ഉത്ര വധക്കേസ് പ്രതി സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. ഒരാഴ്ച നിരീക്ഷണത്തിന് ശേഷം സെല്ലിലേക്ക് മാറ്റും. കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശം കണക്കിലെടുത്താണ് നടപടി. കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജിന് ഇരട്ട ജീവപര്യന്തമാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്.

17 വര്‍ഷത്തെ തടവിനു ശേഷം ജീവപര്യന്തം അനുഭവിക്കണം. പത്തു വര്‍ഷം, ഏഴ് വര്‍ഷം, രണ്ട് ജീവപര്യന്തം എന്നിങ്ങനെയാണ് ശിക്ഷ അനുഭവിക്കേണ്ടത്. പ്രതി അഞ്ചു ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചു.

നേരത്തെ റിമാന്‍ഡ് തടവുകാരന്‍ എന്ന നിലയിലാണ് സൂരജിനെ കൊല്ലം ജില്ലാ ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. കോടതി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതോടെയാണ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നത്. സൂരജിന് വധശിക്ഷ നല്‍കണമെന്ന് എന്നാണ് ഉത്രയുടെ കുടുംബത്തിന്റെ ആവശ്യമെങ്കിലും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ പ്രോസിക്യൂഷന്‍ തീരുമാനമെടുത്തിട്ടില്ല. ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ ഉടന്‍ സമീപിക്കുമെന്ന് സൂരജിന്റെ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് ആണ് വിധി പ്രസ്താവിച്ചത്. പ്രതിയുടെ പ്രായം പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്. പ്രതി മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പിട്ടിട്ടില്ലെന്നതും കോടതി പരിഗണിച്ചു. കോടതിയില്‍ നിര്‍വികാരനായാണ് സൂരജ് കാണപ്പെട്ടത്.

ഉത്രയെ ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 307, 302, 328, 201 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്നാണ് കോടതി വിധി. കൊലപാതകം, വധശ്രമം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

കഴിഞ്ഞ വര്‍ഷം മേയ് ഏഴിനാണ് അഞ്ചല്‍ ഏറത്തെ വീട്ടില്‍ ഉത്രയെ പാമ്പുകടിയേറ്റു മരിച്ച നിലയില്‍ കണ്ടത്. റെക്കോര്‍ഡ് വേഗത്തിലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതും വിചാരണ പൂര്‍ത്തിയാക്കിയതും. ഉത്രയെ കടിച്ച പാമ്പിനെ പുറത്തെടുത്തു പോസ്റ്റുമോര്‍ട്ടം നടത്തിയും മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധന നടത്തിയും പഴുതടച്ച ശാസ്ത്രീയ അന്വേഷണമാണ് കേസില്‍ നടന്നത്.