിത്സ നല്‍കേണ്ടതില്ല എന്നാണ് അതില്‍ താന്‍ അഭിപ്രായം പ്രകടിപ്പിച്ചത്.

ഓരോ വിഷയത്തിലും ജനങ്ങള്‍ക്ക് പല അഭിപ്രായങ്ങളുമുണ്ടാകും. അവ സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ കഴിയണമെന്നാണ് തന്റെ അഭിപ്രായം. എന്നാല്‍ തന്നെ പൂര്‍ണ്ണമായും കുറ്റക്കാരനാക്കുകയായിരുന്നു യൂണിവേഴ്‌സിറ്റിയെന്ന് സെബാസ്റ്റ്യന്‍ പറയുന്നു. അതേസമയം, ഗുഡ് കോണ്‍ഡക്റ്റ് എഗ്രിമെന്റില്‍ ഒപ്പു വെക്കുകയും ഡൈവേഴ്‌സിറ്റി ട്രെയിനിംഗ് കോഴ്‌സില്‍ പങ്കെടുക്കുകയും ചെയ്താല്‍ സെപ്റ്റംബര്‍ മുതല്‍ സെബാസ്റ്റ്യന് പഠനം തുടരാമെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചു. ഇതിന് ഒരുക്കമല്ലെന്നാണ് സെബാസ്റ്റ്യന്‍ വ്യക്തമാക്കിയത്. അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം മനുഷ്യാവകാശമാണ്. ആ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് സെബാസ്റ്റ്യന്‍ പറഞ്ഞു.