സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

യു കെ യിലെ പ്രാദേശീക മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ പുതിയ  ദേശീയ സാരഥികൾ അടുത്ത രണ്ടു വർഷങ്ങളിലെ കർമ്മ പദ്ധതികൾ ആസൂത്രം ചെയ്ത് മുന്നോട്ടുള്ള പ്രയാണം ആരംഭിച്ചു കഴിഞ്ഞു. 2021 ജനുവരി വരെയുള്ള രണ്ടുവർഷക്കാലമാണ് പുതിയ ഭരണസമിതിയുടെ കാലാവധി. രാജ്യത്തിന്റെ വിവിധ മേഖലകളിൽനിന്നെത്തി, ഒരു സംഘനിര രൂപപ്പെടുത്തി രണ്ടു വർഷക്കാലം ദേശീയ തലത്തിൽ സംഘടനയെ മുന്നോട്ടു നയിക്കുകയെന്ന ശ്രമകരവും, ഒപ്പം ഏറെ അഭിമാനകരവുമായ ചുമതലയാണ് ഇവർ  ഏറ്റെടുത്തിരിക്കുന്നത്.

ലോക പ്രവാസി മലയാളികളുടെ ഭൂപടത്തിൽ യുക്മയുടെ സ്ഥാനം അതുല്യമാണ്.  മറ്റു പല രാജ്യങ്ങളിലും പ്രവാസി ദേശീയ പ്രസ്ഥാനങ്ങൾ മലയാളികൾക്ക് ഒന്നിലേറെ ഉള്ളപ്പോൾ, യു കെ യിൽ യുക്മ എന്ന ഒരേ ഒരു ദേശീയ പ്രസ്ഥാനം മാത്രമാണ് യു കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായി നിലകൊള്ളുന്നത്. ഇത് യുക്മയുടെ പ്രസക്തി വാനോളമുയർത്തുമ്പോൾ, പുത്തൻ ദേശീയ നേതൃത്വം ഏറ്റെടുക്കുന്ന ഉത്തരവാദിത്വത്തിന്റെ പ്രാധാന്യവും ഗൗരവവും വർദ്ധിക്കുന്നു. പുത്തൻ കർമ്മപഥത്തിൽ പരിണിതപ്രജ്ഞർ ആയ നവ നേതൃനിരയെ നമുക്കൊന്ന് പരിചയപ്പെടാം.

പ്രസിഡന്റ് – മനോജ്‌കുമാർ പിള്ള

യുക്മ സൗത്ത് ഈസ്റ്റ് റീജിയണിലെ ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയിൽനിന്നുള്ള ശ്രീ മനോജ്‌കുമാർ പിള്ളയാണ് പുതിയ ദേശീയ പ്രസിഡന്റ്. യുക്മയുടെ പ്രഥമ റീജിയണായി രൂപീകരിക്കപ്പെട്ട സൗത്ത് ഈസ്റ്റ് – സൗത്ത് വെസ്റ്റ് സംയുക്ത റീജിയന്റെ ജനറല്‍ സെക്രട്ടറി എന്നനിലയിലാണ് മനോജ്‌കുമാർ യുക്മയിലെ ഒരു പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നത്. 2015 ൽ സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡന്റായും, 2017 ൽ യുക്മ സാംസ്ക്കാരികവേദി ദേശീയ ജനറൽ കൺവീനർ ആയും മനോജ്‌കുമാർ പ്രവർത്തിച്ചിട്ടുണ്ട്. യാതൊരു  ഭാരവാഹിത്തവും ഇല്ലാത്തപ്പോഴും ഒരു യുക്മ പ്രവർത്തകൻ എന്ന നിലയിൽ എവിടെയും ഓടിയെത്തുന്ന  ആകർഷകമായപ്രവർത്തനരീതി തന്നെയാണ് ദേശീയ പ്രസിഡന്റ് പദത്തിന്  മനോജ്‌കുമാറിനെ  അർഹനാക്കിയ പ്രഥമ യോഗ്യതയെന്ന് നിസ്സംശയം പറയാൻ കഴിയും.

യുക്മയെ കൂടാതെ ഡോര്‍സെറ്റിലെ പൊതുസമൂഹത്തിലും മനോജ് ഏറെ അംഗീകരിക്കപ്പെടുന്ന വ്യക്തിത്വമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി ഡോര്‍സെറ്റിലെ മലയാളി സംഘടനാ രംഗത്ത് നിരവധി പദവികള്‍ വഹിച്ചിട്ടുള്ള മനോജ് നിലവില്‍ ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ (ഡി.കെ.സി) പ്രസിഡന്റാണ്. എല്ലാ വര്‍ഷവും സംഘടിപ്പിക്കപ്പെടുന്ന സൗത്ത് വെസ്റ്റിലെ ഏറ്റവും വലിയ ഭാരതീയ സാംസ്ക്കാരിക പരിപാടിയായ “ഡോര്‍സെറ്റ് ഇന്ത്യന്‍ മേള”യുടെ മുഖ്യസംഘാടകനാണ് മനോജ്. കൂടാതെ പ്രാദേശിക ലീഗില്‍ കളിയ്ക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ക്രിക്കറ്റ് ക്ലബിന്റെ ചെയര്‍മാന്‍ എന്ന നിലയിലും മനോജ് പ്രവര്‍ത്തിക്കുന്നു. പ്രമുഖ ട്രാന്‍സ്പോര്‍ട്ട് കമ്പനിയായ ഗോ സൗത്ത് കോസ്റ്റ് ലിമിറ്റഡില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന മനോജ്‌കുമാർ പിള്ളയുടെ ചടുലതയാർന്ന നേതൃപാടവം യുക്മയെ പുത്തൻ തലങ്ങളിലേക്ക് എത്തിക്കുമെന്നതിൽ സംശയം വേണ്ട.

ജനറല്‍ സെക്രട്ടറി: അലക്സ് വര്‍ഗ്ഗീസ്

യുക്മയുടെ സ്ഥാപന കാലഘട്ടം മുതൽ ഏറ്റവും കൂടുതൽ തവണ ദേശീയ കമ്മറ്റിയിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് പുതിയ യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്. യുക്മ നാഷണൽ കമ്മറ്റി അംഗം, യുക്മ പി ആര്‍ ഒ, ദേശീയ ജോയിന്റ്  ട്രഷറര്‍, ദേശീയ ജോയിന്റ് സെക്രട്ടറി, യുക്മന്യൂസ് അസോസിയേറ്റ് എഡിറ്റർ, ദേശീയ ട്രഷറർ തുടങ്ങിയ വിവിധ ഉത്തരവാദിത്തങ്ങൾ സംഘടനക്ക് വേണ്ടി നിർവഹിച്ചിട്ടുള്ള അലക്സ് വിനയവും സൗമ്യതയും കൈമുതലാക്കിയ നേതാവാണ്. ഏത് പ്രതിസന്ധിയും അനായാസേന കൈകാര്യം ചെയ്യുന്നതിലുള്ള വൈദഗ്ദ്ധ്യമാണ് കൂടുതല്‍ ഉയര്‍ന്ന പദവികളിലേയ്ക്ക് അദ്ദേഹത്തെ എപ്പോഴും എത്തിക്കുന്നത്.  നിലവില്‍ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (എം എം സി എ) പ്രസിഡന്റ് കൂടിയായ അലക്സ്, മാഞ്ചസ്റ്റര്‍  സെന്‍റ്  തോമസ് സീറോ  മലബാര്‍ ചര്‍ച്ചിന്റെ ട്രസ്റ്റിയായുംപ്രവര്‍ത്തിച്ചിട്ടുണ്ട്. അലക്സിന്റെ സംഘാടക പാടവത്തിന്റെ മകുടോദ്ദാഹരണമാണ് കഴിഞ്ഞ  ഭരണസമിതിയുടെ ഏറ്റവും അവസാന പരിപാടിയായി മാഞ്ചസ്റ്റര്‍ ഫോറം സെന്ററില്‍ സംഘടിപ്പിക്കപ്പെട്ട യുക്മ ദേശീയ കുടുംബ സംഗമം. മാഞ്ചസ്റ്ററിലെ മലയാളി സമൂഹം ഇന്നു വരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംഘടിപ്പിച്ച, അതിമനോഹരമായ ആ പരിപാടിയിലൂടെ യുക്മയുടെ ചരിത്രത്തിലെ ഏറ്റവും പ്രൗഢഗംഭീരമായ ചടങ്ങിനാണ് സംഘടന സാക്ഷ്യം വഹിച്ചത്. കേരളാ പോലീസ് ഉദ്യോഗസ്ഥനായിരുന്ന അലക്സ് പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ട്രഷറർ – അനീഷ് ജോൺ 
യുക്മ നാഷണൽ കമ്മറ്റി അംഗം, യുക്മ പി ആർ ഒ എന്നീ നിലകളിൽ പ്രവർത്തിച്ച അനുഭവ സമ്പത്തുമായാണ് അനീഷ് ജോൺ യുക്മ ദേശീയ ട്രഷറർ പദത്തിലേക്കെത്തുന്നത്. ലെസ്റ് റർ കേരളാ കമ്മ്യൂണിറ്റിയുടെ വിവിധ ഭാരവാഹിത്വങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്തിട്ടുള്ള അനീഷ് യു കെ മലയാളികൾക്കിടയിൽ സുപരിചിതനായ ഒരു അനുഗ്രഹീത ഗായകൻ കൂടിയാണ്.

കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിൽ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ വളർന്നുവന്ന അനീഷ് റാന്നി സെന്റ് തോമസ് കോളേജ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, യൂണിവേഴ്സിറ്റി എക്സിക്യൂട്ടീവ് കമ്മറ്റി അംഗം, ഇന്റർ സോണൽ കലോത്സവം സംഘാടകൻ എന്നീ നിലകളിൽ മികവ് തെളിയിച്ച വ്യക്തിയാണ്. ചിരിച്ചുകൊണ്ട് മാത്രം ആരുമായും ഇടപഴകുന്ന അനീഷ് യുക്മയിൽ കൂടുതൽ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നവരിൽ ഒരാളാ ണ്.
വൈസ് പ്രസിഡന്റ് – എബി സെബാസ്റ്റ്യന്‍ 
യുക്മയുടെ പ്രശസ്തി വാനോളുമുയര്‍ത്തിയ “കേരളാ പൂരം” വള്ളംകളിയുടെ ജനറല്‍ കണ്‍വീനര്‍ എന്നതിലൂടെ മാത്രം നമുക്ക് നിസ്സംശയം പറയാനാവും എബി സെബാസ്റ്റ്യൻ എന്ന വ്യക്തിയുടെ സംഘാടകമികവിന് തുല്യംവക്കാൻ മറ്റൊരു പേരില്ല എന്ന്. കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി യുക്മയുടെ സന്തതസഹചാരിയായ എബി യുക്മയുടെ പ്രഥമ കലാമേള മുതലാണ് സംഘടനയിലെ സജീവസാന്നിധ്യമാകുന്നത്. അസാധ്യമെന്ന് പലരും കരുതിയിരുന്ന യുക്മ ദേശീയ കലാമേള സംഘടിപ്പിക്കുന്നതിന് ശക്തമായ പിന്തുണയും മാർഗനിദേശങ്ങളും നൽകി പിന്നണിയിൽനിന്ന് സംഘടനക്ക് ആത്മവിശ്വാസം പകർന്നത് എബിയിലെ ചോദ്യം ചെയ്യപ്പെടാത്ത നേതൃപാടവം തന്നെയായിരുന്നു.

എബി സെബാസ്റ്റ്യൻ സജീവമല്ലാതിരു ന്ന ഒറ്റൊരു ദേശീയ കലാമേള പോലും യുക്മയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല.  എബി ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്ന “ഡെയ്ലി മലയാളം” ഓണ്‍ലൈന്‍ പോര്‍ട്ടല്‍ യുക്മക്ക് മുഖപത്രം ഇല്ലാതിരുന്ന ആദ്യകാലഘട്ടങ്ങളില്‍ സംഘടനയുടെ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകള്‍ അളവറ്റതാണ്. കുറവിലങ്ങാട് ദേവമാതാ കോളേജ് യൂണിയന്‍ അംഗമായി പൊതുരംഗത്ത് തുടക്കം കുറിച്ച എബി, എറണാകുളം ഗവൺമെന്റ് ലോ കോളേജില്‍നിന്ന് രണ്ട് തവണ സര്‍വകലാശാലാ യൂണിയന്‍ കൗണ്‍സിലര്‍, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് അംഗം എന്നീ നിലകളിലൂടെ പ്രവര്‍ത്തിച്ച് പരിചയസമ്പന്നനാണ്. ഡാര്‍ട്ട്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രതിനിധിയായി യുക്മ ദേശീയ നേതൃത്വത്തിലേക്കെത്തിയ എബി നിലവിൽ ലണ്ടന്‍ ലൂയിഷാമിലെ ബ്രിന്ദാ സോളിസിറ്റേഴ്സില്‍ ലീഗല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്നു.

വൈസ് പ്രസിഡന്റ് (വനിത) : ലിറ്റി ജിജോ 
ബ്രിട്ടണിലെ സംഘടനാ രംഗത്തെ ശക്തമായ വനിതാ സാന്നിധ്യമാണ് ലിറ്റി ജിജോ. മിഡ്‌ലാൻഡ്‌സിലെ  ഏറ്റവും കരുത്തുറ്റ മലയാളി സംഘടനയും യുക്മയുടെ നിരവധി വേദികളില്‍ ചാമ്പ്യന്‍ പട്ടം ഉള്‍പ്പെടെയുള്ള പുരസ്ക്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളതുമായ ബർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ വൈസ് പ്രസിഡന്റ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ ചിട്ടയായ പ്രവര്‍ത്തനം കാഴ്ച്ചവച്ചിട്ടുള്ള വ്യക്തിയാണ് ലിറ്റി. മുന്നൂറ് പേരെ അണിനിരത്തി യു കെയുടെ ചരിത്രത്തില്‍ ഇദംപ്രഥമായി നടത്തപ്പെട്ട മാര്‍ഗ്ഗംകളിയും തിരുവാതിരയും ലിറ്റിയുടെ കൂടി കയ്യൊപ്പോടെ കൊറിയോഗ്രാഫി ചെയ്ത് അവതരിപ്പിക്കപ്പെട്ടവ ആയിരുന്നു. യു കെ ക്നാനായ വനിതാ ഫോറത്തിന്റെ അഡ്ഹോക് കമ്മറ്റി ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ ദേശീയ തലത്തിലും മികവുറ്റ സംഘാടക പാടവം പ്രകടമാക്കിയിട്ടുള്ള ലിറ്റി യുക്മ ദേശീയ വൈസ് പ്രസിഡന്റ് എന്നനിലയിൽ  മലയാളി സമൂഹത്തിനായി ഏറെ നല്ലകാര്യങ്ങൾക്ക് നേതൃത്വം നൽകുമെന്ന് യു കെ മലയാളി സമൂഹം പ്രതീക്ഷിക്കുന്നു. ബര്‍മ്മിങ്ഹാം കമ്മ്യൂണിറ്റി എന്‍ എച്ച് എസ്  ട്രസ്റ്റിലെ സീനിയര്‍ ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു.

ജോയിന്റ് സെക്രട്ടറി : സാജന്‍ സത്യന്‍ 
യുക്മയിലെ ബഹുഭൂരിപക്ഷം വരുന്ന നേഴ്‌സിംഗ് സമൂഹത്തിന്റെ മുന്നേറ്റത്തിന് സംഘടനാ തലത്തിലൂടെ സഹായമാകുവാന്‍ നേഴ്‌സിംഗ് രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച സാജന്‍ സത്യന്റെ നേതൃത്വത്തിന് സാധിക്കും.  ലീഡ്സ്  ജനറല്‍ ഇന്‍ഫര്‍മറിയിലെ ബാൻഡ് 8 നഴ്സ് പ്രാക്ടീഷ്ണറായ സാജന്‍ കഴിഞ്ഞ വര്‍ഷം യുക്മ ദേശീയ ഭരണസമിതി യു.കെയിലെമ്പാടും സംഘടിപ്പിച്ച നേഴ്‌സിംഗ് കോണ്‍ ഫ്രന്‍സുകള്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കിയ വ്യക്തിയാണ്. ക്ലാസ്സുകള്‍ക്ക് ആവശ്യമായ വിവിധ വിഷങ്ങള്‍ കണ്ടെത്തുന്നതിനും അതിലെ അക്കാദമിക് മെറിറ്റ് വിശദീകകരിച്ച് നല്‍കുന്നതിലുമൊക്കെ സാജന്റെ കഴിവ് പുതിയ ഭരണസമിതി അധികാരത്തിലെത്തുമ്പോഴും യു.കെയിലെ നേഴ്‌സിംഗ് സമൂഹത്തിന് വലിയ മുതല്‍ക്കൂട്ടായി മാറുമെന്നുള്ളത് തീര്‍ച്ചയാണ്. തിരുവനന്തപുരം ഗവൺമെന്റ് മെഡിക് കല്‍ കോളേജിലെ നേഴ്‌സിംഗ് പഠനം മുതലുള്ള സംഘടനാ രംഗത്തെ പരിചയവും വെസ്റ്റ് യോര്‍ക്ക്ഷെയര്‍ മലയാളി അസോസിയേഷനിൽ നിന്നും യുക്മ ദേശീയ തലത്തിലേക്കെത്തിയ സാജൻ സത്യന് മുതൽക്കൂട്ടാകും.

ജോയിന്റ് സെക്രട്ടറി (വനിത) : സെലീനാ സജീവ് 
ലണ്ടന്‍ നോര്‍ത്ത് മിഡില്‍സക്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ക്രിട്ടിക്കല്‍ കെയര്‍ സീനിയര്‍ സ്റ്റാഫ് നഴ്സായ സെലീന നേഴ്‌സിംഗ് മേഖലയിലെന്നപോലെ തന്നെ കായിക മേഖലയിലും കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. സ്ക്കൂള്‍-കോളേജ് പഠനകാലത്ത് വോളിബോള്‍, ക്രിക്കറ്റ്, ബാസ്ക്കറ്റ്ബോള്‍ ടീമുകളുടെ ക്യാപ്റ്റനായിരുന്ന സെലീനക്ക് ഏത് പ്രതിസന്ധികളെയും മികച്ച “സ്പോർട്സ്മാൻ സ്പിരിറ്റ്”ഓടെ സമീപിക്കുവാൻ കഴിയുന്നു. എഡ്മണ്ടന്‍ മലയാളി അസോസിയേഷനിൽനിന്നുള്ള സെലീനക്ക്  പരിചയപ്പെടുന്നവരിൽ നിഷ്ക്കളങ്കമായ സൗഹൃദം സ്ഥാപിക്കുവാൻ നിമിഷങ്ങൾ മാത്രം മതിയാകും. യുക്മയുടെ സൗഹൃദ കൂട്ടായ്മക്ക് സെലീനയുടെ ദേശീയ തലത്തിലുള്ള നേതൃത്വം തീർച്ചയായും സഹായകരമാകും എന്നതിൽ സംശയമില്ല.
ജോയിന്റ് ട്രഷറര്‍ : ടിറ്റോ തോമസ് 
യുക്മ ദേശീയ വൈസ് പ്രസിഡന്റ്, ദേശീയ ജോയിന്റ് സെക്രട്ടറി, നാഷണൽ കമ്മറ്റി അംഗം, യുക്മ ടൂറിസം പ്രമോഷന്‍ ക്ലബ് വൈസ് ചെയര്‍മാൻ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ടിറ്റോ തോമസ് സംഘടനയിലെ സീനിയർ നേതാക്കളിൽ ഒരാളാണ്. യുക്മയിലെ പ്രഥമ അസോസിയേഷനായി രജിസ്റ്റര്‍ ചെയ്യപ്പെട്ട ഓക്സ്ഫോർഡ് മലയാളി സമാജം (ഓക്‌സ്മാസ്) പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി പദവികള്‍ വഹിച്ചിട്ടുള്ള ടിറ്റോ ജോബ് സെന്റര്‍ പ്ലസിലെ ഉദ്യോഗസ്ഥനാണ്. സംഘടനാ രംഗത്ത് ധീരമായ നിലപാടുകൾ എടുത്ത്  മുന്നിൽനിന്ന് നയിക്കാനുള്ള ഊർജസ്വലത എന്നും ടിറ്റോ തോമസിന് സ്വന്തം. ടിറ്റോ തോമസിന്റെ പരിചയസമ്പത്ത് യുക്മ ദേശീയ കമ്മറ്റിക്ക് കൂടുതൽ ദിശാ ബോധം നൽകുകതന്നെ ചെയ്യും എന്ന് നമുക്ക് ഉറപ്പിക്കാം.

ദേശീയ ഭാരവാഹികളെ കൂടാതെ റീജിയണൽ പ്രസിഡന്റുമാരും റീജിയനുകളിൽനിന്നുള്ള നാഷണൽ കമ്മറ്റി അംഗങ്ങളും കഴിഞ്ഞ ടേമിലെ ദേശീയ പ്രസിഡന്റും ജനറൽ സെക്രട്ടറിയുമടങ്ങിയ കരുത്തുറ്റ നേതൃനിരയാണ് ദേശീയ നിർവാഹക സമിതി. അടുത്ത രണ്ട് വർഷം യു കെ മലയാളി പൊതുസമൂഹത്തിന് ഗുണകരമായ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കാൻ പുതിയ ദേശീയ നേതൃത്വത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.