സജീഷ് ടോം

യുക്‌മയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നാലാമത്‌ മത്സര വള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള “യുക്മ-കൊമ്പന്‍ കേരളാ പൂരം 2020” ജൂണ്‍ 20 ശനിയാഴ്ച സൗത്ത് യോര്‍ക്‌ഷെയറിലെ റോതെര്‍ഹാമില്‍ നടക്കുമെന്ന് യുക്മ പ്രസിഡന്റ് മനോജ്‌കുമാര്‍ പിള്ള അറിയിച്ചു.

2017 ല്‍ മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായ ഭരണസമിതിയുടെ നേതൃത്വത്തില്‍ യൂറോപ്പിലാദ്യമായി സംഘടിപ്പിക്കപ്പെട്ട മത്സരവള്ളംകളിയ്ക്കും കാര്‍ണിവലിനും വന്‍ ജനപങ്കാളിത്തമാണ്‌ ലഭിച്ചത്‌. 22 ടീമുകള്‍ മത്സരിക്കാനും ഏകദേശം മൂവായിരത്തോളം ആളുകള്‍ വീക്ഷിക്കാനുമെത്തിയ ആദ്യ വള്ളംകളി 2017 ജൂലൈ 29ന് റഗ്‌ബിയില്‍ വച്ചാണ് സംഘടിപ്പിക്കപ്പെട്ടത്. ആദ്യവള്ളംകളി മത്സരം യു കെ മലയാളികളില്‍ അത്യഭൂതപൂര്‍വ്വമായ ആവേശമാണ് ഉയര്‍ത്തിയത്‌. 2018 ജൂണ്‍ 30ന് നടന്ന രണ്ടാമത് വള്ളംകളി സംഘടിപ്പിക്കപ്പെട്ട ഓക്സ്ഫോര്‍ഡില്‍ 32 ടീമുകളും നാലായിരത്തിലധികം കാണികളും പങ്കുചേര്‍ന്നു.

2019 ഓഗസ്റ്റ് 31-നായിരുന്നു മൂന്നാമത് കേരളാപൂരം മത്സര വള്ളംകളി നടന്നത്. സൗത്ത് യോര്‍ക്‌ഷെയറിലെ റോതെര്‍ഹാം മാന്‍വേര്‍സ് തടാകം ആദ്യമായി യുക്മ കേരളാപൂരത്തിന് വേദിയായി. നാടിന്റെ സംസ്ക്കാരത്തനിമയും നാട്ടാരുടെ വള്ളംകളിയോടുള്ള സ്നേഹവുമായിരിക്കണം, തദ്ദേശീയരുള്‍പ്പെടെ ആയിരക്കണക്കിന് കാണികളാണ് മാന്‍വേര്‍സ് തടാകക്കരയിലേക്ക് ഒഴുകിയെത്തിയത്.

മത്സരിക്കാനെത്തുന്ന ടീമുകളുടെ എണ്ണം 24 ആയി പരിമിതപ്പെടുത്തിയതുകൊണ്ട് ടീമുകള്‍ക്ക് തുഴയുന്നതിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാനായി എന്നത് മൂന്നാമത് കേരളാപൂരം വള്ളംകളിയുടെ സവിശേഷതയായി. മത്സരങ്ങള്‍ക്കിടയില്‍ കൂടുതല്‍ സമയം ഇതര സാംസ്ക്കാരിക പരിപാടികള്‍ക്ക് നീക്കി വയ്ക്കുന്നതിനും മാന്‍വേര്‍സ് തടാകം സാക്ഷിയായി.

നാലാമത് യുക്മ വള്ളംകളിക്കും മാന്‍വേര്‍സ് തടാകം തന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെടുമ്പോള്‍ കളിയോടങ്ങള്‍ക്കും തുഴയെറിഞ്ഞ് അങ്കം ജയിക്കാനെത്തുന്നവര്‍ക്കും അപരിചിതത്വത്തിന്റെ ലാഞ്ചനപോലും ഉണ്ടാവില്ല. കാണികളായി എത്തുന്ന ആളുകളുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളില്‍ നിന്നും പ്രകടമായ വര്‍ദ്ധനവാണ്‌ പ്രതീക്ഷിക്കുന്നത്‌.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാന്‍വേഴ്സ് തടാകവും അനുബന്ധ പാര്‍ക്കുമെല്ലാമായി ഏഴായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളുന്നതിനുള്ള സൗകര്യമുണ്ട്‌. വള്ളംകളി മത്സരം നടത്തപ്പെടുന്നതിനും പാര്‍ക്കിംഗിനുമുള്ള സൗകര്യങ്ങള്‍ക്കൊപ്പം മാന്‍വേര്‍സ് മാനേജ്മെന്റിന്റെ സഹകരണവും പിന്തുണയും കൂടിയാണ് വീണ്ടും മാന്‍വേര്‍സ് തന്നെ യുക്മ വള്ളംകളിക്ക് വേദിയായി തെരഞ്ഞെടുക്കാന്‍ കാരണമെന്ന് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെയും വള്ളംകളി ജനറല്‍ കണ്‍വീനര്‍ ആയിരുന്ന, യുക്മ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്ററ്യന്‍ പറഞ്ഞു.

ഇത്തവണ യുക്മ വള്ളംകളിയുടെ ടൈറ്റില്‍ സ്പോണ്‍സേഴ്സ് ആയി എത്തുന്നത് പാലക്കാടന്‍ മട്ട അരിയില്‍ നിന്നുണ്ടാക്കുന്ന കൊമ്പന്‍ ബിയര്‍ കമ്പനിയാണ്.

ലണ്ടനിലെ പ്രമുഖ ഭക്ഷണശാലകളിലെല്ലാം ബ്രിട്ടീഷുകാരെ മയക്കിവീഴ്ത്തുന്ന പ്രിയപ്പെട്ട ബിയറെന്ന ഖ്യാതി നേടിക്കഴിഞ്ഞ ‘കൊമ്പന്‍ ബിയര്‍’ കമ്പനിയുടെ സ്ഥാപകന്‍ മലയാളിയായ വിവേക് പിള്ളയാണ്. മലയാളികളുടെ സ്വന്തം പാലക്കാടന്‍ മട്ട അരിയില്‍ നിന്നുണ്ടാക്കുന്ന ‘കൊമ്പന്‍’ ബിയറിന് മൂന്ന് വര്‍ഷം കൊണ്ട് ബ്രിട്ടീഷ് ജനതയ്ക്കിടയില്‍ സ്വീകാര്യത വരുത്തുവാന്‍ കഴിഞ്ഞുവെന്നുള്ളത് കൊച്ചിക്കാരനായ വിവേക് പിള്ളയെന്ന ബിസിനസുകാരന്‍റെ വന്‍വിജയമാണ്. കൊമ്പന്‍ ബിയര്‍ കമ്പനിയുടെ പേര് ചേര്‍ത്തുള്ള “യുക്മ- കൊമ്പന്‍ കേരളാ പൂരം 2020” ലോഗോ പ്രകാശനം കഴിഞ്ഞ ശനിയാഴ്ച്ച മാന്‍വേഴ്സ് തടാക ട്രസ്റ്റിന്റെ ഓഫീസില്‍ നടന്നു. യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, മാന്‍വേഴ്സ് ട്രസ്റ്റ് മാനേജ്മെന്റിന്റെ ഭാരവാഹികള്‍, കൊമ്പന്‍ ബിയര്‍ കമ്പനിയുടെ അക്കൗണ്ട് മാനേജര്‍ ജോസഫ്. എസ്, യുക്മ നേതാക്കളായ മാമ്മന്‍ ഫിലിപ്പ്, ജയകുമാര്‍ നായര്‍, വര്‍ഗ്ഗീസ് ഡാനിയല്‍ എന്നിവര്‍ പങ്കെടുത്തു.

പ്രധാന സ്റ്റേജ്‌, ഭക്ഷണ ശാലകള്‍, പ്രദര്‍ശന സ്റ്റാളുകള്‍ എന്നിവ തടാകത്തിന് ചുറ്റുമുള്ള പുല്‍ത്തകിടിയിലാവും ഒരുക്കുന്നത്‌. ഒരേ സ്ഥലത്ത്‌ നിന്നു തന്നെ വള്ളംകളി മത്സരങ്ങളും സ്റ്റേജ്‌ പ്രോഗ്രാമുകളും കാണുന്നതിനുള്ള അവസരമുണ്ടായിരിക്കും. കൂടാതെ മൂവായിരത്തിലധികം കാറുകള്‍ പാര്‍ക്ക്‌ ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്‌.

“യുക്മ-കൊമ്പന്‍ കേരളാപൂരം 2020″ന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ മനോജ് കുമാര്‍ പിള്ള (07960357679), അലക്സ് വര്‍ഗ്ഗീസ് (07985641921), എബി സെബാസ്റ്റ്യന്‍ (07702862186) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

വള്ളംകളി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-

MANVERS LAKE, STATION ROAD, WATH – UPON – DEARNE, S63 7DG.