ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസിൽ പ്രതി സൂരജ് പരസ്യമായി കുറ്റം സമ്മതിച്ചിരിക്കുകയാണ്. മെയ് ഏഴിനാണ് കേരളം നടുങ്ങിയ ആ കൊലപാതകം നടന്നത്. പാമ്പുകടിയേറ്റ് ചികിൽസയിലരുന്ന യുവതി വീണ്ടും പാമ്പുകടിയേറ്റ് മരിച്ചുവെന്നായിരുന്നു റിപ്പോർട്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ ഉത്രയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ് കേസെടുക്കുകയായിരുന്നു.

മേയ് 25 ന് ഉത്രയുടെ വീട്ടിൽ തെളിവെടുപ്പിന് എത്തിയപ്പോൾ ഉത്രയുടെ അച്ഛനോട് കരഞ്ഞുകൊണ്ടാണ് ‘ഞാൻ ചെയ്തിട്ടില്ല അച്ഛാ’ എന്ന് സൂരജ് പറഞ്ഞത്. പിന്നീട ്പൊലീസ് തന്നെ മർദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്ന് അവകാശപ്പെട്ടു. സൂരജിന്റെ വീട്ടുകാരും മകൻ അങ്ങനെ ചെയ്തിട്ടില്ലെന്ന് ആണയിട്ടു. ക്രിമിനൽ ബുദ്ധിയുള്ള ആളല്ലെന്നും നാട്ടിലും പരിസരത്തും അന്വേഷിച്ചു നോക്കൂവെന്നും അവർ പറഞ്ഞു. എന്നാൽ പിന്നീട് മാസങ്ങൾ നീണ്ട ആസൂത്രണത്തിന്റെയും ക്രൂര കൊലപാതകത്തിന്റെയും ചുരുളഴിയുകയായിരുന്നു.

മേയ് ഏഴിന് പുലര്‍ച്ചെ ഉറങ്ങിക്കിടന്ന ഉത്രയുടെ ഇടതു കൈത്തണ്ടയിൽ മൂർഖനെ കൊണ്ട് കടിപ്പിക്കുകയായിരുന്നുവെന്നാണ് സൂരജ് പൊലീസിനോട് വെളിപ്പെടുത്തി. പാമ്പിനെ കൈകാര്യം ചെയ്യുന്നതിനായി യൂട്യൂബിന്റെയും സുരേഷിന്റെയും സഹായം സൂരജ് തേടിയിരുന്നു.

തലേന്ന് ഉത്രയുടെ വീട്ടിൽ പാമ്പുമായെത്തിയ സൂരജ് ഇത് കിടപ്പുമുറിയിലെ കട്ടിലിനടിയിലാണ് സൂക്ഷിച്ച് വച്ചിരുന്നത്. കൊലപാതകം നടത്തിയ ശേഷം സൂരജ് മുറിയിൽ നിന്ന് പുറത്തേക്ക് പോകുകയും ചെയ്തു. ആറരയോടെ മുറിയിലെത്തിയ അമ്മയായിരുന്നു ഉത്രയെ അനക്കമറ്റ നിലയിൽ കണ്ടെത്തിയത്. ഉത്രയുടെ മരണത്തിൽ മാതാപിതാക്കൾക്ക് തോന്നിയ സംശയമാണ് കേസിൽ നിർണായകമായത്.

10,000 രൂപയ്ക്ക് സൂരജിന് പാമ്പിനെ വിറ്റ സുരേഷിന്റെ മൊഴി പുറത്ത് വന്നതോടെ കുരുക്കുകൾ കൂടുതൽ മുറുകി. മാസങ്ങൾ പിന്നിട്ടപ്പോൾ വനംവകുപ്പിന്റെ തെളിവെടുപ്പിനിടയിലാണ് സൂരജ് പരസ്യമായി കുറ്റം സമ്മതിക്കുന്നത്. ഞാനാണ് ചെയ്തതെന്നും വേറെ ആരുമല്ലെന്നും. കൊല്ലാൻ മറ്റു കാരണങ്ങളൊന്നുമില്ലെന്നും സൂരജ് കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞത്. മാർച്ച് രണ്ടിനും ഉത്രയെ പാമ്പ് കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചിരുന്നുവെങ്കിലും ഉത്ര ഇതിനെ അതിജീവിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾക്കൊപ്പം സ്വന്തം വീട്ടിൽ കഴിയവേയാണ് സൂരജ് കൊലപ്പെടുത്തിയത്.