ന്യൂസ് ഡെസ്ക്, മലയാളം യുകെ

യെമനിലെ ഹൂതി ശക്തികേന്ദ്രങ്ങൾക്കെതിരെ യുകെ യു എസ് സംയുക്ത സേന ശക്തമായ കടന്നാക്രമണം നടത്തി. 18 ഹൂതി കേന്ദ്രങ്ങൾക്ക് നേരെയാണ് ശനിയാഴ്ച വൻ സൈനിക നടപടി ഉണ്ടായത് . ചെങ്കടലിലെ ചരക്ക് കപ്പൽ ആക്രമിച്ച നടപടിയെ തുടർന്നാണ് സഖ്യം ഇറാൻ പിന്തുണയുള്ള ഹൂതികൾക്ക് എതിരെ ശക്തമായ സൈനിക നടപടി ആരംഭിച്ചത്.

ഹൂതികൾക്കെതിരെയുള്ള സൈനിക നടപടിയിൽ ഓസ്ട്രേലിയ, ബഹ്റിൻ, കാനഡ, ഡെന്മാർക്ക്, നെതർലാൻഡ്, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു . ചെങ്കടലിൽ ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ ഒഴിവാക്കാനും ഏറ്റവും നിർണ്ണായകമായ ജലപാതയിൽ സുസ്ഥിരത കൈവരിക്കാനുമാണ് തങ്ങളുടെ നടപടി എന്ന് യുകെ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കടലിൽ ജീവൻ സംരക്ഷിക്കുകയും ചരക്ക് കപ്പലുകളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണെന്നും അതുകൊണ്ട് യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ നാലാമത്തെ ആക്രമണം നടത്തുകയും ചെയ്തതെന്ന് യുകെ പ്രതിരോധ സെക്രട്ടറി ഗ്രാൻഡ് ഷാപ്സ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വടക്ക് പടിഞ്ഞാറൻ യെമന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഇറാൻ പിന്തുണയുള്ള ഹൂതികൾ നവംബർ മുതൽ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി വരുകയാണ്. ഗാസ മുനമ്പിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ പാലസ്തീനികൾക്ക് പിന്തുണ കാണിക്കാനാണ് തങ്ങളുടെ ആക്രമണം എന്നാണ് ഹൂതികൾ പറയുന്നത്.

യെമനു സമീപം വച്ച് ചെങ്കടലിൽ യുകെയുടെ ചരക്ക് കപ്പലിന് നേരെ കഴിഞ്ഞ ആഴ്ച്ച കടുത്ത ആക്രമണം നടന്നിരുന്നു . ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ജീവനക്കാർക്ക് അപായം ഒന്നും സംഭവിച്ചില്ല . ഞായറാഴ്ച രാത്രി യെമനിലെ അൽ മുഖയിൽ നിന്ന് 35 നോട്ടിക്കൽ മൈൽ തെക്ക് ഭാഗത്തായിരുന്നു ആക്രമണമെന്ന് യുകെയുടെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചത്‌ . ചെങ്കടലിൽ ഹൂതികളുടെ ആക്രമണം തുടർച്ചയായതോടെ നിരവധി കമ്പനികളാണ് കൂടുതൽ ദൈർഘ്യമേറിയ ആഫ്രിക്കയെ ചുറ്റിയുള്ള പാത തിരഞ്ഞെടുക്കാൻ നിർബന്ധിതരായിരിക്കുന്നത്. ഇതിന്റെ ഫലമായി ചരക്ക് വിലയിൽ വൻ കുതിച്ചു കയറ്റം ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്