ലണ്ടന്‍: ആരോഗ്യമേഖലയിലെ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന അമേരിക്കന്‍ കമ്പനികളില്‍ ഒന്ന് ബ്രിട്ടനില്‍ നിന്ന് വന്‍തോതില്‍ നികുതി വെട്ടിച്ചെന്ന് ആരോപണം. ജിഇ ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനമാണ് ഈ തീവെട്ടിക്കൊളള നടത്തുന്നതെന്നാണ് ആരോപണം. ബ്രിട്ടിഷ് ആശുപത്രികളിലും ക്ലിനിക്കുകളിലും ഇവര്‍ ലക്ഷക്കണക്കിന് പൗണ്ടുകളുടെ ഇടപാടുകളാണ് വര്‍ഷം തോറും നടത്തുന്നത്. എന്നാല്‍ കോര്‍പ്പറേറ്റ് നികുതിയിനത്തില്‍ ഒരു പെനി പോലും ഇവര്‍ അടയ്ക്കുന്നില്ല. കഴിഞ്ഞ പന്ത്രണ്ട് കൊല്ലമായി ഇവര്‍ ഈ പകല്‍ കൊളള തുടരുന്നു.
2003 മുതല്‍ ബേക്കിംഗ്ഹാം ഷെയര്‍ ആസ്ഥാനമാക്കി ഒരു അമേരിക്കക്കാരമാണ് ജിഇ ഹെല്‍ത്ത് കെയര്‍ നടത്തുന്നത്. അര്‍ബുദ, ഹൃദ്രോഗ ചികിത്സകള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ബ്രിട്ടീഷ് ബഹുരാഷ്ട്ര മെഡിക്കല്‍ സ്ഥാപനമായ നൈകോമ്ഡ് ആമെര്‍ ഷാമിനെ ജിഇ ഹെല്‍ത്ത് കെയര്‍ ഏറ്റെടുത്തിരുന്നു. നൈകോമ്ഡ് ആമെര്‍ഷാം വര്‍ഷം തോറും എട്ട് മില്യന്‍ പൗണ്ട് കോര്‍പ്പറേഷന്‍ നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് അടയ്ക്കാറുണ്ടായിരുന്നു. ഇതിന് പുറമെ വിദേശ രാജ്യങ്ങളില്‍ നിന്നുളള വരുമാനത്തിന്റെ നികുതിയായി അമ്പത് മില്യന്‍ മുതല്‍ 90 മില്യന്‍ വരെ കമ്പനി നികുതി അടച്ചിരുന്നു. എന്നാല്‍ കമ്പനിയെ ജിഇ 2003ല്‍ ഏറ്റെടുത്ത ശേഷം ഇതുവരെയായി അടച്ചിട്ടുളളത് വെറും പതിനാറ് ലക്ഷം പൗണ്ട് മാത്രമാണ്.
നികുതി വെട്ടിപ്പിന് അമേരിക്കയില്‍ കുപ്രസിദ്ധി നേടിയ കമ്പനിയാണ് ജിഇ. പുതിയ നികുതി വെട്ടിപ്പ് വാര്‍ത്ത പുറത്ത് വന്നതോടെ എന്‍എച്ച്എസിന്റെ കരാറുകള്‍ കമ്പനി എങ്ങനെ നേടിയെടുത്തു എന്ന അന്വേഷണവും തുടങ്ങിയിട്ടുണ്ട്. എന്‍എച്ച്എസ് വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ നികുതിയിനത്തില്‍ അവര്‍ക്ക് ലഭിക്കാനുളള ഓരോ പെനിയും കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് കടമയാണെണ് യൂണൈറ്റ് എന്ന യൂണിയന്റെ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി ഗെയില്‍ കാര്‍ട്ട്‌മെയ്ല്‍ പ്രതികരിച്ചു. രാജ്യത്തിന്റെ ആരോഗ്യത്തിന് നമ്മള്‍ നല്‍കുന്ന നികുതി അത്യന്താപേക്ഷിതമാണ്. നമ്മുടെ രാജ്യത്ത് നിന്ന് വന്‍തോതില്‍ ലാഭമുണ്ടാക്കുന്ന കമ്പനികള്‍ നികുതി വെട്ടിപ്പ് നടത്തുന്നത് ഒരിക്കലും അന്തസുളള പ്രവൃത്തിയല്ല.
കമ്പനിയ്‌ക്കെതിരെ എന്‍എച്ച്എസും പ്രതിഷേധം ഉയര്‍ത്തിക്കഴിഞ്ഞു. എന്നാല്‍ പ്രവര്‍ത്തിക്കുന്ന എല്ലാ രാജ്യത്തെയും നികുതി വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുന്നവരാണ് തങ്ങളെന്നാണ് കമ്പനിയുടെ വാദം. കഴിഞ്ഞ പത്ത് കൊല്ലത്തിനിടെ ഗവേഷണത്തിനും മറ്റുമായി ബ്രിട്ടനില്‍ അഞ്ഞൂറ് മില്യന്‍ പൗണ്ട് തങ്ങള്‍ ചെലവാക്കിയെന്നാണ് ജിഇയുടെ വാദം. ജീവശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍തുക ചെലവഴിച്ച് ഒരു നൂതന വില്ലേജും തങ്ങള്‍ കാര്‍ഡിഫില്‍ ആവിഷ്‌ക്കരിച്ചതായി ജിഇ പറയുന്നു. അമേര്‍ഷാമില്‍ നിന്ന് അമേരിക്കയിലേക്ക് കമ്പനി തങ്ങളുടെ ആസ്ഥാനം മാറ്റാന്‍ പോകുന്നതായുളള വാര്‍ത്തകള്‍ പുറത്ത് വന്നതോടെയാണ് കമ്പനിയുടെ നികുതി ചരിത്രം പരിശോധിച്ചത്. കമ്പനിയുടെ ആസ്ഥാനം മാറ്റുന്നതോടെ വന്‍ തോതില്‍ തൊഴില്‍ നഷ്ടമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇത് പ്രാദേശികമായി ചില വിഷമങ്ങള്‍ സൃഷ്ടിച്ചേക്കും.
കഴിഞ്ഞ കൊല്ലം മാത്രം കമ്പനിക്ക് എന്‍എച്ച്എസിന്റെ 30 മില്യന്‍ പൗണ്ടിന്റെ കരാര്‍ ലഭിച്ചിരുന്നു. എക്‌സേറേകള്‍ക്കും ക്ലൗഡ് കമ്പ്യൂട്ടിംഗിനുമായാണ് ഇത് ചെലവഴിക്കപ്പെട്ടത്.