ദില്ലി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2025 ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാൻ സ്വദേശി അനുജ് അഗ്നിഹോത്രി ഒന്നാം റാങ്ക് നേടി. രണ്ടാം റാങ്ക് രാജേശ്വരി സുവേയ്ക്കാണ്. ആകാൻഷ് ദുൽ, രാഘവ് ജുൻജുൻവാല, ഇഷാൻ ഭട്നാകർ എന്നിവർ യഥാക്രമം മൂന്നും, നാലും, അഞ്ചും റാങ്കുകൾ നേടി. കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികളും മികച്ച നേട്ടമാണ് കൈവരിച്ചത്. മലയാളിയായ എസ്. ശ്രുതി 18ാം റാങ്ക് നേടി ശ്രദ്ധേയമായി.
തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെ.എസ്. ശ്രീജ 57ാം റാങ്കും കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി അജയ് ആർ. രാജ് 109ാം റാങ്കും നേടി. ജന്മനാ കാഴ്ചാപരിമിതിയുള്ള അജയ് ആർ. രാജിന്റെ വിജയം പ്രത്യേക ശ്രദ്ധ നേടുകയാണ്. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ രണ്ടാം റാങ്ക് നേടിയ സിദ്ധാർത്ഥ് എം. ജോയ് ഈ വർഷത്തെ യു.പി.എസ്.സി പട്ടികയിൽ 271ാം റാങ്ക് നേടി. മലയാളിയായ അതിഥി കൃഷ്ണദേവും 451ാം റാങ്ക് നേടി അന്തിമ പട്ടികയിൽ ഇടം നേടി.
പ്രിലിമിനറി, മെയിൻ, പേഴ്സണാലിറ്റി ടെസ്റ്റ് എന്നീ മൂന്ന് ഘട്ടങ്ങളിലൂടെ നടത്തിയ പരീക്ഷാ പ്രക്രിയയ്ക്കുശേഷമാണ് അന്തിമ ഫലം പ്രഖ്യാപിച്ചത്. 2025 മേയ് 25 – ന് പ്രിലിമിനറി പരീക്ഷയോടെയാണ് പരീക്ഷാ നടപടികൾ ആരംഭിച്ചത്. ഓഗസ്റ്റ് 22 മുതൽ 31 വരെ മെയിൻ പരീക്ഷയും ഫെബ്രുവരി 27ന് അഭിമുഖവും അവസാനിച്ചു. പതിവുപോലെ അഭിമുഖം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ഫലം പ്രസിദ്ധീകരിച്ചു. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് അടക്കം 23 സേവനങ്ങളിലേക്കായി ആകെ 958 പേരാണ് ഇത്തവണ അന്തിമ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ഫലം കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിൽ ലഭ്യമാണ്.











Leave a Reply