സ്വന്തം ലേഖകൻ
ബഹിരാകാശത്തുള്ള മറ്റു രാജ്യങ്ങളുടെ സാറ്റ്ലൈറ്റുകളെ നശിപ്പിക്കുന്നതിനായി റഷ്യ, ആയുധ മാതൃകയിലുള്ള സാറ്റ്ലൈറ്റ് വികസിപ്പിച്ചതായി യുഎസും യുകെയും കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള റഷ്യയുടെ നീക്കം ആശങ്കാജനകമാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. മുൻപ് തന്നെ യുഎസ് റഷ്യയുടെ സാറ്റ്ലൈറ്റ് പരീക്ഷണങ്ങളെ കുറിച്ചുള്ള ആശങ്ക അറിയിച്ചിരുന്നു. എന്നാൽ ഇതോടൊപ്പം തന്നെ ആദ്യമായി യുകെയും തങ്ങളുടെ ആശങ്ക അറിയിച്ചിരിക്കുകയാണ്. റഷ്യയുടെ പ്രവർത്തനങ്ങൾ തങ്ങളെ ബാധിക്കുകയില്ല എന്ന് ബ്രിട്ടന്റെ നിരീക്ഷണത്തിന് ശേഷം ദിവസങ്ങൾക്കുള്ളിലാണ് ഈ പ്രതികരണം യുകെയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
ഒരു ആയുധത്തിനുള്ള എല്ലാ പ്രത്യേകതകളോടും കൂടിയാണ് പുതിയ സാറ്റ്ലൈറ്റ് റഷ്യ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് യു കെ സ്പേസ് ഡയറക്ടറേറ്റ് ഹെഡ്, എയർ വൈസ് മാർഷൽ ഹാർവെയ് സ്മിത്ത് പറഞ്ഞു. ഇത്തരത്തിലുള്ള നീക്കങ്ങൾ നിലവിലുള്ള സമാധാനം തകർക്കും എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതിനാൽ റഷ്യ തങ്ങളുടെ പരിശ്രമത്തിൽ നിന്നും പിന്മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹിരാകാശത്ത് പരീക്ഷണങ്ങൾ നടത്താനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടെന്നും, അത് തികച്ചും സമാധാനപരമായി ആയിരിക്കണമെന്നുമുള്ള കരാറിൽ ഒപ്പിട്ടിരിക്കുന്ന നൂറോളം രാജ്യങ്ങളിൽ ഉൾപ്പെട്ടവരാണ് യു എസ്, യു കെ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾ. ബഹിരാകാശത്തേക്ക് ഒരിക്കലും ആയുധങ്ങൾ അയക്കരുത് എന്ന നിർദ്ദേശവും ഈ കരാറിൽ ഉൾപ്പെടുന്നു.
ജൂലൈ 15 നാണ് റഷ്യയുടെ ഈ സാറ്റലൈറ്റ് പരീക്ഷണം നടന്നത്. ഈ പരീക്ഷണത്തിന് എതിരെ അമേരിക്കയും ബ്രിട്ടണും ശക്തമായി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. എന്നാൽ ഇത് സംബന്ധിച്ച് റഷ്യയുടെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
Leave a Reply