ന്യൂസ് ഡെസ്ക് സ്പെഷ്യല്‍ റിപ്പോര്‍ട്ട്‌

യുകെയിലെ മലയാളി അസോസിയേഷനുകളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന യുക്മയുടെ നാഷണൽ കമ്മിറ്റിയിലേയ്ക്കുള്ള ഇലക്ഷൻ നാളെ നടക്കും. പ്രവാസി മലയാളികളുടെ ഇടയിൽ കലാ സംസ്കാരിക ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന യുക്മ, രൂപീകരണത്തിന്റെ പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ സംഘടനയുടെ നാഷണൽ കമ്മിറ്റിയിലെ എട്ട് സ്ഥാനങ്ങൾക്കായി 16 സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. നിലവിലെ യുക്മ ജനറൽ സെക്രട്ടറിയായ റോജിമോൻ വർഗീസിന്റെ നേതൃത്വത്തിലുള്ള പാനലും ഡോർസെറ്റ് മലയാളി അസോസിയേഷന്റെ പ്രസിഡന്റായ മനോജ് പിള്ളയുടെ നേതൃത്വത്തിലുള്ള പാനലും എല്ലാ സ്ഥാനങ്ങളിലേയ്ക്കും സ്ഥാനാർത്ഥികളുമായി ശക്തമായ മത്സരത്തിന് തയ്യാറെടുത്തു കഴിഞ്ഞു. ശനിയാഴ്ച ബിർമ്മിങ്ങാമിലെ സെന്റ് എഡ്മണ്ട് കാമ്പ്യൻ കാത്തലിക് സ്കൂളിൽ വച്ച് നടക്കുന്ന യുക്മ ജനറൽ ബോഡി മീറ്റിംഗിലാണ് പുതിയ നാഷണൽ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ്. യുക്മയിൽ അംഗത്വമുള്ള യുകെയിലെമ്പാടുമുള്ള നൂറിലേറെ അസോസിയേഷനുകളിൽ നിന്നുള്ള മുന്നൂറിലേറെ പ്രതിനിധികൾ ഏറ്റവും വലിയ പ്രവാസി സംഘടനയുടെ അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള സാരഥികളെ തെരഞ്ഞെടുക്കും.

മനോജ് പിള്ള നേതൃത്വം നല്കുന്ന പാനലിൽ അലക്സ് വർഗീസ്, എബി സെബാസ്റ്റ്യൻ, സാജൻ സത്യൻ, ജയകുമാർ നായർ, ലിറ്റി ജിജോ, സെലിനാ സജീവ്, ടിറ്റോ തോമസ് എന്നിവരാണ് മത്സരിക്കുന്നത്. 

റോജിമോൻ വറുഗീസ് നയിക്കുന്ന പാനലിൽ ലോറൻസ് പെല്ലിശ്ശേരി, ഡോ. ശീതൾ ജോർജ്, ഓസ്റ്റിൻ അഗസ്റ്റിൻ, കിരൺ സോളമൻ, രശ്മി മനോജ്, അനീഷ് ജോൺ, അജിത് വെൺമണി എന്നിവരാണ് മത്സര രംഗത്തുള്ളത്.

1. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍.

1. റോജിമോൻ വറുഗീസ്

യുക്മയുടെ ജനറൽ സെക്രട്ടറി എന്ന നിലയിൽ പ്രശംസനീയമായ പ്രവർത്തനമാണ് കഴിഞ്ഞ രണ്ടു വർഷക്കാലം റോജിമോൻ വറുഗീസ് നടത്തിയത്. യുകെയിലെ മലയാളികളെ കോർത്തിണക്കിക്കൊണ്ട് യുക്മ നടത്തിയ വിവിധ ഇവന്റുകളെ വിജയത്തിൽ റോജിമോന്റെ സംഘടനാ പാടവവും അക്ഷീണ പരിശ്രമവും നിർണ്ണായക പങ്ക്  വഹിച്ചു. ഏറ്റെടുക്കുന്ന കർത്തവ്യങ്ങൾ പരിപൂർണ്ണതയിൽ എത്തിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ പ്രവർത്തനമാണ് റോജിമോൻ കാഴ്ചവച്ചത്. യുക്മയുടെ സംയുക്ത സൗത്ത് വെസ്റ്റ് ഈസ്റ്റ് റീജിയണിന്റെ പ്രസിഡന്റ്, ട്രഷറർ എന്നീ സ്ഥാനങ്ങളിലും റോജിമോൻ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ഹോർഷാം റിഥം മലയാളി അസോസിയേഷൻ അംഗമാണ്. നഴ്സിംഗ് പ്രഫഷനിലെ തന്റെ പരിചയസമ്പത്തും സാമൂഹിക സേവന മനോഭാവവും സംഘടനാ പ്രവർത്തന രംഗത്ത് ലക്ഷ്യബോധത്തോടെ മുന്നേറാൻ റോജിമോന് പ്രചോദനമാണ്. നിമിഷാ റോജിയാണ് ഭാര്യ. രണ്ടു മക്കൾ ആഷ് വിൻ, ആർച്ചി.

2.മനോജ് പിള്ള

സംഘടനാ പ്രവർത്തന രംഗത്ത് നിരവധി വർഷത്തെ പരിചയ സമ്പത്തുമായാണ് മനോജ് പിള്ള യുക്മയുടെ നാഷണൽ കമ്മിറ്റിയിലേക്ക് തന്റെ പാനലിനെ നയിക്കുന്നത്. യുക്മയുടെ സംയുക്ത സൗത്ത് വെസ്റ്റ് ഈസ്റ്റ് റീജിയണിന്റെ ആദ്യ സെക്രട്ടറിയായിരുന്നു മനോജ്. ഇപ്പോൾ യുക്മ സാംസ്കാരിക വേദിയുടെ കൺവീനറാണ്. നിലവിൽ ഡോർസെറ്റ് കേരള  കമ്മ്യൂണിറ്റിയുടെ പ്രസിഡന്റ് സ്ഥാനവും മനോജ് പിള്ള വഹിക്കുന്നുണ്ട്. സാമൂഹിക കലാ സാംസ്കാരിക രംഗത്തും ചാരിറ്റി പ്രവർത്തനങ്ങളിലും വിവിധ കമ്യൂണിറ്റികളെ കോർത്തിണക്കിക്കൊണ്ടുള്ള നിരവധി പ്രവർത്തനങ്ങൾക്ക് മനോജ് പിള്ള നേതൃത്വം നല്കിയിട്ടുണ്ട്.  ഭാര്യ ജലജ മനോജ്. മക്കൾ ജോഷിക, ആഷിക, ധനുഷ്.

2.വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍.

1.എബി സെബാസ്റ്റ്യൻ

യുകെ മലയാളികൾക്കിടയിൽ  ചിരപരിചിതനായ എബി സെബാസ്റ്റ്യൻ ഡാർട്ട് ഫോർഡ് മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന എബി സെബാസ്റ്റ്യൻ കുറവിലങ്ങാട് ദേവമാതാ കോളജിലും  മഹാരാജാസ്  ലോ കോളജിലും യൂണിയൻ മെമ്പറായിരുന്നു.  എം.ജി യൂണിവേഴ്സിറ്റിയുടെ  സെനറ്റ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച സംഘാടകനായ എബി സെബാസ്റ്റ്യൻ  യുകെ മലയാളികൾ ആവേശത്തോടെ നെഞ്ചിലേറ്റിയ യുക്മ ബോട്ട് റേസ് ഓൾഗനൈസിംഗ് കമ്മിറ്റിയുടെ ജനറൽ കൺവീനറായിരുന്നു. യുകെയിലെ സാമൂഹ്യ പ്രവർത്തന രംഗങ്ങളിൽ എന്നും സജീവ സാന്നിദ്ധ്യമാണ് എബി സെബാസ്റ്റ്യൻ. ഭാര്യ റിനറ്റ് എബി.

2.ലോറൻസ് പെല്ലിശ്ശേരി

ഗ്ലോസ്റ്റർ മലയാളി അസോസിയേഷന്റെ രൂപീകരണത്തിന് നേതൃത്വം നല്കിയ മികച്ച സംഘാടകനാണ് ലോറൻസ് പെല്ലിശേരി. നിലവിൽ ജി.എം.എയുടെ ചാരിറ്റി കോർഡിനേറ്റർ ആണ്. സംഘടനയിൽ വിവിധ നേതൃസ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്.  കേരള ഫ്ളഡ് റിലീഫുമായി ബന്ധപ്പെട്ടുള്ള ഫണ്ട് ശേഖരണത്തിൽ വളരെ സജീവമായി അദ്ദേഹം പ്രവർത്തിച്ചു. പ്രളയ ദുരിതബാധിതരുടെ പുനരധിവാസത്തിനായി വീടുകളുടെ നിർമ്മാണം ഈ ഫണ്ട് ഉപയോഗിച്ച് കേരളത്തിൽ പൂർത്തിയായി വരുന്നു. കേരളത്തിലെ ഡിസ്ട്രിക്ട് ഹോസ്പിറ്റലുകളുമായി ബന്ധപ്പെട്ട ചാരിറ്റി, ഓർഗൻ ഡൊണേഷൻ എന്നിവയും ലോറൻസ് പെല്ലിശ്ശേരിയുടെ പ്രവർത്തന മേഖലകളാണ്. ബിൽജി പെല്ലിശേരിയാണ് ഭാര്യ. മക്കൾ പോൾ, മാത്യു

3.വൈസ് പ്രസിഡന്റ് (വനിത) സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍.

1.ഡോ. ശീതൾ ജോർജ്

അർപ്പണ മനോഭാവത്തോടെ കലാ സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന ഡോ. ശീതൾ ജോർജ് ഈസ്റ്റ് യോർക്ക്ഷയർ കൾച്ചറൽ ഓർഗനൈസേഷന്റെ വൈസ് പ്രസിഡന്റാണ്. യുക്മയുടെ കഴിഞ്ഞ നാഷണൽ കലാമേളയിൽ മിന്നിത്തിളങ്ങിയ കലാകാരന്മാരെയും കലാകാരികളെയും സ്റ്റേജിലെത്തിക്കാൻ പിന്നണിയിൽ അക്ഷീണം പരിശ്രമിച്ച ഡോ. ശീതൾ ജോർജ് ഈസ്റ്റ് യോർക്ക്ഷയർ കൾച്ചറൽ അസോസിയേഷനെ കലാമേളയുടെ നാഷണൽ ചാമ്പ്യൻ പദവിയിൽ എത്തിക്കുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്. കേരളത്തിൽ ബ്രെസ്റ്റ് ക്യാൻസർ ബോധവൽക്കരണം നടത്തുന്ന ജ്വാലയുടെ പ്രവർത്തനങ്ങളിലും കേരള ഫ്ളഡ് റിലീഫിനു വേണ്ടി ചാരിറ്റി ഇവന്റുകൾ സംഘടിപ്പിക്കുന്നതിലും ഡോ. ശീതൾ സജീവമായിരുന്നു.  അസോസിയേഷനെ ആക്ടീവായി നിലനിർത്തുന്നതിൽ ഡോ. ശീതൾ പ്രധാന പങ്കുവഹിക്കുന്നു. യുവതലമുറയ്ക്ക് ആത്മവിശ്വാസം പകരുന്നതും കഴിവുകൾ വളർത്തിയെടുക്കുവാൻ സഹായകരവുമായ നിരവധി കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾക്ക് ഡോ. ശീതൾ നേതൃത്വം നല്കുന്നുണ്ട്.  ലണ്ടൻ ഇൻവെസ്റ്റ്മെൻറ് കൺസൾട്ടൻസിയുടെ ഡയറക്ടറായും നിലവിൽ പ്രവർത്തിക്കുന്നു.  ജിബി ജോർജാണ് ഭർത്താവ്. മക്കൾ ദിയാ, ആദിത്ത്.

2.ലിറ്റി ജിജോ

ബിർമ്മിങ്ങാം മലയാളി കൾച്ചറൽ അസോസിയേഷന്റെ സജീവ പ്രവർത്തകയാണ് ലിറ്റി ജിജോ. കുട്ടികളെ വിവിധ ഇവന്റുകൾക്കായി ഒരുക്കുന്നതിനായി എന്നും അത്യദ്ധ്വാനം ചെയ്യുന്ന വ്യക്തിയാണ് ലിറ്റി. കലാ സംസ്കാരിക രംഗത്തോടൊപ്പം വിവിധ ചാരിറ്റി പ്രവർത്തനങ്ങളിലും സജീവമാണ്. നിരവധി സ്റ്റേജുകളിലും ഇവന്റുകളിലും വിവിധ ഡാൻസ് ഇനങ്ങളിൽ ടീമിനെ നയിക്കുകയും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. പുതു തലമുറയുടെ കഴിവുകൾ വളർത്തിയെടുക്കാൻ എന്നും  മുന്നിട്ടിറങ്ങുന്ന വ്യക്തിയാണ് ലിറ്റി ജിജോ. ജിജോ ഉതുപ്പാണ് ഭർത്താവ്. മക്കൾ സേറ, റെബേക്ക.

4.ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍.

1.അലക്സ് വർഗീസ്

മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ പ്രസിഡന്റാണ് അലക്സ് വർഗീസ്. യുക്മയുടെ ട്രഷററാണ് നിലവിൽ. യുക്മയുടെ ജോയിന്റ് സെക്രട്ടറി, ജോയിൻറ് ട്രഷറർ, പി ആർഒ പദവികളും വഹിച്ചിട്ടുണ്ട്. സംഘടനാ രംഗത്ത് നിരവധി വർഷത്തെ പരിചയ സമ്പത്ത് അലക്സ് വർഗീസിനുണ്ട്. യുക്മ നടത്തിയ എല്ലാ ഇവന്റുകളുടെയും വിജയത്തിനായി അലക്സ് വർഗീസ് അക്ഷീണം പ്രവർത്തിച്ചിരുന്നു. ഭാര്യ ബെറ്റിമോൾ അലക്സ്. മക്കൾ അനേഘ, അഭിഷേക്, ഏഡ്രിയേൽ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2.ഓസ്റ്റിൻ അഗസ്റ്റിൻ

ബെഡ് ഫോർഡ് മലയാളി അസോസിയേഷന്റെ സെക്രട്ടറിയായ ഓസ്റ്റിൻ അഗസ്റ്റിൽ നിലവിൽ യുക്മ നാഷണൽ കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയാണ്. യുക്മയുടെ ഈസ്റ്റ് ആംഗ്ലിയ റീജിയണിന്റെ സെക്രട്ടറി പദവും വഹിച്ചിട്ടുണ്ട്. യുക്മ കലാമേള, ബോട്ട് റേസ് അടക്കമുള്ള സംഘടിപ്പിക്കുന്നതിൽ യുക്മ ടീമിനോടൊപ്പം പ്രധാന പങ്കുവഹിച്ചു. സംഘടനാ പ്രവർത്തനങ്ങളിൽ പക്വതയോടെ മികവാർന്ന പ്രകടനം കാഴ്ച വച്ച വ്യക്തിയാണ് ഓസ്റ്റിൻ അഗസ്റ്റിൻ. ദീപ അഗസ്റ്റിനാണ് ഭാര്യ. മക്കൾ ഫെലിക്സ്, ഫെലീസിയ.

5.ജോയിന്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍.

1.സാജൻ സത്യൻ

വെസ്റ്റ് യോർക്ക് ഷയർ മലയാളി അസോസിയേഷന്റെ സെക്രട്ടറിയായി സാജൻ സത്യൻ നിലവിൽ പ്രവർത്തിച്ചു വരുന്നു. അസോസിയേഷനെ സജീവമായി മുന്നോട്ട് കൊണ്ടുപോവുന്നതിൽ മുഖ്യ പങ്കാണ് സാജൻ വഹിക്കുന്നത്.  കലാ സംസ്കാരിക ചാരിറ്റി പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ്. അസോസിയേഷന്റെ യുക്മ പ്രതിനിധിയായി മുൻ വർഷങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പഠിക്കുമ്പോൾ മുതൽ  തന്നെ സാജൻ പൊതു പ്രവർത്തനത്തിൽ സജീവമായിരുന്നു. അനൂപ സാജനാണ് ഭാര്യ. മക്കൾ മിലൻ, മിയാ.

2.കിരൺ സോളമൻ

ഷെഫീൽഡ് കേരളാ കൾച്ചറൽ അസോസിയേഷന്റെ സജീവ പ്രവർത്തകനാണ് കിരൺ സോളമൻ. അസോസിയേഷനിൽ വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുള്ള കിരൺ കഴിഞ്ഞ ടേമിൽ യുക്മയുടെ യോർക്ക് ഷയർ ആൻഡ് ഹമ്പർ റീജിയണിന്റെ പ്രസിഡന്റായിരുന്നു. യുക്മയുടെ നാഷണൽ കലാമേളയ്ക്ക് ഷെഫീൽഡിൽ ആതിഥ്യമരുളാനും യോർക്ക് ഷയർ ആൻഡ് ഹമ്പർ റീജിയനെ നാഷണൽ ചാമ്പ്യൻ പട്ടത്തിലേയ്ക്ക് കൈപിടിച്ചുയർത്താനും അക്ഷീണം പരിശ്രമിച്ച ടീമിന്റെ അമരക്കാരനായിരുന്നു കിരൺ സോളമൻ. ഭാര്യ ഷെബാ. മക്കൾ  സഞ്ജയ്, ടാനിയ.

6.ജോയിന്റ് സെക്രട്ടറി (വനിത) സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍.

1.സെലീന സജീവ്

എഡ്മണ്ടൻ മലയാളി അസോസിയേഷനിൽ നിരവധി പദവികൾ വഹിച്ചിട്ടുണ്ട് സെലീന സജീവ്. യുക്മയുടെ നാഷണൽ സ്പോർട്സിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്. കോട്ടയം ബിസിഎം കോളജിലെ ക്രിക്കറ്റ്, വോളിബോൾ ടീമുകളുടെ ക്യാപ്റ്റനായിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി അസോസിയേഷന്റെ യുക്മ പ്രതിനിധിയാണ്.കലാ സംസ്കാരിക ചാരിറ്റി പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് സെലീന സജീവ്. സജീവ് തോമസാണ് ഭർത്താവ്. മക്കൾ ശ്രേയ, ടോണി.

2.രശ്മി മനോജ്

ഗോസ്റ്റർ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങളിലെ നിറസാന്നിധ്യമാണ് രശ്മി മനോജ്. അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറി പദം വഹിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷൻ, ബ്രിട്ടീഷ് റെഡ്ക്രോസ്, സാൽവേഷൻ ആർമി തുടങ്ങിയ ചാരിറ്റികൾക്കു വേണ്ടിയും കേരള ഫ്ളഡ് റിലീഫിനായി ജി.എം.എ സംഘടിപ്പിച്ച ഫണ്ട് റെയിസിങ്ങിനായും അക്ഷീണം പരിശ്രമിച്ച രശ്മി മനോജ് വിവിധ ഇവൻറുകൾ വൻ വിജയമാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. ഫാഷൻ ഡ്രസ് ഡിസൈൻ, കോറിയോഗ്രഫി തുടങ്ങിയ മേഖലകളിലും കഴിവു തെളിയിച്ചിട്ടുണ്ട്. മനോജ് ജേക്കബാണ് ഭർത്താവ്. മക്കൾ സിയൻ, ജേക്കബ്.

7.ട്രഷറർ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍.

1.അനീഷ് ജോൺ

മിഡ്‌ ലാന്‍ഡ്സിലെ ഏറ്റവും വലിയ അസോസിയേഷനായ ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ സെക്രട്ടറിയായി പ്രവർത്തി ച്ചിട്ടുള്ള അനീഷ് ജോൺ യുക്മ രൂപീകരണ യോഗം മുതൽ യുക്മയുമായി ബന്ധപ്പെട്ട്‌ രംഗത്ത് കലാ സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്നു. എൽ.കെ.സി സ്കൂളിന്റെ നടത്തിപ്പിൽ മുഖ്യപങ്കുവഹിച്ച അനീഷ് ഒരു നല്ല ഗായകനും കലാസ്വാദകനുമാണ്. യുക്മയുടെ മിഡ്ലാൻസ് റീജിയന്റെ സ്പോർട്സ് കോർഡിനേറ്ററായും കഴിവു തെളിയിച്ചിട്ടുണ്ട്. ഭാര്യ അനു സാറാ അനിഷ്. മക്കൾ ആൽവിൻ, അനൈഡാ, അലൈനാ.

2.ജയകുമാർ നായർ

വെനസ് ഫീൽഡ് മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റാണ് ജയകുമാർ നായർ. യുക്മ മിഡ്ലാൻഡ്സ് റീജിയണിന്റെ പ്രസിഡന്റായും നഴ്സസ് ഫോറത്തിന്റെ ആദ്യത്തെ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ യുക്മയുടെ ജോയിന്റ് ട്രഷറർ ആണ്. കലാ സംസ്കാരിക ചാരിറ്റി പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് ജയകുമാർ നായർ. ഭാര്യ ഷീജ ജയകുമാർ. മക്കൾ ആനന്ദ്, ആദിത്യ.

8.ജോയിന്റ് ട്രഷറർ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍.

1.അജിത്ത് വെൺമണി

കെന്റ് സഹൃദയയുടെ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ അജിത്ത് വെൺമണി പ്രവർത്തിച്ചിട്ടുണ്ട്. യുക്മയുടെ സൗത്ത് ഈസ്റ്റ് റീജിയണിന്റെ സെക്രട്ടറിയായും പ്രവർത്തിച്ച് പരിചയമുണ്ട്. കേരളത്തിൽ സ്കൂൾ കോളജ് തലം മുതൽ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അജിത്ത് വെൺമണി പഞ്ചായത്ത് മെമ്പർ, കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യ സ്വർണ അജിത്കുമാർ. മക്കൾ അർജുൻ, ആരാധ്യ.

2.ടിറ്റോ തോമസ്

ഓക്സ്ഫോർഡ് മലയാളി സമാജത്തിന്റെ മുൻ പ്രസിഡനും നിലവിൽ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറുമായ ടിറ്റോ തോമസ് യുക്മ നാഷണൽ കമ്മിറ്റിയിൽ വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംഘടനാ രംഗത്ത് ദീർഘകാല പരിചയ സമ്പത്തുള്ള ടിറ്റോ തോമസ് യുക്മയുടെ ടൂറിസം വിഭാഗത്തിന്റെ കോർഡിനേറ്റർ ആണ്.  ഭാര്യ ടെസി ടിറ്റോ. മക്കൾ ജിതിൻ, ജിസ് മരിയ.