കുര്യൻ ജോർജ് ( യുക്മ സാംസ്കാരിക സമിതി നാഷണൽ കോർഡിനേറ്റർ)
യുക്മ സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ യുക്മയും മാഗ്നാവിഷൻ TV യും ചേർന്നു സംഘടിപ്പിക്കുന്ന യുക്മ – മാഗ്നവിഷൻ സ്റ്റാർ സിംഗർ സീസൺ 4 ജൂണിയർ റിയാലിറ്റി ഷോയുടെ ലോഗോ പ്രകാശനം നവംബർ രണ്ടിന് 10-ാ മത് യുക്മ ദേശീയ കലാമേള നടന്ന ശ്രീദേവീ നഗറിൽ വെച്ചു നടത്തപ്പെട്ടു. ദേശീയ കലാമേളയുടെ പ്രധാന വേദിയിൽ പ്രൌഢ ഗംഭീരമായ സദസ്സിനെ സാക്ഷി നിർത്തി യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാർ പിള്ള ലോഗോ പ്രകാശനം ചെയ്തു. യുക്മ നാഷണൽ പി ആർ ഒ യും, സ്റ്റാർസിംഗർ സീസൺ 2, സീസൺ 3 എന്നിവയുടെ ചീഫ് പ്രോഗ്രാം കോർഡിനേറ്ററുമായിരുന്ന സജീഷ് ടോം ആമുഖ പ്രഭാഷണം നടത്തി. ചടങ്ങിൽ സ്റ്റാർ സിംഗർ സീസൺ 4 ജൂണിയറിന്റെ ചീഫ് പ്രോഗ്രാം കോർഡിനേറ്റർ സെബാസ്റ്റ്യൻ മുതുപാറക്കുന്നേൽ, മാഗ്നാവിഷൻ TV മാനേജിംഗ് ഡയറക്ടർ ഡീക്കൺ ജോയിസ് പള്ളിക്കമ്യാലിൽ എന്നിവർ സ്റ്റാർ സിംഗർ സീസൺ 4 നെക്കുറിച്ചു സംസാരിച്ചു. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി 8 വയസ്സിനും 16 വയസ്സിനും ഇടയിൽ പ്രായമുള്ള കൊച്ചു ഗായകരാണ് സീസൺ 4 ൽ ആവേശമുണർത്താൻ എത്തുന്നത്. മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും കൂടുതൽ രസകരവും ആസ്വാദ്യകരവുമായ രീതിയിലായിരിക്കും സീസൺ 4 വിഭാവനം ചെയ്തിരിക്കുന്നത്.
യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യൻ, യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി.എ.ജോസഫ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, നാഷണൽ കോ-ഓർഡിനേറ്റർ കുര്യൻ ജോർജ്ജ്, ജനറൽ കൺവീനർമാരായ തോമസ് മാറാട്ടുകളം, ജയ്സൺ ജോർജ്ജ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഡിസംബർമാസത്തോടെ ഓഡിഷൻ പൂർത്തിയാക്കി ആദ്യറൗണ്ട് മത്സരങ്ങൾ ജനുവരി പകുതിയോടെ നടത്തുവാനാണ് ഉദ്ദേശിക്കുന്നത്. യു കെ മലയാളികൾക്കിടയിലെ അറിപ്പെടുന്ന ഗായകനായ സെബാസ്റ്റ്യൻ മുതുപാറക്കുന്നേലിന്റെ നേതൃത്വത്തിൽ, സ്റ്റാർ സിംഗറിന്റെ ആദ്യ സീസണുകളിലെ അമരക്കാരനായിരുന്ന ഹരീഷ് പാലാ, സീസൺ 3 വിജയി സാൻ ജോർജ്ജ് തോമസ്, മാഗ്നവിഷൻ TV ടീം എന്നിവർ ചേർന്ന് ആവശ്യമായ തയ്യാറെടുപ്പുകൾ ഇതിനോടകം തുടങ്ങി കഴിഞ്ഞു.
പ്രഗത്ഭരായ വിധികർത്താക്കൾ വിലയിരുത്തിയശേഷമായിരിക്കും സ്റ്റാർ സിംഗർ സീസൺ 4 ജൂണിയർ ആദ്യറൗണ്ടിലേയ്ക്കുള്ള മത്സരാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.
ഉത്ഘാടനം മുതൽ ഗ്രാൻഡ് ഫിനാലേ വരെ എട്ടുമാസങ്ങൾകൊണ്ട് പൂർത്തിയാക്കുന്നരീതിയിലാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. മത്സരറൗണ്ടിലെ എല്ലാഗാനങ്ങളും മാഗ്നാവിഷൻ TV സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾ വിശദമായി വരും ദിവസങ്ങളിൽ മാദ്ധ്യമങ്ങളിലൂടെ അറിയിക്കുന്നതാണ്.
Leave a Reply