വാറ്റ്ഫോര്‍ഡ്: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ അര്‍ദ്ധവാര്‍ഷിക പൊതുയോഗം നാളെ (31/01/2016) കേംബ്രിഡ്ജില്‍ വച്ച് നടക്കും. കേംബ്രിഡ്ജിലെ സെന്റ് ജോണ്‍സ് ഹാളില്‍ വച്ച് വൈസ് പ്രസിഡണ്ട് സണ്ണിമോന്‍ മത്തായിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ റീജിയനിലെ യുക്മ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യും. ഉച്ചയ്ക്ക് 1.00 മണി മുതല്‍ വൈകുന്നേരം 06.00 മണി വരെയായിരിക്കും ജനറല്‍ ബോഡി യോഗം നടക്കുക എന്ന്‍ റീജിയണല്‍ സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍ അറിയിച്ചു.
യുക്മ ഈസ്റ്റ് ആംഗ്ലിയ പ്രസിഡണ്ട് രഞ്ജിത് കുമാര്‍ അസുഖം മൂലം ആശുപത്രിയില്‍ ആയതിനാല്‍ യോഗത്തില്‍ പങ്കെടുക്കുകയില്ല എന്ന്‍ അറിയിച്ചിട്ടുണ്ട്. യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ ഇത്തവണത്തെ ഭരണ സമിതി അധികാരത്തില്‍ വന്ന് ഏറെ താമസിയാതെ തന്നെ പ്രസിഡണ്ട് രഞ്ജിത് കുമാര്‍ അസുഖ ബാധിതന്‍ ആയിരുന്നു. തുടര്‍ന്ന്‍ അവധിയില്‍ പ്രവേശിച്ച ഇദ്ദേഹം യുക്മ നാഷണല്‍ കലാമേള ഈസ്റ്റ് ആംഗ്ലിയ റീജിയനില്‍ നടന്നപ്പോള്‍ അതില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന്‍ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന്‍ യുക്മ പ്രവര്‍ത്തനങ്ങളില്‍ സജീവമായി വരുന്നതിനിടയില്‍ ആണ് വീണ്ടും അസുഖം ആയി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ആക്ടിംഗ് പ്രസിഡണ്ട് സണ്ണിമോന്‍ മത്തായി, നാഷണല്‍ കമ്മറ്റിയംഗം തോമസ് മാറാട്ട്കളം, സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആയിരുന്നു റീജിയനില്‍ കലാമേള, കായികമേള തുടങ്ങിയവ വിജയകരമായി നടത്തിയത്. സ്ഥിരമായി സാമ്പത്തിക ബാധ്യതയില്‍ കലാശിക്കാറുള്ള കലാമേള പോലെയുള്ള പരിപാടികള്‍ ഇത്തവണ സാമ്പത്തിക അച്ചടക്കവും, സംഘടനാ പാടവവും കൈമുതലാക്കി ഈ ടീം സാമ്പത്തികമായി വിജയിപ്പിച്ചിരുന്നു. യുക്മ നടത്തിയ നേപ്പാള്‍ ചാരിറ്റി അപ്പീലിലും ഏറ്റവുമധികം തുക സമാഹരിച്ചത് ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ ആയിരുന്നു. ഇതുള്‍പ്പെടെയുള്ള അര്‍ദ്ധ വാര്‍ഷിക കണക്കും നാളത്തെ പൊതുയോഗത്തില്‍ അവതരിപ്പിക്കും.
നിലവില്‍ ഒഴിവുള്ള റീജിയണല്‍ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പാണ് നാളത്തെ യോഗത്തിലെ മറ്റൊരു അജണ്ട. ഇത് കൂടാതെ അദ്ധ്യക്ഷന്‍ അനുവദിക്കുന്ന മറ്റ് വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതായിരിക്കും. റീജിയന് കീഴിലുള്ള എല്ലാ അസോസിയേഷനുകളും തങ്ങളുടെ മൂന്ന്‍ പ്രതിനിധികളെയും യോഗത്തില്‍ പങ്കെടുപ്പിക്കണമെന്നും എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും റീജിയണല്‍ വൈസ് പ്രസിഡണ്ട് സണ്ണിമോന്‍ മത്തായി, സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിനും അറിയിച്ചു.
യോഗം നടക്കുന്ന സ്ഥലത്തിന്‍റെ അഡ്രസ്സ്:
St. Thomas Hall,
Ancaster Way,
Cambridge,
CB1 3TT