സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

പത്താമത് യുക്മ ദേശീയ കലാമേളയ്ക്ക് നാളെ തിരി തെളിയുന്നു. ചരിത്രപ്രസിദ്ധമായ മാഞ്ചസ്റ്ററിലെ പാർസ് വുഡ് സെക്കണ്ടറി സ്കൂളിൽ, മുൻ കേരളാ ചീഫ് സെക്രട്ടറിയും പ്രഗത്ഭനായ ചലച്ചിത്ര ഗാനരചയിതാവും കവിയും തിരക്കഥാകൃത്തുമായ ശ്രീ കെ ജയകുമാർ ഐ എ എസ് മേള ഉദ്ഘാടനം ചെയ്യും. യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള യോഗത്തിൽ അധ്യക്ഷത വഹിക്കും.

തെന്നിന്ത്യൻ ചാരുതയുമായി ഹിന്ദിയുടെ ഹൃദയം കീഴടക്കിയ അഭിനയ ചക്രവർത്തിനി അന്തരിച്ച ശ്രീദേവിയുടെ ബഹുമാനാർത്ഥം “ശ്രീദേവി നഗർ” എന്ന് നാമകരണം ചെയ്തിരിക്കുന്ന കലാമേള നഗറിൽ ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് രജിസ്‌ട്രേഷൻ ആരംഭിക്കും. കൃത്യം പത്തുമണിക്ക് അഞ്ച് വേദികളിലും മത്സരങ്ങൾ ആരംഭിക്കും. മത്സരങ്ങളുടെ താള ക്രമത്തിന് യാതൊരു വിധത്തിലുമുള്ള അസൗകര്യങ്ങളും ഉണ്ടാകാത്തവിധമാണ് പ്രൗഢ ഗംഭീരമായ ഉദ്ഘാടനസമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.

യുക്മ കലാമേളകളുടെ ചരിത്രത്തിൽ ആദ്യമായി എട്ട് റീജിയണുകളിൽ നിന്നുള്ള വിജയികൾ മാറ്റുരക്കുന്ന വേദിയായി മാഞ്ചസ്റ്ററിലെ “ശ്രീദേവി നഗർ” മാറുകയാണ്. യുക്മ നോർത്ത് വെസ്റ്റ് റീജിയൺ ആണ് കലാമേളയുടെ ആതിഥേയർ. ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, കലാമേള ജനറൽ കൺവീനർ സാജൻ സത്യൻ, ഇവന്റ് ഓർഗനൈസർ ഷീജോ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ കലാമേളയുടെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായിക്കഴിഞ്ഞു.

2010 ൽ ബ്രിസ്റ്റോളിൽ ആണ് പ്രഥമ യുക്മ ദേശീയ കലാമേള നടക്കുന്നത്. തുടർന്ന് 2011 ൽ സൗത്തെൻഡ് ഓൺ-സി യിലും, 2012 ൽ സ്റ്റോക്ക് ഓൺ-ട്രെൻഡിലും ദേശീയ കലാമേളകൾ നടന്നു. ലിവർപൂൾ 2013 കലാമേളയ്ക്ക് ആതിഥേയത്വം വഹിച്ചപ്പോൾ, യുക്മയുടെ ജന്മഭൂമിയായ ലെസ്റ്റർ 2014 ദേശീയ കലാമേളയ്ക്ക് അരങ്ങൊരുക്കി. 2015 ൽ ഹണ്ടിങ്ടണിലും, 2016 ൽ വിശ്വമഹാകവി വില്യം ഷേക്‌സ്‌പെയറിന്റെ ജന്മനാടായ വാർവിക്കിലും യുക്മ കലാമേളകൾ അരങ്ങേറി. ആദ്യമായി ലണ്ടനിൽ അരങ്ങേറിയ ദേശീയ മേളയായി 2017 ലെ ഹെയർഫീൽഡ് കലാമേള. 2018 ലെ യുക്മ ദേശീയ കലാമേള ഷെഫീൽഡിൽ നടന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുക്മ സ്റ്റാർസിംഗർ (ജൂനിയർ) സീസൺ 4 ഉദ്ഘാടനവും കലാമേള വേദിയിൽ

കലാമേളകൾ കഴിഞ്ഞാൽ യുക്മയുടെ ഏറ്റവും ജനപ്രിയ പ്രോഗ്രാം ആയ സ്റ്റാർ സിംഗറിന്റെ സീസൺ 4 ഉദ്ഘാടനവും കലാമേള വേദിയിൽ നടക്കും. യുക്മ സാംസ്ക്കാരിക വേദിയും മാഗ്‌ന വിഷൻ ടി വി യും ചേർന്ന് ഒന്നിച്ചു അണിയിച്ചൊരുക്കുന്ന “യുക്മ സ്റ്റാർസിംഗർ സീസൺ 4”, മുൻ സീസണുകളിൽനിന്നും വ്യത്യസ്തമായി എട്ട് വയസ്സിനും പതിനാറ് വയസ്സിനും ഇടയിൽ പ്രായമുള്ള ഗായകർക്ക് വേണ്ടിയാണ് സംഘടിപ്പിക്കപ്പെടുന്നത്.

ശ്രീദേവി നഗറിലേക്ക് സ്വാഗതം

പത്താമത് ദേശീയ കലാമേളയിൽ കരുത്തരായ മാഞ്ചസ്റ്റർ മലയാളി അസോസിയേഷന്റെ മികവിൽ ആതിഥേയരായ നോർത്ത് വെസ്റ്റ് റീജിയൺ ചാമ്പ്യന്മാരാകുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പുകളിലാണ്‌ മിഡ്‌ലാൻഡ്‌സ് റീജിയണും. കിരീടം നിലനിർത്താൻ യോർക്‌ഷെയർ ആൻഡ് ഹംബർ റീജിയണും, മേളയിലെ കറുത്ത കുതിരകളാകാൻ സൗത്ത് വെസ്റ്റും സജ്ജരായിക്കഴിഞ്ഞു. ആകാംക്ഷയുടെ മണിക്കൂറുകൾക്ക് സാക്ഷ്യം വഹിക്കാൻ ഏവരെയും മാഞ്ചസ്റ്ററിലേക്ക് സ്വാഗതം ചെയ്യുന്നു.

കലാമേള നഗറിലേക്ക് പ്രവേശിക്കുന്നവർ മുൻ വർഷങ്ങളിലേത്‌ പോലെതന്നെ പ്രവേശന ഫീസ് നൽകി റിസ്റ്റ് ബാൻഡ് വാങ്ങിയിരിക്കേണ്ടതാണ്. മിതമായ നിരക്കിൽ വിവിധ ഭക്ഷണ ശാലകൾ കലാമേള നഗറിൽ തുറന്ന് പ്രവർത്തിക്കുന്നതാണ്. സൗജന്യ കാർ പാർക്കിംഗ് സൗകര്യവും കലാമേള നഗറിൽ ഉണ്ടായിരിക്കുന്നതാണ്. മാഗ്‌ന വിഷൻ ടി വി കലാമേള സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. Kalamela Nagar Address:- Parrs Wood High School & 6th Form, Wilmslow Road, Manchester – M20 5PG