ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- നോർത്തേൺ അയർലൻഡിൽ നിന്നും മൂന്ന് ദിവസം മുൻപ് കാണാതായ നാല് കുട്ടികൾക്കായി പോലീസ് അടിയന്തര തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളോടും തങ്ങളുടെ ഈ ഉദ്യമത്തിൽ എല്ലാ സഹായങ്ങളും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പതിനാറ് വയസ്സുള്ള ലൂയിസ്, പതിനഞ്ചു വയസ്സുള്ള മേരി തെരേസ, പന്ത്രണ്ടുകാരനായ ഓവൻ, എട്ടുവയസ്സുള്ള ക്രിസ്റ്റീന എന്നീ സഹോദരങ്ങളായ കുട്ടികളെയാണ് ഒക്ടോബർ 5 മുതൽ നോർത്തേൺ അയർലണ്ടിലെ ലിസ്നെസ്കയിലെ ഫെർമനാഗ് കൗണ്ടിയിൽ നിന്നും കാണാതായത്. ഈ കുട്ടികൾ അവരുടെ മാതാപിതാക്കളായ കാത്ലീനും, മാർട്ടിൻ മോഗനുമൊപ്പം രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്തിരിക്കാം എന്നാണ് പോലീസ് നിഗമനം. സംഭവത്തെ സംബന്ധിച്ച ദുരൂഹതകൾ ഇപ്പോഴും തുടരുകയാണ്. കുടുംബത്തിന്റെ ആറു വർഷം മുൻപുള്ള ഒരു ചിത്രം നോർത്തേൺ അയർലൻഡ് പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
കുട്ടികളോടൊപ്പം തന്നെ മാതാപിതാക്കളെ സംബന്ധിച്ചും വിവരമൊന്നും ഇല്ലെന്നാണ് നിലവിലെ സൂചനകൾ വ്യക്തമാക്കുന്നത്. എന്നാൽ കുട്ടികളെ കാണാനില്ലെന്ന പരാതി പോലീസിനെ ലഭിച്ചതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു അന്വേഷണം നടത്തുന്നത്. കുട്ടികളുടെ മാതാപിതാക്കളോ അല്ലെങ്കിൽ അവരെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരും ഉടൻതന്നെ പോലീസിനെ അറിയിക്കണമെന്ന കർശന നിർദേശവും ഉണ്ട്.
Leave a Reply