ഉത്തരാഖണ്ഡില്‍ വീണ്ടും പ്രളയഭീതി. ഋഷിഗംഗ നദിയില്‍ ജനലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് താഴ്ന്ന ഭാഗങ്ങളില്‍ താമസിക്കുന്നവരെ ഒഴിപ്പിച്ചു. തപോവനിലെ തുരങ്കങ്ങളില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം അല്‍പസമത്തേക്ക് നിര്‍ത്തവച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഞായറാഴ്ചത്തെ മിന്നല്‍പ്രളയത്തില്‍ പെട്ടവരില്‍ 35 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു.
കഴിഞ്ഞ ഞായറാഴ്ചയിലെ ഉരുള്‍പൊട്ടലും മിന്നല്‍ പ്രളയവും ഉണ്ടാക്കിയ ദുരിതത്തില്‍ നിന്ന് ചമോലി ജില്ല മുക്തമാകും മുമ്പാണ് പുതിയ ഭീതി. മലമുകളില്‍ നിന്നും ഉരുള്‍പൊട്ടലിന്‍റെ ശബ്ദം കേട്ടതായി നാട്ടുകാര്‍ അധികൃതരെ അറിയിച്ചിരുന്നു. പിന്നാലെ ഋഷിഗംഗ നദിയിലെ ജനലനിരപ്പ് ഉയര്‍ന്നു. ഇതോടെയാണ് ആശങ്ക ഉയര്‍ന്നത്. മുന്‍കരുതലിന്‍റെ ഭാഗമായി താഴ്ന്ന ഭാഗങ്ങളില്‍ താമസിക്കുന്നവരെ ഉടന്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി.
തപോവനിലെ തുരങ്കങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം അല്‍പസമയം നിര്‍ത്തിവച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളും ഉപകരണങ്ങളും പ്രദേശത്ത് നിന്ന് മാറ്റി. ജലനിരപ്പ് ക്രമാതീതമായി വര്‍ധിക്കുന്നില്ലെന്ന് കണ്ടതോടെ രക്ഷാപ്രവര്‍ത്തനം പരിമിതമായ തോതില്‍ പുനരാരംഭിക്കുകയും ചെയ്തു. തപോവനിലെ തുരങ്കങ്ങളില്‍ മുപ്പത്തിയഞ്ചോളം പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നണ് കരുതുന്നത്. അഞ്ച് ദിവസമായി തുടരുന്ന 24 മണിക്കൂര്‍ രക്ഷാദൗത്യത്തിന് ശേഷവും തുരങ്കങ്ങള്‍ക്കകത്തേക്ക് പ്രവേശിക്കാനായിട്ടില്ല.
Leave a Reply