സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

മെയ്ക്കരുത്തിന്റെയും തീവ്ര പരിശീലനത്തിന്റെയും കായികോത്സവത്തിന് ബർമിംഗ്ഹാം വീണ്ടും വേദിയൊരുക്കുന്നു. യുക്മ ദേശീയ കായികമേള ജൂൺ 15 ശനിയാഴ്ച, യുക്മയുടെ സ്വന്തം കായിക തട്ടകമായ സട്ടൻ കോൾഡ്‌ഫീൽഡിലെ വിൻഡ്‌ലി ലെഷർ സെന്ററിൽ നടക്കുകയാണ്. തുടർച്ചയായ ഒൻപതാം തവണയാണ് വിൻഡ്‌ലി ലെഷർ സെന്റർ യുക്മ ദേശീയ കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നത്.

റീജിയണൽ മത്സരങ്ങളിൽ വിജയിക്കുന്നവർ ഏറ്റുമുട്ടുന്ന ദേശീയ വേദികൾ ആണ് യുക്മ ദേശീയ കായികമേളകൾ. റീജണൽ  കായികമേളകളിൽ  വ്യക്തിഗത ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്കും, ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്കുമാണ് ദേശീയ  മേളയിൽ  പങ്കെടുക്കുവാൻ  അവസരം ലഭിക്കുക. പ്രധാനപ്പെട്ട റീജിയണുകൾ എല്ലാം തന്നെ റീജിയണൽ കായികമേളയുടെ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

നോർത്ത് വെസ്റ്റ്, ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് ആംഗ്ലിയ, യോർക്ക് ഷെയർ ആൻഡ് ഹംബർ എന്നീ റീജിയണുകളിൽ പുത്തൻ നേതൃത്വം കായികമേളയോടുകൂടി പ്രവർത്തനവർഷം സജീവമാക്കാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. വെയിൽസ് റീജിയണും പുനഃസംഘടിപ്പിക്കപ്പെ ട്ട നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട്ട്ലൻഡ് റീജിയണും ദേശീയ കമ്മറ്റിയുടെ സഹകരണത്തോടെ തങ്ങളുടെ റീജിയണൽ കായിക മേളകൾ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

യുക്മ ദേശീയ ജോയിന്റ് ട്രഷറർ ടിറ്റോ തോമസ് ആണ് ദേശീയ കായിക മേളയുടെ   ജനറൽ കൺവീനർ. സൗത്ത് വെസ്റ്റ് റീജിയണിൽനിന്നും ദേശീയ തലത്തിൽ വിവിധ ഭാരവാഹിത്തങ്ങൾ വഹിച്ചിട്ടുള്ള ടിറ്റോ തോമസ് നാളിതുവരെ നടന്നിട്ടുള്ള എല്ലാ ദേശീയ കായിക മേളകളുടെയും സംഘാടക രംഗത്ത് ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുള്ള വ്യക്തിയാണ്. യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള ചെയർമാനും ദേശീയ ജനറൽ  സെക്രട്ടറി അലക്സ് വർഗീസ് വൈസ് ചെയർമാനായുള്ള സമിതി റീജിയണൽ – ദേശീയതല കായിക മേളകളുടെ തയ്യാറെടുപ്പുകൾ വിലയി രുത്തി വരുന്നു.

യുക്മ ദേശീയ കായികമേളയുടെ നിയമാവലി ദേശീയ കമ്മറ്റി പ്രസിദ്ധീകരിച്ചു. യു കെ യിലെ കായിക പ്രേമികളുടെയും യുക്മ പ്രവർത്തകരുടെയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചുകൊണ്ട് “2019 കായികമേള മാനുവൽ” കൂടുതൽ പരിഷ്‌ക്കാരങ്ങൾ വരുത്തുവാനും കൂടുതൽ ജനകീയമാക്കുവാനുമാണ് ഭരണസമിതി ആഗ്രഹിക്കുന്നത്.  ഇതിലേക്കായുള്ള നിർദ്ദേശങ്ങൾ se [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഏപ്രിൽ 25 വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിവരെ  അയക് കാവുന്നതാണ്. നിലവിലുള്ള കായികമേള മാനുവൽ ലിങ്ക് ഈ വാർത്തയോടൊപ്പം ചേർത്തിരിക്കുന്നു.

യുക്മ ദേശീയ കായികമേള സന്ദേശം കൂടുതൽ പേരിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി ദേശീയ കമ്മറ്റി ഈ വർഷം ഒരു ലോഗോ മത്സരം സംഘടിപ്പിക്കുകയാണ്. കമ്പ്യൂട്ടർ സാങ്കേതിക വിദ്യയിൽ തയ്യാർ ചെയ്യുന്ന ലോഗോ ഡിസൈനുകളാണ് ക്ഷണിക്കുന്നത്. ലോഗോകൾ പൂർണ്ണമായും സ്വതന്ത്രവും അനുകരണങ്ങൾക്ക് അതീതവും ആയിരിക്കണം. മത്സരത്തിനുള്ള ലോഗോകൾ മെയ് 4 ശനിയാഴ്ചക്ക് മുൻപായി secretary.ukma@gmail. com എന്ന ഇ-മെയിൽ വിലാസത്തിൽ ലഭിക്കേണ്ടതാണ്. ഒരാൾക്ക് രണ്ട് ലോഗോകൾ വരെ അയക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ രൂപകല്പ്പന ചെയ്യുന്ന വ്യക്തിയെ യുക്മ ദേശീയ വേദിയിൽ വച്ച് ആദരിക്കുന്നതായിരിക്കും.

യു കെ മലയാളികളുടെ കായിക ഭൂപടത്തിൽ യുക്മയുടെയും വിൻഡ്‌ലി ലെഷർ സെന്ററിന്റെയും പേരുകൾ അനിഷേധ്യമാംവിധം  ചേർത് ത് എഴുതപ്പെട്ടിരിക്കുന്ന യുക്മ ദേശീയ കായികമേള വൻവിജയമാക്കുവാൻ എല്ലാ യുക്മ പ്രവർത്തകരും യു കെ മലയാളി കായിക പ്രേമികളും സഹകരിക്കണമെന്ന് യുക്മ ദേശീയ ഭരണസമിതി അഭ്യർത്ഥിക്കുന്നു.

UUKMA NATIONAL SPORTS 2019 RULES FINAL EDIT