ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ യൂണിവേഴ്സിറ്റി പഠനത്തിന്റെ ചിലവ് കുതിച്ചുയരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. അടുത്തവർഷം ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഫീസ് 9535 പൗണ്ട് ആയി വർദ്ധിപ്പിക്കാൻ തീരുമാനമായി. അണ്ടർ ഗ്രാജുവേറ്റ് ട്യൂഷൻ ഫീ ആണ് പ്രതിവർഷം 9535 പൗണ്ട് ആയി വർധിപ്പിക്കുന്നത്. നിലവിലെ ഫീസ് ആയ 9250 പൗണ്ട് നിലവിൽ വന്നത് 2017 -ൽ ആണ്. നിലവിലെ ഫീസിൽ നിന്ന് 285 പൗണ്ടിന്റെ വർദ്ധനവ് യൂണിവേഴ്സിറ്റി പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫീസ് വർദ്ധനവിന് ചുവടുപിടിച്ച് ജീവിതച്ചെലവ് നിയന്ത്രിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് മെയിൻ്റനൻസ് ലോണുകളും വർദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ തിങ്കളാഴ്ച പാർലമെൻ്റിൽ എംപിമാരോട് പറഞ്ഞു. നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡൻ്റ്സ് ട്യൂഷൻ ഫീ വർദ്ധനവ് വിദ്യാർത്ഥികൾക്ക് കടുത്ത ഭാരം സൃഷ്ടിക്കുമെന്ന വിമർശനമാണ് ഉന്നയിച്ചത് . എന്നാൽ മെയിൻറനൻസ് ലോണുകൾ വർദ്ധിപ്പിക്കാനുള്ള നീക്കം ദരിദ്രരായ വിദ്യാർഥികൾക്ക് ആശ്വാസകരമായിരിക്കുമെന്ന അഭിപ്രായം പൊതുവെ ഉയർന്നുവന്നിട്ടുണ്ട് . നിലവിൽ ഫീസ് വർദ്ധനവ് 2025 – 26 അധ്യയന വർഷത്തിലേയ്ക്ക് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. തുടർ വർഷങ്ങളിൽ സർക്കാരിൻറെ പദ്ധതികൾ എന്താണെന്നതിനെ കുറിച്ച് കൂടുതൽ വ്യക്തത വന്നിട്ടില്ല. വരും ദിവസങ്ങളിൽ സർവകലാശാലകളുടെ സാമ്പത്തിക സുസ്ഥിരതയ്ക്കായി ഗവൺമെൻറ് കൂടുതൽ പരിഷ്കാരങ്ങൾ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ പറഞ്ഞു.

2020ലെ പൊതു തിരഞ്ഞെടുപ്പിൽ ട്യൂഷൻ ഫീ പൂർണ്ണമായും നിർത്തലാക്കണമെന്ന അഭിപ്രായമായിരുന്നു ഇപ്പോഴത്തെ പ്രധാനമന്ത്രി കെയർ സ്റ്റാർമാർ അന്ന് പ്രകടിപ്പിച്ചിരുന്നത് . നിലവിലെ ഫീസ് വർദ്ധനവ് അന്നത്തെ പ്രഖ്യാപനത്തിൽ നിന്നുള്ള വൻ തിരിച്ചു പോക്കാണെന്ന വിമർശനം ട്യൂഷൻ ഫീസ് വർദ്ധനവിന്റെ കാര്യത്തിൽ സർക്കാർ നേരിടേണ്ടി വരും. ഉയർന്ന ട്യൂഷൻ ഫീ വിദ്യാർത്ഥികളെ സർവകലാശാല പഠനത്തിൽ നിന്ന് പിന്നോക്കം വലിക്കും എന്ന് അഭിപ്രായവും ശക്തമായി ഉയർന്നു വരുന്നുണ്ട്. യുകെയിൽ ദിനംപ്രതി ഉയർന്നു വരുന്ന ജീവിത ചിലവ് വർദ്ധനവിന്റെ കൂട്ടത്തിൽ ട്യൂഷൻ ഫീ വർദ്ധനവ് കടുത്ത പ്രതിസന്ധിയാക്കുമെന്ന് പല വിദ്യാർത്ഥികളും അഭിപ്രായപ്പെട്ടു . ഒട്ടേറെ മലയാളി വിദ്യാർഥികളാണ് യുകെയിൽ പഠനത്തിനായി എത്തുന്നത്. ട്യൂഷൻ ഫീ വർദ്ധനവ് യുകെയിൽ പഠനത്തിനായി എത്തുന്ന വിദേശ വിദ്യാർത്ഥികളെയും പ്രതികൂലമായി ബാധിക്കും.