ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുകെയിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന ആളുകളുടെ എണ്ണം വർദ്ധിക്കുകയാണ്. സഹായം തേടാനായി പലരും കൗൺസിലിംഗ് സേവനങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. എന്നാൽ ഓൺലൈനിൽ ചികിത്സ നൽകുന്ന പല തെറാപ്പിസ്റ്റുകളും അതിന് യോഗ്യരല്ലെന്നും അവർ രോഗികളെ ചൂഷണം ചെയ്യുകയാണെന്നുമുള്ള വാർത്ത പുറത്തുവന്നു. മെന്റൽ ഹെൽത്ത് ചാരിറ്റി മൈൻഡിന്റെ കണക്കുകൾ പ്രകാരം, നിലവിൽ 16 ലക്ഷം ആളുകൾ മാനസികാരോഗ്യ ചികിത്സയ്ക്കായി കാത്തിരിക്കുകയാണ്. കൃത്യമായ യോഗ്യതയോ പരിശീലനമോ കൂടാതെ ‘തെറാപ്പിസ്റ്റ് ‘ എന്ന പേര് എടുത്തണിയുന്നവരാണ് ഏറെയും.
മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്ന ജനങ്ങളിൽ അവബോധമുണ്ടാക്കേണ്ടത് അത്യാവശ്യമാണെന്ന് ബ്രിട്ടീഷ് അസോസിയേഷൻ ഫോർ കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പി (BACP) വ്യക്തമാക്കി. സ്വകാര്യമായി ചികിത്സ തേടുകയാണെങ്കിൽ, യുകെ കൗൺസിൽ ഫോർ സൈക്കോതെറാപ്പി, ബ്രിട്ടീഷ് അസോസിയേഷൻ ഫോർ കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പി പോലുള്ള പ്രൊഫഷണൽ ബോഡിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തെറാപ്പിസ്റ്റുകളെ സമീപിക്കണമെന്ന് പ്രൊഫഷണൽ സ്റ്റാൻഡേർഡ് മേധാവി കരോലിൻ ജെസ്പർ അറിയിച്ചു. തെറാപ്പിസ്റ്റുകൾ ശരിയായ യോഗ്യതയുള്ളവരാണെന്ന് ഉറപ്പാക്കേണ്ടത് രോഗികളാണ്. തെറാപ്പിസ്റ്റിന്റെ യോഗ്യതയെയും അനുഭവത്തെയും കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കാവുന്നതാണ്. സുരക്ഷിതവും വിശ്വാസയോഗ്യവുമായ ചികിത്സാ ബന്ധം സൃഷ്ടിക്കുന്നത് വളരെ പ്രധാനമാണെന്ന് ജെസ്പർ വിശദമാക്കി.
ഇൻസ്റ്റാഗ്രാം വഴിയും മറ്റ് സമൂഹ മാധ്യമങ്ങൾ വഴിയും ഇത്തരം വ്യാജ തെറാപ്പിസ്റ്റുകൾ ധാരാളം രോഗികളെ ചൂഷണം ചെയ്യുന്നുണ്ട്. ഫോണിലൂടെ പല രീതിയിലാണ് ചികിത്സ നടത്തുന്നത്. 15 മിനിറ്റുള്ള പ്രാരംഭ സെഷന് 200 പൗണ്ട് ആണ് ഈടാക്കുന്നത്. 50 മിനിറ്റ് ദൈർഘ്യമുള്ള ആറ് ഫോൺ സെഷനുകൾക്കായി 1,200 പൗണ്ട് ഈടാക്കി. യൂണിവേഴ്സിറ്റി വിദ്യാർത്ഥി ആയിരിക്കെ മാനസിക പ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് ഓൺലൈനിൽ ചികിത്സ തേടിയ ജേക്ക് എന്ന യുവാവാണ് ഇത് വെളിപ്പെടുത്തിയത്. ആദ്യത്തെ രണ്ട് സെഷനുകൾ മികച്ചതായിരുന്നുവെങ്കിലും പിന്നീടുള്ള സെഷനുകൾ 20 മിനിറ്റാക്കി വെട്ടിച്ചുരുക്കി. ഇതിലൂടെ താൻ വഞ്ചിക്കപ്പെട്ടെന്നും പണം നഷ്ടമായെന്നും ജേക്ക് വെളിപ്പെടുത്തി.
Leave a Reply