ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- തങ്ങളുടെ ക്രിപ്റ്റോ കറൻസി കസ്റ്റഡി സർവീസുകൾ ആഗോള ക്ലയന്റുകൾക്ക് ലഭ്യമാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യു എസ്‌ ബാങ്ക്. രാജ്യത്ത് തന്നെ അഞ്ചാമത്തെ വലിയ റീട്ടെയിൽ ബാങ്കായ യു എസ്‌ ബാങ്കിന്റെ ഇത്തരമൊരു പ്രഖ്യാപനം ഡിജിറ്റൽ കറൻസികൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്നു എന്നതിന് തെളിവാണ്. ന്യൂയോർക്ക് ഡിജിറ്റൽ ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പ് ( എൻ വൈ ഡി ഐ ജി ) യോട് ചേർന്നാണ് ബിറ്റ് കോയിൻ, ബിറ്റ് കോയിൻ ക്യാഷ്, ലൈറ്റ് കോയിൻ എന്നിവയ്ക്ക് കസ്റ്റഡി സർവീസുകൾ നൽകുവാൻ യു എസ്‌ ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. ഇതെർ പോലുള്ള മറ്റ് ക്രിപ്റ്റോകറൻസികൾക്കും ഭാവിയിൽ കൂടുതൽ സാധ്യതകൾ ഉണ്ടാകുമെന്ന് യു എസ്‌ ബാങ്ക് വെൽത്ത് മാനേജ്മെന്റ് & ഇൻവെസ്റ്മെന്റ് ഡിവിഷൻ സീനിയർ എക്സിക്യൂട്ടീവ് ഗുജ്ഞൻ കേഡിയ പറഞ്ഞു. ഇത്തരത്തിൽ ക്രിപ്റ്റോ കറൻസി കസ്റ്റഡി സർവീസുകൾ നൽകുന്ന ആദ്യ പ്രമുഖ സ്ഥാപനങ്ങളിലൊന്നാണ് യു എസ് ബാങ്ക്.


മറ്റു ബാങ്കുകളായ ബാങ്ക് ഓഫ് ന്യൂയോർക്ക് മെല്ലൻ ,സ്റ്റേറ്റ് സ്ട്രീറ്റ്, നോർത്തേൺ ട്രസ്റ്റ്‌ തുടങ്ങിയവയും ഡിജിറ്റൽ അസറ്റുകളുടെ കസ്റ്റഡി സർവീസുകൾ ആരംഭിക്കാൻ പരിശ്രമിക്കുകയാണ്. ബിറ്റ് കോയിൻ ഈ ഈ വർഷം ഏപ്രിൽ മാസത്തിൽ എക്കാലത്തെയും ഉയർന്ന റേറ്റായ 64000 ഡോളറിൽ എത്തിയിരുന്നു. എന്നാൽ പിന്നീട് അതിന്റെ വില ഇടിയുകയും ചെയ്തു. എന്നിരുന്നാൽ തന്നെയും നിരവധി പ്രതിസന്ധിഘട്ടങ്ങളെ ബിറ്റ് കോയിൻ വിജയകരമായി തരണം ചെയ്തിട്ടുണ്ട്. ഡിജിറ്റൽ കറൻസികളുടെ നിരോധിക്കാനുള്ള ചൈനയുടെ നീക്കം പോലും ബിറ്റ് കോയിന്റെ വില നിലവാരത്തെ അധികം ബാധിച്ചിട്ടില്ല.


പ്രൈവറ്റ് ഫണ്ടുകളുള്ള ഇൻസ്റ്റിറ്റ്യൂഷനൽ ഇൻവെസ്റ്റ്‌മെന്റ് മാനേജർമാർക്കാണ് ഇപ്പോൾ കസ്റ്റഡി സർവീസുകൾ ലഭ്യമാകുക. ആവശ്യക്കാർ ഏറെ ആയതിനാലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.