സ്പെഷ്യല്‍ കറസ്പോണ്ടന്റ് 

ലണ്ടന്‍: ഏഴു വര്‍ഷം പിന്നിട്ട യുകെ മലയാളികളുടെ ബഹുജന സംഘടന ആദ്യ കാലങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ചക്കളത്തി പോരിലേക്കു സ്വയം മൂക്കുകുത്തിയിരിക്കുന്നു. ബാലചാപല്യങ്ങള്‍ പിന്നിട്ട സംഘടന ഇപ്പോഴും ഉപജാപങ്ങളുടെയും കുത്തിത്തിരിപ്പിന്റെയും വേദിയാണെന്നു തെളിയിച്ച് റീജിയണല്‍ തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായപ്പോള്‍ അടുത്ത ശനിയാഴ്ച നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഉള്ള നീക്കങ്ങളും സജീവമായി. ഇക്കാര്യത്തില്‍ ഇലക്ഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഏകപക്ഷീയ തീരുമാനവുമായി മുന്നോട്ടു നീങ്ങിയ സംഘടനാ നേതൃത്വം പ്രതിക്കൂട്ടിലാകുമ്പോള്‍ മറുപക്ഷത്തു ശക്തമായ നേതൃനിര ഇല്ലെന്നതും പ്രശ്നമാകുന്നു. ഔദ്യോഗിക വിഭാഗത്തിനെതിരെ ശക്തമായ നീക്കം ഉണ്ടാകാതിരിക്കാന്‍ ഭരണഘടനാ ഭേദഗതി വരുത്തിയ നീക്കമാണ് മറുഭാഗത്തിന്റെ കരുത്തു ചോര്‍ത്താന്‍ കാരണമായത്. ഇതനുസരിച്ച് വിജയസാധ്യത ഉള്ള പലര്‍ക്കും ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക് കല്‍പ്പിച്ചിരിക്കുകയാണ്. ഇതിനിടെ കേരളത്തില്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ നടക്കുന്നത് പോലെ പണവും സ്ഥാനമാനങ്ങളും വരെ വാഗ്ദാനം ചെയ്തു നടത്തിയ റീജിയണല്‍ തിരഞ്ഞെടുപ്പുകള്‍ സംഘടനയുടെ മുഖം നഷ്ടമാക്കിയപ്പോള്‍ അതേ കാഴ്ചകള്‍ തന്നെ ദേശീയ തിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നു ഏറെക്കുറെ ഉറപ്പായി.

തര്‍ക്കം മുറുകുന്ന പക്ഷം നിലവിലുള്ള പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു സമവായ സ്ഥാനാര്‍ഥി എന്ന നിലയില്‍ വീണ്ടും രംഗത്ത് എത്താനുള്ള നീക്കങ്ങളും സജീവമായിട്ടുണ്ട്. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന നിലവിലെ പ്രസിഡന്റ് സാമൂഹ്യസേവനത്തേക്കാള്‍ തന്റെ കച്ചവട താല്‍പ്പര്യം സംരക്ഷിക്കാന്‍ ഏതു വിധത്തിലും രംഗത്ത് തുടരും എന്ന് മനസ്സിലാക്കിയ മറുഭാഗം ശക്തമായ നിലയില്‍ എതിര്‍പ്പ് ഉയര്‍ത്തുന്നതിനാല്‍ ഈ നീക്കം വിജയിക്കാന്‍ സാധ്യത കുറവാണ്. ഇരു വിഭാഗങ്ങളും പരസ്പരം കുറ്റപ്പെടുത്തി ചേരി തിരിയുന്നതോടെ സംഘടന കൂടുതല്‍ പ്രതിസന്ധിയില്‍ ആകുന്നതിനും സാധ്യതയുണ്ട്. യുക്മയുടെ ചരിത്രത്തിലെ ഏറ്റവും പിടിപ്പുകെട്ട ഭരണസമിതി എന്ന ആക്ഷേപത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍  നേതൃത്വം തന്നെ മനഃപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായുള്ള ആരോപണവും ശക്തമാണ്. ഇതിന് തെളിവാണ് മറുവിഭാഗം ചൂണ്ടിക്കാട്ടുന്ന ചോദ്യങ്ങള്‍ ഉത്തരം ഇല്ലാതെ മടങ്ങുന്നത്. ആരോപണങ്ങളില്‍ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്നതും വെളിപ്പെടുത്തുന്ന വസ്തുതയാണ്.

ഇക്കഴിഞ്ഞ കലാമേളയ്ക്ക് മുന്നോടിയായി കവന്‍ട്രിയില്‍ നടന്ന ദേശീയ എക്സിക്യൂട്ടീവില്‍ എടുത്ത തീരുമാനങ്ങള്‍ പ്രസിഡന്റും സെക്രട്ടറിയും കാറ്റില്‍ പറത്തിയാണ് അതിന് ശേഷം കാര്യങ്ങള്‍ നടന്നതെന്ന് എതിര്‍ വിഭാഗം ചൂണ്ടിക്കാണിക്കുന്നു. പിന്നീട് തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൂടിയ നാഷണല്‍ കമ്മറ്റി യോഗത്തില്‍ എടുത്ത തീരുമാനങ്ങളും പാടെ അവഗണിച്ച് ആണ് പ്രസിഡണ്ടും സെക്രട്ടറിയും മുന്‍പോട്ടു പോയത്.

ഭരണഘടന അനുസരിച്ച് ഇലക്ഷന്‍ കമ്മീഷനെ പ്രഖ്യാപിച്ചാണ് നടപടിക്രമങ്ങള്‍ മുന്നോട്ടു കൊണ്ട് പോകേണ്ടത്. എന്നാല്‍ ഇത്തവണ തിരഞ്ഞെടുപ്പ് ദിവസം വരെ ആര്‍ക്കും നോമിനേഷന്‍ നല്‍കാന്‍ സംവിധാനമില്ല.എന്നത് പ്രസിഡന്റ്, സെക്രട്ടറി പദവികള്‍ വഹിക്കുന്നവരെ കോമാളിക്കു തുല്യം വിശേഷിപ്പിക്കാന്‍ കരണമായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല സംഘടനയില്‍ സജീവമല്ലാത്ത ഒട്ടേറെ പ്രാദേശിക സംഘടനകളെ കൂട്ടുപിടിച്ചാണ് പ്രസിഡന്റ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇത് ആര്‍ക്കു വേണ്ടി, എന്തിനു വേണ്ടി എന്ന ചോദ്യങ്ങള്‍ക്കു ഉത്തരം ഇല്ലാത്ത സാഹചര്യം സൃഷ്ടിക്കുകയാണ്. സംഘടനയില്‍ ഇന്നേവരെ പ്രവര്‍ത്തിക്കുവാന്‍ തയ്യാറായിട്ടില്ലാത്ത രണ്ടു ഡസനോളം സംഘടനകളെ കേവലം വോട്ടവകാശം എന്ന ന്യായത്തില്‍ പിടിച്ചു വോട്ടെടുപ്പ് ദിവസം സ്ഥലത്തു എത്തിക്കാനും പ്രസിഡന്റും സെക്രട്ടറിയും ഊര്‍ജ്ജിതമായി രംഗത്തുണ്ട്.

നാഷണല്‍ കമ്മറ്റിയെ നോക്കുകുത്തിയാക്കി നടന്ന ഉപജാപ പ്രവര്‍ത്തനങ്ങള്‍ക്കു ഓക്‌സ്‌ഫോഡിലെ യുക്മ ഭാരവാഹിയുടെ വിവാഹവാര്‍ഷിക വിരുന്നുവേദിയാണ് പ്രധാന വേദിയായി മാറിയതെന്ന് ആക്ഷേപമുണ്ട്. ഈ ചടങ്ങു തന്നെ ഉപജാപത്തിനായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളെ എത്തിക്കാനായിരുന്നു എന്നും പറയപ്പെടുന്നു. പ്രസിഡന്റ് അടക്കമുള്ള ആളുകള്‍ക്ക് പങ്കാളിത്തമുള്ള ഒന്നിലേറെ ബിസിനസ് ഗ്രൂപ്പുകളുടെ പങ്കാളികളും ഈ ചര്‍ച്ചകളില്‍ പ്രധാന റോളില്‍ സ്ഥലത്തുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ യുകെ മലയാളികളുടെ വിവര ശേഖരണത്തിനായുള്ള ഏറ്റവും മികച്ച പ്ലാറ്റ്‌ഫോം എന്ന നിലയിലാണ് ഈ ബിസിനസ് ഗ്രൂപ്പുകള്‍ യുക്മയെ ഉപയോഗിക്കുന്നത്. സംഘടനാ കൊണ്ട് ഇതുവരെ ഫലം ഉണ്ടായതും അവര്‍ക്കു തന്നെ. അതിലെ പ്രധാന കണ്ണിയാണ് നിലവിലെ പ്രസിഡന്റ് എന്നതും ഈ ഗ്രൂപ്പുകള്‍ക്ക് നിര്‍ലോഭം പണം സ്വന്തമാക്കാന്‍ ഉള്ള വഴി ഒരുക്കിയിരിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിസ തട്ടിപ്പ് ഉള്‍പ്പെടെ നിരവധി കൊള്ളരുതായ്മകള്‍ നടത്തിയവര്‍ക്ക് സംരക്ഷണം നല്‍കുന്നതും യുക്മ പ്രസിഡണ്ട് ആണെന്നും ശക്തമായ ആരോപണമുണ്ട്. യുകെയില്‍ പലിശ ബിസിനസ് നടത്തുന്ന മാഫിയയും യുക്മ പ്രസിഡണ്ടിന്റെ തണലിലാണ് പ്രവര്‍ത്തിക്കുന്നത് എന്നും പറയപ്പെടുന്നു. ഇതിന് അവസാനം ഉണ്ടായേ പറ്റൂ എന്ന ചിന്താഗതിക്കാരാണ് ഇപ്പോള്‍ ജനാധിപത്യത്തിനായി അവകാശം ഉന്നയിച്ച് എത്തിയിരിക്കുന്നത്.

വോട്ടു പിടിക്കാനും സംഘടനയെ സമൂഹത്തിനു മുന്നില്‍ തരം താണ രാഷ്ട്രീയ ശൈലിയില്‍ ചേര്‍ത്ത് വയ്ക്കാനും കാണിക്കുന്ന ഉത്സാഹത്തിന്റെ നൂറില്‍ ഒരംശം മലയാളി സമൂഹത്തോട് കാട്ടാന്‍ നേതൃത്വം താല്‍പ്പര്യം കാട്ടാത്തതില്‍ യുക്മയില്‍ അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് പോലും എതിര്‍പ്പ് ശക്തമായ സാഹചര്യത്തിലാണ് കഴിവ് കേട്ട നേതൃത്വം എന്ന് സ്വയം തെളിയിച്ച ശേഷം തിരഞ്ഞെടുപ്പിലേക്ക് യുക്മ നേതാക്കള്‍ നീങ്ങുന്നത്.

ഇക്കഴിഞ്ഞ പുതുവര്‍ഷ ദിനത്തില്‍ മരിച്ച നിലയില്‍ അനാഥമായി കാണപ്പെട്ട ശിവപ്രസാദ് എന്ന മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ യുക്മ നേതൃത്വം ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാതിരുന്നതാണ് ഏറ്റവും ഒടുവില്‍ ഈ സംഘടനയുടെ ആവശ്യം എന്ത് എന്ന് ജനങ്ങളെ കൊണ്ട് ചോദിപ്പിക്കുന്നത്. സ്റ്റുഡന്റ് വിസയില്‍ നില്‍ക്കെ യുകെയില്‍ മരണപ്പെട്ട ജോസിയുടെ കാര്യത്തിലും യുക്മ യാതൊരു സഹായവും നല്‍കാന്‍ മുന്‍കൈ എടുത്തിരുന്നില്ല.  കൂട്ടായ സംഘടനയുടെ അഭാവത്തില്‍ സാധാരണക്കാരായ ആളുകളും മാധ്യമങ്ങളും നടത്തിയ ശ്രമത്തിനൊടുവില്‍ നാളെ ശിവപ്രസാദിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് യാത്ര ആകുമ്പോള്‍ യുക്മ നേതൃത്വത്തിന് അപമാനഭാരത്തില്‍ തല കുനിയ്ക്കാന്‍ മാത്രമേ കഴിയൂ. സമൂഹത്തിന് ആവശ്യമായ ഘട്ടങ്ങളില്‍ ഒരിക്കല്‍ പോലും വീണ്ടുവിചാരത്തോടെ രംഗത്ത് വരാന്‍ കഴിയാത്ത യുക്മ നേതൃത്വത്തിന്റെ അനാസ്ഥയ്ക്കുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറുകയാണ് ശിവപ്രസാദിന്റെ മരണം.

നാഷണല്‍ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുകയും അതില്‍ ഔദ്യോഗിക വിഭാഗം തോല്‍വി രുചിക്കുകയും ചെയ്താല്‍ ശിവപ്രസാദിന്റെ മരണം അടക്കമുള്ള കാര്യങ്ങളോട് മുഖം തിരിച്ച യുക്മ നേതാക്കള്‍ക്കുള്ള മറുപടിയായി മാറും ആ തോല്‍വി. എന്നതാണ് വിവിധ റീജിയനുകളില്‍ നിന്നുള്ള പ്രതിനിധികള്‍ നല്‍കുന്ന സൂചന. അതേസമയം, മുന്‍കാലങ്ങളിലെ പോലെ വീതം വയ്പ്പ് നടത്തി സംഘടനാ ഭാരവാഹിത്വം ഇരു പക്ഷത്തിനുമായി നല്‍കി ഒത്തു തീര്‍പ്പു നടത്താനും സംഘടനയ്ക്ക് വെളിയില്‍ ഉള്ള ഒരു സംഘം ആളുകള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.