ന്യൂസ് ഡെസ്ക് മലയാളം യുകെ

യു എസ് :- ന്യൂയോർക്കിൽ സിഖ് വിഘടന രാഷ്ട്രത്തിന് വേണ്ടി വാദിച്ച അമേരിക്കൻ പൗരനെ വധിക്കാനുള്ള ഗൂഢാലോചന പരാജയപ്പെടുത്തിയതായി യുഎസ് വെളിപ്പെടുത്തിയിരിക്കുകയാണ്. 100,000 ഡോളർ (79,000 പൗണ്ട്) പണത്തിനു ഒരാളെ വാടകയ്‌ക്കെടുത്ത് കൊലപാതകത്തിന്റെ ഗൂഢാലോചന നടത്തിയത് ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്ത ആണെന്നാണ് ആരോപിക്കപ്പെടുന്നത്. എന്നാൽ ഈ വാടകയ്ക്ക് എടുത്തയാൾ രഹസ്യമായി പ്രവർത്തിക്കുന്ന ഒരു ഫെഡറൽ ഏജന്റ് തന്നെയായിരുന്നുവെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. നിലവിൽ ചെക്ക് റിപ്പബ്ലിക്കിലെ ജയിലിൽ കഴിയുന്ന അമ്പത്തിരണ്ടുകാരനായ ഗുപ്തയെ യുഎസിലേക്ക് കൈമാറും എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഒരു ഇന്ത്യൻ ഗവൺമെന്റ് ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരമാണ് ഇദ്ദേഹം പ്രവർത്തിച്ചതെന്ന് ആരോപണവും യുഎസ് ഉന്നയിക്കുന്നുണ്ട്.

കൊലപാതക ശ്രമങ്ങളെ സംബന്ധിച്ച് ഇന്ത്യയുടെ ഉന്നത തല ഉദ്യോഗസ്ഥരുമായി ആശങ്കകൾ പങ്കുവെച്ചെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ അറിയിച്ചു. തങ്ങൾ അന്വേഷണം നടത്തുകയാണെന്നും യുഎസ് സർക്കാർ ഉയർത്തിക്കാട്ടുന്ന സുരക്ഷാ ആശങ്കകൾ പരിഹരിക്കാൻ ഒരു ഉന്നതതല അന്വേഷണ സമിതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും ഇന്ത്യൻ സർക്കാർ അറിയിച്ചു. ആരെയാണ് ലക്ഷ്യമിട്ടതെന്ന് യുഎസ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, യുഎസ്-കനേഡിയൻ ഇരട്ട പൗരനും യുഎസ് ആസ്ഥാനമായുള്ള സിഖ് ആക്ടിവിസ്റ്റ് ഗ്രൂപ്പിലെ അംഗവുമായ ഗുർപത്വന്ത് സിംഗ് പന്നൂനായിരുന്നു ലക്ഷ്യമെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇദ്ദേഹത്തെ ഒരു തീവ്രവാദിയായാണ് കാണുന്നത്.


ജൂണിൽ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ നടന്ന മറ്റൊരു സിഖ് പ്രവർത്തകന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്നതിന് വിശ്വസനീയമായ തെളിവുകളുണ്ടെന്ന് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞതിന് പിന്നാലെയാണ് യുഎസിലെ ഗൂഢാലോചനയെക്കുറിച്ചുള്ള വാർത്തകൾ വരുന്നത്. മെയ് മാസത്തിൽ ഒരു ഇന്ത്യൻ സർക്കാർ ജീവനക്കാരനാണ് മിസ്റ്റർ ഗുപ്തയെ റിക്രൂട്ട് ചെയ്തതെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. കൊലപാതക സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യാൻ ഇരുവരും ദില്ലിയിൽ യോഗം ചേർന്നതായും ആരോപണങ്ങൾ ഉണ്ട്.