പി.ആര്‍.ഒ. യുക്മ 

യുക്മയുടെ എട്ടാമത് ദേശീയ കലാമേള അരങ്ങേറുന്നത് മലയാള ചലച്ചിത്ര ലോകത്ത് തന്റേതായ സാമ്രാജ്യം സൃഷ്ടിച്ച് അകാലത്തില്‍ വിട പറഞ്ഞ അനശ്വര നടന്‍ കലാഭവന്‍ മണിയുടെ നാമധേയത്തിലുള്ള നഗരിയില്‍. മലയാളത്തിലെ ചലച്ചിത്ര ആസ്വാദകരുടെ മനസിലേയ്ക്ക് നാടന്‍ പാട്ടുകളുടെ പിന്‍ബലത്തോടെ തന്റേതായ വഴി തെളിച്ച് സാധാരണക്കാരില്‍ നിന്ന് ഉയര്‍ന്ന് വന്ന അതുല്യകലാകാരന്റെ നാമം യുക്മയുടെ ദേശീയ കലാമേള നടക്കുന്ന നഗരിയ്ക്ക് നല്‍കുന്നത് ഏറെ അഭിമാനത്തോടെയാണെന്ന് യുക്മയുടെ ദേശീയ നേതൃത്വം വ്യക്തമാക്കി. നാട്ടില്‍ നിന്നും ബ്രിട്ടണ്‍ സന്ദര്‍ശിക്കാനെത്തിയ കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ ശ്രീ. എ. പ്രദീപ്കുമാറാണ് കലോത്സവവേദിയ്ക്ക് ‘കലാഭവന്‍ മണി നഗര്‍’ എന്ന് നാമകരണം നടത്തിയത്. പേരാവൂര്‍ എം.എല്‍.എ ശ്രീ സണ്ണി ജോസഫ് ലോഗോ പ്രകാശന കര്‍മ്മവും നിര്‍വഹിച്ചു.

കലാമേള നാമകരണ വേദിയില്‍ എ. പ്രദീപ്‌ കുമാര്‍ എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ എന്നിവര്‍ യുക്മ ഭാരവാഹികള്‍ക്കൊപ്പം

മലയാള സാഹിത്യ സാംസ്‌ക്കാരിക വിഹായസിലെ മണ്മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും നാമങ്ങളിലാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ യുക്മ കലാമേള നഗറുകള്‍ അറിയപ്പെട്ടിരുന്നത്. കലാമേളയുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഈ ഓരോ നാമങ്ങളും. സംഗീത കുലപതികളായ സ്വാതി തിരുന്നാള്‍ മഹാരാജാവും ദക്ഷിണാമൂര്‍ത്തി സ്വാമികളും എം.എസ്.വിശ്വനാഥനും, അഭിനയ തികവിന്റെ പര്യായമായിരുന്നു പത്മശ്രീ തിലകനും, ജ്ഞാനപീഠ അവാര്‍ഡ് ജേതാവ് മഹാകവി ഒ.എന്‍.വി.കുറുപ്പുമെല്ലാം അത്തരത്തില്‍ ആദരിക്കപ്പെട്ടവരായിരുന്നു. ആ നിരയിലേയ്ക്കാണ് ഇത്തവണ സാധാരണ ജനങ്ങളുടെ ആവേശമായിരുന്ന കലാഭവന്‍ മണിയുടെ പേരും കൂട്ടിച്ചേര്‍ക്കപ്പെടുന്നത്.

പ്രവാസി മലയാളികളുടെ ആഘോഷാവസരങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഇനമാണ് കലാഭവന്‍ മണി നമ്മുടെ എല്ലാം മനസ്സുകളില്‍ പാടിപതിപ്പിച്ച നാടന്‍ പാട്ടുകള്‍. അഭിനേതാവ് എന്ന നിലയില്‍ ഹാസ്യം മുതല്‍ സഹനടനായും നായകനായും വില്ലന്‍ വേഷത്തിലും കലാഭവന്‍ മണി തിളങ്ങി. തമിഴ്, തെലുങ്ക് ഉള്‍പ്പടെയുള്ള തെന്നിന്ത്യന്‍ സിനിമകളിലും വില്ലന്‍ വേഷത്തില്‍ ഉള്‍പ്പടെ തിളക്കമാര്‍ന്ന അഭിനയം കാഴ്ചവെച്ചു. ഒപ്പം മിമിക്രിയിലുടെയും മലയാളത്തിന്റെ മനസില്‍ മണി കുടിയേറി. അനുകരണ കലയ്ക്ക് അധുനികകാലത്ത് പുതുജീവന്‍ നല്‍കിയതിന് കലാഭവന്‍ മണി നല്‍കിയ സംഭാവന വലുതാണ്. മണ്‍മറഞ്ഞതോ പാടിപ്പഴകിയതോ ആയ നാടന്‍ പാട്ടുകള്‍ക്ക് പുതുജീവന്‍ നല്‍കിയതും മണിയുടെ ശബ്ദ മാധുരിയിലൂടെയാണ്. പ്രവാസികളുടെ ആഘോഷം എന്തുമാവട്ടെ, അതിലൊരു കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുമുണ്ടാവും. അതിന് യൂറോപ്പെന്നോ അമേരിക്കയെന്നോ ഓസ്‌ട്രേലിയയെന്നോ ഒന്നും വ്യത്യാസമില്ല.

ചാലക്കുടിക്കാരന്‍ രാമന്റേയും, അമ്മിണിയുടേയും ആറാമത്തെ പുത്രനായി 1971നാണ് മണിയുടെ ജനനം. ദാരിദ്രം നിറഞ്ഞ ചെറുപ്പക്കാലത്തിന്റെ അനുഭവം മാത്രമാണ് മണിയെ മറ്റു ചലച്ചിത്രതാരങ്ങളില്‍ നിന്ന് വിട്ട് നിര്‍ത്തി അയല്‍ക്കാരുടെ സ്വന്തക്കാരനാക്കിയത്. ജീവിതത്തിന്റെ രണ്ടറ്റം തട്ടിമുട്ടിക്കാനും വേണ്ടി ആദ്യമായി ഓട്ടോ ഡ്രൈവറായി വേഷമിട്ടു. പിന്നീട് തെങ്ങുക്കയറ്റം, മണല്‍വാരല്‍, കിണറുകുത്തല്‍… അങ്ങനെ മണി ചെറുപ്പക്കാലം മുതല്‍ തന്നെ ജീവിക്കാന്‍ തുടങ്ങി. ജീവിതം കാണാന്‍ തുടങ്ങി. അതിനിടെയില്‍ പരീക്ഷ ബോര്‍ഡ് തടഞ്ഞുവച്ച് എസ്എസ്എല്‍സി ബുക്ക് വേണ്ടെന്ന് വച്ച് എന്‍സിസി സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ സിഐഎസ്എഫില്‍ ജോലിക്ക് ശ്രമിച്ചു. എന്നാല്‍ പഞ്ചാബിലേക്ക് നിയമനം ലഭിച്ചതിനാല്‍ ഓട്ടോയും തെങ്ങുക്കയറ്റവുമായി മണിയുടെ ജീവിതം മുന്നോട്ട് പോയി.

സണ്ണി ജോസഫ് എംഎല്‍എ കലാമേളയുടെ ലോഗോ പ്രകാശനം ചെയ്യുന്നു

കൊച്ചിന്‍ കലാഭവന്‍ മിമിക്‌സ് പരേഡ് ട്രൂപ്പിലൂടെയാണ് കലാഭവന്‍ മണി കലാരംഗത്തേക്ക് കടന്നുവരുന്നത്. കോമഡി വേഷങ്ങളിലൂടെ ചലച്ചിത്രലോകത്തേയ്ക്കും. നാടന്‍ പാട്ടുകളുടെ അവതരണം തന്നെയാണ് മണിയെ മറ്റ് കലാകാരന്മാരില്‍നിന്ന് വേറിട്ടവനാക്കിയത്. നാടന്‍ പാട്ടുകള്‍ കൊണ്ട് മലയാളിയുടെ ആഘോഷദിനങ്ങളെ മണി എന്നും വ്യത്യസ്തമാക്കി. കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ പാടി പ്രചരിച്ചിരുന്ന നാടന്‍ പാട്ടുകള്‍ പുതിയ തലമുറയിലെ സിനിമാ സംഗീതത്തിന് വഴിമാറിയത് മണിയിലൂടെയാണ്. മലയാളയുവത്വം നാടന്‍പാട്ടുകള്‍ പാടിത്തുടങ്ങിയതും മണി പാടിയ പാട്ടുകളിലൂടെയായിരുന്നു.

കലാഭവനിലെ ജീവിതത്തിനിടെ സിനിമയില്‍ മുഖം കാണിക്കാന്‍ ആഗ്രഹം ഉടലെടുത്തു. ഒരു തമിഴ് സിനിമയില്‍ മുഖം കാണിച്ചു. കിട്ടിയത് 150 രൂപയും വയറുനിറയെ ഭക്ഷണവും. മണിക്ക് അത് മതിയായിരുന്നു. പിന്നീട് സംവിധായകന്‍ അമ്പിളിയുടെ സമുദായം എന്ന ചിത്രത്തില്‍ മാമുക്കോയയുടെ സഹായിയായി വേഷമിട്ടു. അക്ഷരം എന്ന ചിത്രത്തില്‍ ഓട്ടോ ഡ്രൈവറുടെ വേഷവും. അങ്ങനെ മിമിക്രിയും ഓട്ടോ ഓടിക്കലുമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോള്‍ അപ്രതീക്ഷിതമായി സുന്ദര്‍ദാസ് – ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം ലഭിച്ചതോടെ മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി.

ങ്യാഹാ…ഹ്…ഹാ എന്ന ചിരിയിലുടെ മലയാളിയുടെ അഭിമാനതാരമായ മണി സഹനടനായി ശ്രദ്ധ നേടിയ ശേഷം നായക – വില്ലന്‍ വേഷങ്ങളിലേക്ക് മണി ചേക്കേറി. പിന്നീട് തിരിഞ്ഞു നോക്കിയില്ല. അന്ധഗായകന്റെയും കുടുംബത്തിന്റെയും കഥ പറഞ്ഞ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ മണിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ്. ഇതിലെ അഭിനയത്തിന് ഒരുവേള സംസ്ഥാന പുരസ്‌കാരത്തിന് വരെ പരിഗണിക്കപ്പെട്ടു. വാസന്തിയും ലക്ഷമിയും ഞാനും പോലെ ശ്രദ്ധിക്കപ്പെട്ട കരുമാടിക്കുട്ടന്‍ മണിയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു പ്രധാനപ്പെട്ട സിനിമയായിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ സഹതാരമായും വില്ലനായും പ്രേക്ഷക ശ്രദ്ധ നേടി. തമിഴില്‍ ജെമിനി, എന്തിരന്‍, അന്യന്‍… ആ നിര നീണ്ടതാണ്…തെന്നിന്ത്യയുടെ നൊമ്പരമായി മണി മാഞ്ഞെങ്കിലും പ്രവാസി മലയാളിയുടെ മനസിലുണ്ട്, കാലമെത്ര കടന്നുപോയാലും ആ മണി ചിരി.

കലാമേള നടക്കുന്ന വേദിയുടെ വിലാസം

The Herefield Academy,
Northwood way
Herefield,
Uxbridge
UB9 6ET.