വീട്ടിലെ ഓമനമൃഗത്തെ കുടുംബത്തിലെ ഒരംഗമായിട്ടാണ് മിക്കവരും കാണുക. ആ വളർത്തുമൃഗത്തിന്റെ മരണം വലിയ ശൂന്യതയാണ് ചിലരുടെ ജീവിതത്തിലുണ്ടാക്കുക. വേണ്ടപ്പെട്ട ഒരാൾ നഷ്ടപ്പെട്ട വേദന എന്നും ഉള്ളിൽ പേറുന്ന ഒട്ടനേകം പേരുണ്ടാകു. ഇപ്പോഴിതാ സ്വന്തം ജീവൻ ത്യാഗം ചെയ്ത് മറ്റൊരു ജീവിയെ രക്ഷിക്കാൻ ശ്രമിച്ച പൂവൻകോഴിയാണ് വാർത്തകളിൽ നിറയുന്നത്.
തങ്ങളുടെ ആട്ടിൻകുട്ടിയെ രക്ഷിക്കുന്നതിനായി സ്വന്തം ജീവൻ പോലും ബലികൊടുത്ത ഈ പൂവൻകോഴിക്കായി കുടുംബം വിപുലമായ മരണാനന്തര ചടങ്ങുകൾ തന്നെ നടത്തുകയായിരുന്നു. ഉത്തർപ്രദേശിലെ ഫതൻപൂരിലെ ഒരു കുടുംബത്തിലാണ് സംഭവം.
വീട്ടിലെ പ്രിയപ്പെട്ട കോഴിയുടെ മരണാനന്തര ചടങ്ങുകൾ 500ലധികം പേരെ പങ്കെടുപ്പിച്ചാണ് ഈ കുടുംബം നടത്തിയത്. സംഭവം ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. പൂവൻകോഴി മരിച്ച് കൃത്യം പതിമൂന്ന് ദിവസത്തിനുള്ളിലാണ് ആചാരപ്രകാരം മരണാനന്തര ചടങ്ങ് നടത്തിയത്. പ്രതാപ്ഗഡ് ജില്ലയിലെ ബഹ്ദൗൾകാല ഗ്രാമത്തിലെ ചടങ്ങിലേക്ക് 500ലധികം പേരെ ക്ഷണിച്ചിരുന്നു.
ലാൽജി എന്ന് വീട്ടുകാർ സ്‌നേഹത്തോടെ വിളിച്ചിരുന്ന പൂവൻ കോഴിയെയാണ് ഇവർക്ക് നഷ്ടമായത്. ഡോ. സൽക്‌റാം സരോജും കുടുംബവുമാണ് പൂവൻകോഴിയുടെ ഉടമകൾ. ഒരു ദിവസം വീട്ടിലേക്ക് അതിക്രമിച്ച് കടന്ന നായയോട് മല്ലിട്ടാണ് പൂവൻകോഴി ഇഹലോകവാസം വെടിഞ്ഞത്. മുറ്റത്ത് വലിയ ബഹളം കേട്ട് ചെന്ന് നോക്കിയ സൽക്‌റാം കാണുന്നത് വീട്ടിലെ ആട്ടിൻകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച നായയെ കോഴി തുരത്താൻ ശ്രമിക്കുന്നതാണ്. ഇദ്ദേഹം ലാൽജിയുടെ അരികിലേക്ക് ഓടിയെത്തി നായയെ തുരത്തി കോഴിയെ കൈയിലെടുത്തെങ്കിലും സാരമായി പരിക്കേറ്റ് കോഴി മരണപ്പെടുകയായിരുന്നു.
ലാൽജി തങ്ങളുടെ വീട്ടിലെ അംഗമായതിനാൽ ആത്മാവിനായി എല്ലാ ചടങ്ങുകളും നടത്തണമെന്ന ഇറച്ചതീരുമാനമായിരുന്നു കുടുംബം കൈക്കൊണ്ടത്. തുടർന്ന് ചടങ്ങുകൾ അനുസരിച്ച് മരിച്ചതിന്റെ പതിമൂന്നാം നാളിൽ നാട്ടിലെ ആളുകളെ വിളിച്ചുകൂട്ടി കർമ്മങ്ങൾ നടത്തുകയും ചെയ്തു. ലാൽജി കോഴിയെ നഷ്ടപ്പെട്ടതിന്റെ വേദന തങ്ങൾ അതിജീവിച്ചുവരികയാണെന്നു സൽക്‌റാം പ്രതികരിച്ചു.
Leave a Reply