സീനിയർ കോർട്ട് ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ സോളിസിറ്ററാണ് ബൈജു വർക്കി തിട്ടാല. യുകെയിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ലേഖകൻ കേംബ്രിഡ്ജ് സിറ്റി കൗൺസിലറാണ്.
എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞ് ജീവനക്കാരന്റെ ശമ്പളത്തില്‍ കൈയിട്ടു വാരുന്ന സ്ഥാപന ഉടമകളുണ്ട്. ചില സ്ഥാപനങ്ങളില്‍ ജോലി ചെയ്താല്‍ ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ശമ്പളത്തിന്റെ നാലിലൊന്ന് ഭാഗം തൊഴില്‍ദാതാവിന്റെ പോക്കറ്റിലെത്തും. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അത് നിയമ വിരുദ്ധമാണ്. ജീവനക്കാരന്റെ ശമ്പളത്തില്‍ കൈവെക്കാന്‍ തൊഴിലുടമക്ക് യാതൊരു അവകാശമില്ല.
നാഷണല്‍ ഇന്‍ഷ്വറന്‍സ്, ടാക്‌സ് പോലുള്ള തുക ശമ്പളത്തില്‍ നിന്ന് കുറക്കുന്നതിന് പോലും ജീവനക്കാരന്റെ മുന്‍കൂര്‍ അനുമതി വേണം. അടുത്തയിടെ ഉണ്ടായ ഒരു സംഭവം. ഏഷ്യക്കാരന്റെ ഹോട്ടലില്‍ ജീവനക്കാര്‍ ഉപയോഗിക്കുന്ന ടോയിലറ്റില്‍ പേപ്പര്‍ വീണ് ബ്ളോക്കായി. ടോയ്‌ലറ്റ് നന്നാക്കുന്നതിനുള്ള തുക ജീവനക്കാരില്‍ നിന്ന് പിടിക്കാനായി ഹോട്ടലുടമയുടെ നീക്കം. പക്ഷേ നിയമവിരുദ്ധമായ നടപടിയെ ചോദ്യം ചെയ്യാന്‍പോലുമുള്ള ധൈര്യം ജീവനക്കാര്‍ക്ക് ഉണ്ടായിരുന്നില്ല. ഹോട്ടല്‍ ഉടമ നല്‍കിയ വര്‍ക്ക് പെര്‍മിറ്റില്‍ ജോലി ചെയ്യുന്നതുകൊണ്ട് ആ സംഭവത്തെ ചോദ്യം ചെയ്യാന്‍പോലും ജീവനക്കാര്‍ക്ക് കഴിഞ്ഞില്ല. അവിടെതന്നെ ജോലി ചെയ്തിരുന്ന ചില ഇംഗ്ലീഷുകാര്‍ സംഭവം അറിഞ്ഞതോടെ സാലറിയില്‍ നിന്ന് പിടിക്കാനുള്ള നീക്കം ഹോട്ടല്‍ ഉടമ ഉപേക്ഷിച്ചു.
ഇതു തന്നെയാണ് പല നേഴ്‌സിങ് ഹോമുകളിലെയും സ്ഥിതി. പല കാരണങ്ങള്‍ പറഞ്ഞ് ചിലര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ കൈവെക്കുന്നു. തീര്‍ത്തും നിയമവിരുദ്ധമായ നടപടിയാണത്. അണ്‍ലോഫുള്‍ ഡിഡക്ഷന്‍സ് എന്നാണ് ഇത്തരം നിയമ വിരുദ്ധ കട്ടിങ്ങിനെ പറയുന്നത്. എംപ്ലോയ്‌മെന്റ് ട്രൈബൂണലില്‍ എത്തുന്ന പരാതികളുടെ സംഖ്യയില്‍ രണ്ടാം സ്ഥാനം നിയമവിരുദ്ധ സാലറി ഡിഡക്ഷനാണ്. നമ്മള്‍ മലയാളികള്‍ ഇത്തരം കട്ടിനെതിരേ എവിടെയും പോകാറില്ല. എന്നാല്‍ മറ്റുള്ളവര്‍ ഇത് വിട്ടുകൊടുക്കാറില്ല.
ബോണസും ഹോളിഡേപേയും അതുപോലുള്ള മറ്റ് ആനുകൂല്യങ്ങളും കമ്മീഷനും ശമ്പളത്തിന്റെ ഭാഗമാണ്. ഇവ കൃത്യമായി കരാറില്‍ പറഞ്ഞിരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. 2005ല്‍ ഉണ്ടായ ഒരു സുപ്രാധന കേസ് വിവരിക്കാം. ഒരു ജീവനക്കാരന്‍ ജോലിക്ക് ചേരുമ്പോള്‍ ബോണസ് നല്‍കുമെന്ന് തൊഴില്‍ ദാതാവ് വാക്കാല്‍ പറഞ്ഞിരുന്നു. എന്നാല്‍ കരാറില്‍ അത് വ്യക്തമാക്കിയിരുന്നില്ല. പിന്നീട് തൊഴില്‍ ദാതാവ് ബോണസ് നല്‍കാമെന്ന വാക്ക് പാലിച്ചില്ല. ഇതിനെതിരേ ട്രൈബൂണലിനെ സമീപിച്ചപ്പോള്‍ വാക്ക് അനുസരിച്ചുള്ള ബോണസ് നല്‍കാന്‍ ട്രൈബൂണല്‍ ഉത്തരവിട്ടു. അതുപോലെ തന്നെ ജീവനക്കാരുടെ അവകാശമാണ് ആനുവല്‍ ലീവ്. അത് തടയാന്‍ തൊഴില്‍ദാതാവിന് അവകാശമില്ല.
അതുപോലെ മറ്റൊരു കേസുകൂടി . ഇത് 1993 ല്‍ ട്രൈബൂണല്‍ തീര്‍പ്പാക്കിയതാണ്. ഒരു സ്ഥാപനത്തില്‍ സ്‌റ്റോക്കില്‍ കുറവ് കണ്ടെത്തി. മാനേജരുടെ ശമ്പളത്തില്‍ നിന്ന് ഇരുപതുമാസം കൊണ്ട് തുക തിരികെ പിടിക്കാന്‍ മാനേജരും തൊഴില്‍ ദാതാവും തമ്മില്‍ ധാരണയായി. എന്നാല്‍ അതിന് ശേഷവും സ്‌റ്റോക്കില്‍ കുറവ് കണ്ടതിനെ തുടര്‍ന്ന് മാനേജരുടെ ശമ്പളത്തില്‍ നിന്ന് വീണ്ടും കട്ട് ചെയ്തു. അതിന് മാനേജര്‍ അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് കേസ് ട്രൈബൂണലില്‍ എത്തി. രണ്ടാമത്തെ ശമ്പളത്തില്‍ നിന്നുള്ള കട്ട് നിയമവിരുദ്ധമാണെന്നായിരുന്നു വിധി.
പൊതുജനങ്ങള്‍ക്ക് നേരിട്ട് സാധനമോ സേവനമോ നല്‍കുന്ന ജീവനക്കാരുടെകാര്യത്തില്‍, പണത്തില്‍ കുറവു വന്നാല്‍ അനുമതിയോടുകൂടി പത്തു ശതമാനം തിരിച്ച് പിടിക്കാമെന്ന് വ്യവസ്ഥയുണ്ട്. അതായത് പെട്രോള്‍ പമ്പിലോ കടയിലോ ജോലി ചെയ്യുന്നവര്‍ പണം കൈകാര്യം ചെയ്യുന്നപക്ഷം, വൈകുന്നേരം പണം എണ്ണുമ്പോള്‍ കണ്ടെത്തുന്ന കുറവ് ശമ്പളത്തില്‍ നിന്ന് ചില സ്ഥാപനങ്ങള്‍ പിടിക്കാറുണ്ട്. എന്നാല്‍ ഇത്തരം കുറവ് മൂഴുവന്‍ ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്ന് കുറക്കരുതെന്നാണ് നിയമം. അതായത് ഒരു ദിവസത്തെ മൊത്തം ശമ്പളത്തിന്റെ പത്തുശതമാനമാണ് കൗണ്ടറില്‍ കുറഞ്ഞു എന്ന കാരണംകൊണ്ട് പിടിക്കാവുന്നത്. അതിനും ജീവനക്കാരന്റെ അനുമതി ലഭിച്ചിരിക്കണം. ട്രാവല്‍ ഏജന്‍സികളില്‍ ടിക്കറ്റ് വില്‍ക്കുന്നയാളെ കബളിപ്പിക്കുമ്പോള്‍ ടിക്കറ്റ് വിറ്റവന്റെ ശമ്പളത്തില്‍ നിന്ന് മുഴുവന്‍ കട്ട് ചെയ്യുന്നവരുണ്ട്. അത് തെറ്റാണെന്ന് സാരം.
Leave a Reply