വാഷിംഗ്ടണ്‍: യുഎസ് വിസ അപേക്ഷകരുടെ പരിശോധനകള്‍ കര്‍ക്കശമാക്കുന്നു. ഇതിന്റെ ഭാഗമായി വിസക്ക് അപേക്ഷിക്കുന്നവരുടെ സോഷ്യല്‍ മീഡിയ വിവരങ്ങളും ശേഖരിക്കാനാണ് യുഎസ് വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. ഭീകരപ്രവര്‍ത്തനവുമായും ദേശീയസുരക്ഷയെ ബാധിക്കുന്ന മറ്റ് അയോഗ്യതകളുമുള്ള വിദേശികളെ വിസ നല്‍കുന്നതില്‍ നിന്നും ഒഴിവാക്കാനായാണ് നടപടികള്‍ കര്‍ശനമാക്കിയിരിക്കുന്നത്. വിസ അപേക്ഷകരോട് ചോദിക്കേണ്ട ചോദ്യങ്ങളടങ്ങിയ ഉത്തരവ് യുഎസ് വിദേശകാര്യമന്ത്രാലയം ഇതിനോടകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ വിസയെ സംബന്ധിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിയമങ്ങളും അപേക്ഷകരിലെ 0.5 ശതമാനത്തെ ബാധിക്കൂ എന്നാണ് അധികൃതരുടെ വിശദീകരണം.
പ്രതിവര്‍ഷം യുഎസ് വിസക്കായി അപേക്ഷിക്കുന്നവരുടെ എണ്ണം 6500ഓളമാണ്. ഏതെങ്കിലും തരത്തില്‍ ഭീകരബന്ധമുള്ളതാണെന്ന് തോന്നിയാല്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ യാത്രാവിവരങ്ങള്‍ ആവശ്യപ്പെടാം. സൂക്ഷ്മപരിശോധനയുടെ ഘട്ടത്തില്‍ അപേക്ഷകരോട് സഹോദരങ്ങളുടേയോ മക്കളുടേയോ വിവരങ്ങളും ഉദ്യോഗസ്ഥര്‍ക്ക് ആവശ്യപ്പെടാം. കൂടാതെ പുതിയ നിര്‍ദ്ദേശമനുസരിച്ച് സമൂഹമാധ്യമങ്ങളിലേയും ഒണ്‍ലൈന്‍ സൈറ്റുകളുടേയും ഉപയോഗം സംബന്ധിച്ച വിവരങ്ങളും അപേക്ഷകര്‍ നല്‍കേണ്ടി വരും. പ്രത്യേക സാഹചര്യങ്ങളില്‍ യുഎസ് ആഭ്യന്തര സുരക്ഷാവകുപ്പ് തന്നെ ഇത്തരം വിവരങ്ങള്‍ ശേഖരിക്കും.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് കര്‍ശനമായ ഇത്തരം പരിശോധനകള്‍ നടപ്പാക്കുന്നതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഏതെങ്കിലും ജാതി മതം വര്‍ഗ്ഗം ദേശം രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ലിംഗം ലൈംഗികാഭിരുചി എന്നിവയുടെ പേരില്‍ വിസ നിഷേധിക്കപ്പെടില്ലെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. മറിച്ച് അപേക്ഷകന്‍ ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തിയില്‍ ഭാഗമായിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ കോണ്‍സുലേറ്റിന് വിസ നിഷേധിക്കാം. അപേക്ഷകന് സാധുവായ കാരണങ്ങള്‍ കോണ്‍സുലേറ്റിനെ രേഖാമൂലം ബോധ്യപ്പെടുത്താനായാല്‍ വിസ നിഷേധിക്കപ്പെടില്ല. ഈ ഉത്തരവ് അബദ്ധമാണെന്നും പ്രയോഗികമല്ലെന്നും ഒട്ടേറെ പ്രതികരണങ്ങള്‍ വന്നുകഴിഞ്ഞു.
Leave a Reply