കേന്ദ്രഭരണം ആർക്കെന്ന് നിശ്ചയിക്കുന്നതിൽ ഉത്തർപ്രദേശിലേക്കാണ് രാഷ്ട്രീയ നിരീക്ഷകർ ആദ്യം നോക്കുന്നത്. മറ്റ് എവിടെ ബിജെപി മുന്നേറിയാലും യുപിയിൽ ബിജെപി തകരുമെന്നായിരുന്നു ഇത്തവണ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എന്നാൽ മോദിയും രാജ്നാഥ് സിങ്ങും ഉൾപ്പെടെയുള്ള പ്രമുഖർ മത്സരിക്കുന്ന യുപിയിൽ ബിജെപിയുടെ അടിത്തറ ഇളകിയിട്ടില്ലെന്നാണ് ഇപ്പോൾ മനസ്സിലാകുന്നത്. എസ്പി–ബിഎസ്പി സഖ്യം യുപി തൂത്തുവാരുമെന്നായിരുന്നു കണക്കുകൂട്ടലുകളും ചില എക്സിറ്റ് പോളുകളും.
യുപിയിൽ നഷ്ടം വരുമെന്നായിരുന്നു ബിജെപിയുടെയും കണക്കുകൂട്ടൽ. യുപി ഉൾപ്പെടെ ഉത്തരേന്ത്യയിലെ സീറ്റുനഷ്ടം ദക്ഷിണേന്ത്യയിലും ബംഗാളിലും ഒഡിഷയിലുമായി നികത്തുമെന്നു ബിജെപി അധ്യക്ഷൻ അമിത് ഷാ അഭിമുഖങ്ങളിൽ ആവർത്തിച്ചു. പക്ഷേ, ബിജെപിയെപ്പോലും അമ്പരപ്പിച്ചു യുപിയിൽ പാർട്ടി ഇളകാതെ നിൽക്കുന്നു. 2014ലെ തരംഗത്തിന്റെ അത്രയില്ലെങ്കിലും അറുപതോളം സീറ്റുകളിൽ ബിജെപി മുന്നിലാണ്.
കഴിഞ്ഞ തവണ 73 സീറ്റുകളാണ് ബിജെപി നേടിയത്. ബിഎസ്പി– എസ്പി സഖ്യം ഇത്തവണ ബിജെപിയെ മറികടക്കുമെന്നായിരുന്നു പ്രവചനം. ബിഎസ്പി കഴിഞ്ഞ തവണ ഒരുസീറ്റു പോലും നേടിയില്ലായിരുന്നു. എന്നാൽ, ഇത്തവണ എട്ട് സീറ്റുകളിൽ മുന്നിലാണ്. കഴിഞ്ഞ തവണ അഞ്ച് സീറ്റുകൾ നേടിയ എസ്പി ഏഴ്സീറ്റുകൾ മുന്നിട്ട് നിൽക്കുന്നു. കോൺഗ്രസ് റായ്ബറേലിയിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്.
Leave a Reply