2019ൽ കാണാതായ ആറ് വയസുകാരിയെ കോണിപ്പടിക്കടിയിലെ മുറിയിൽ നിന്ന് കണ്ടെത്തി. അമേരിക്കയിലെ ന്യൂയോർക്ക് സംസ്ഥാനത്തെ ഗ്രാമത്തിലാണ് സംഭവം. കോണിപ്പടിക്കടിയിലെ ഇരുണ്ടതും ഈർപ്പമുള്ളതുമായ സ്ഥലത്ത് മാതാപിതാക്കൾ തന്നെയാണ് കുട്ടിയെ ഒളിപ്പിച്ചു താമസിപ്പിച്ചത്.
പെയ്സ്ലി ഷട്‌ലിസ് എന്ന പെൺകുട്ടിയെയാണ് 2019ൽ കാണാതായത്. കുട്ടിയുടെ രക്ഷാകർതൃ പദവിയിൽ നിന്ന് തങ്ങളെ നീക്കം ചെയ്യുമെന്ന ഭീതിയാണ് കുട്ടിയെ ഒളിവിൽ താമസിപ്പിക്കാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്.
കുട്ടിയെ അന്വേഷിച്ച് രണ്ട് വർഷത്തിനിടെ നിരവധി തവണ പൊലീസ് ഈ വീട്ടിലെത്തിയിരുന്നു. പക്ഷെ കുട്ടിയെ കണ്ടെത്താനായിരുന്നില്ല. കുട്ടി വീട്ടിലുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് വീണ്ടും ഇവിടെയെത്തിയത്. വിശദമായ പരിശോധനയിലാണ് വിചിത്രമായ രീതിയിൽ നിർമിച്ച കോണിപ്പടികൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. രണ്ട് മൂന്ന് മരപ്പടികൾ എടുത്തമാറിയപ്പോഴാണ് അതിനകത്തിരിക്കുന്ന കുട്ടിയേയും പിതാവിനേയും കണ്ടെത്തിയത്.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കുട്ടിയെ അപകടാവസ്ഥയിൽ സൂക്ഷിച്ചതിന് മാതാപിതാക്കൾക്കെതിരെയും മുത്തച്ഛനെതിരെയും കേസെടുത്തിട്ടുണ്ട്.
Leave a Reply