ലണ്ടന്‍: മാഞ്ചസ്റ്റര്‍ ആക്രമണത്തിന്റെ ഫോറന്‍സിക് ചിത്രങ്ങള്‍ പുറത്തായ സംഭവത്തില്‍ ക്ഷമാപണവുമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ യുകെയിലെത്തി. സ്‌ഫോടനത്തില്‍ പോലീസ് അന്വേഷണം അട്ടിമറിക്കുന്ന വിധത്തിലാണ് തെളിവുകളുടെ ചിത്രങ്ങള്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. സുരക്ഷ, ഇന്റലിജനന്‍സ് മേഖലകളില്‍ സഹകരിക്കുന്ന ഇരു രാജ്യങ്ങളുടെയും ബന്ധം തകരുന്ന ഘട്ടത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. ഇതോടെയാണ് വിഷയത്തില്‍ വിശദീകരണവുമായി ടില്ലേഴ്‌സണ്‍ നേരിട്ട് എത്തിയത്.
ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണുമായി ടില്ലേഴ്‌സണ്‍ കൂടിക്കാഴ്ച നടത്തി. സംഭവത്തിന്റെ ഉത്തരവാദിത്തം പൂര്‍ണ്ണമായും ഏറ്റെടുക്കുന്നെന്നും ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. യുകെ-യുഎസ് ബന്ധത്തില്‍ ആദ്യമായാണ് ഒരു മുതിര്‍ന്ന നേതാവ് നേരിട്ടെത്തി ക്ഷമാപണം നടത്തുന്നതെന്നാണ് വിവരം. സംഭവത്തിന്റെ ഗൗരവം ട്രംപ് ഭരണകൂടം മനസിലാക്കിയതിന്റെ തെളിവാണ് വളരെ പെട്ടെന്നുതന്ന് ഈ വിധത്തില്‍ നടപടിയുണ്ടായത്.
ഏറ്റവും അടുത്ത ഇന്റലിജന്‍സ് സഹകരണമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളത്. സ്‌ഫോടന സ്ഥലത്ത് നിന്ന് എടുത്ത ചിത്രങ്ങള്‍ കൂടുതല്‍ വിശകലങ്ങള്‍ക്കായി അമേരിക്കന്‍ ഇന്റലിജന്‍സിന് കൈമാറിയിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ഇത് അമേരിക്കന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. സ്‌ഫോടനത്തിനേക്കുറിച്ചുള്ള അന്വേഷണത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുകയും ചെയ്തു.
Leave a Reply