യു കെ മലയാളികളുടെ സാംസ്ക്കാരിക ചേതനയുടെ സർഗ്ഗാവിഷ്‌ക്കാരം എന്ന് വിശേഷിപ്പിക്കാവുന്ന യുക്മ സാംസ്ക്കാരികവേദിയുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള നേതൃത്വത്തെ പ്രഖ്യാപിച്ചു. യുക്മയുടെ കലാ- സാംസ്ക്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന പോഷക സംഘടനാ വിഭാഗമാണ് യുക്മ സാംസ്ക്കാരികവേദി. യു കെ മലയാളികൾക്കിടയിൽ കലാരംഗത്തും സാംസ്ക്കാരിക രംഗത്തും നേതൃരംഗത്തും പ്രതിഭ തെളിയിച്ച വ്യക്തികളെ ഉൾപ്പെടുത്തിയാണ് പുതിയ പ്രവർത്തക സമിതി രൂപീകരിച്ചിരിക്കുന്നതെന്ന് അംഗങ്ങളുടെ പേരുകൾ പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ നിർവാഹക സമിതി അറിയിച്ചു.
ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള ചെയർമാൻ ആയുള്ള യുക്മ സാംസ്ക്കാരികവേദിയുടെ വൈസ് ചെയർമാൻ ജോയി ആഗസ്തിയാണ്. ലിവർപൂൾ നിവാസിയായ ജോയി 2015-2017 വർഷങ്ങളിൽ യുക്മ സാംസ്ക്കാരിക സമിതി അംഗമായി പ്രവർത്തിച്ചിരുന്നു. യുക്മ സ്റ്റാർസിംഗർ സീസൺ 2 ന്റെ പ്രധാന സംഘാടകരിൽ ഒരാളായിരുന്നു ജോയി.
മുൻവർഷങ്ങളിൽ സാംസ്ക്കാരികവേദിയുടെ ജനറൽ കൺവീനർ, വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സി എ ജോസഫ് ആണ് രക്ഷാധികാരി. യുക്മ നോർത്ത് വെസ്റ്റ് റീജിയന്റെ നിലവിലുള്ള നാഷണൽ കമ്മറ്റി അംഗം കുര്യൻ ജോർജ്ജ് ദേശീയ കോർഡിനേറ്ററിന്റെ ചുമതല നിർവഹിക്കും. തോമസ് മാറാട്ടുകളം, ജെയ്‌സൺ ജോർജ്ജ് എന്നിവർ ആണ് സാംസ്ക്കാരികവേദി ജനറൽ കൺവീനർമാർ. യുക്മ ദേശീയ കമ്മറ്റി അംഗമായും ഈസ്റ്റ് ആംഗ്ലിയ റീജിയണൽ സെക്രട്ടറിയായും മികവുതെളിയിച്ചിട്ടുള്ള വ്യക്തിയാണ് കോൾചെസ്റ്ററിൽനിന്നുള്ള തോമസ് മാറാട്ടുകളം. ജ്വാല ഇ-മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗമായും യുക്മ സാംസ്ക്കാരികവേദി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്, യു കെ യിലെ അറിയപ്പെടുന്ന ഒരു നാടകനടൻ കൂടിയായ ജെയ്‌സൺ ജോർജ്ജ്.
കൂടുതൽ വ്യക്തതയോടും ദിശാബോധത്തോടും കൂടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് യുക്മ സാംസ്ക്കാരികവേദിയുടെ വിവിധ ഉപസമിതികൾ രൂപീകരിച്ചിരിക്കുന്നത്. ലോക പ്രവാസി മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധേയമായ ജ്വാല ഇ-മാഗസിൻ യുക്മ സാംസ്ക്കാരികവേദിയുടെ തിലകക്കുറിയാണ്. ഈ ഭരണ സമിതിയുടെ തുടക്കത്തിൽത്തന്നെ “ജ്വാല” ഉപസമിതി പ്രഖ്യാപിച്ചിരുന്നു. പ്രസിദ്ധീകരണത്തിന്റെ അൻപതാം ലക്കം പിന്നിട്ട “ജ്വാല”യുടെ അമരത്തു ഇത്തവണയും ചീഫ് എഡിറ്ററായി റജി നന്തികാട്ട് പ്രവർത്തിക്കും. മാനേജിങ് എഡിറ്ററായി യുക്മ നാഷണൽ ജനറൽ സെക്രട്ടറി അലക്സ് വർഗീസും, എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായി ജോർജ്ജ് അറങ്ങാശ്ശേരി, മോനി ഷീജോ, റോയ് സി ജെ, നിമിഷ ബേസിൽ എന്നിവരും “ജ്വാല”ക്ക് ശോഭയേകും.
ജേക്കബ് കോയിപ്പള്ളി, ജയപ്രകാശ് പണിക്കർ, ജോയ്പ്പാൻ, ടോം ജോസ് തടിയമ്പാട്, മീരാ കമല എന്നിവർ സാഹിത്യ വിഭാഗം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും. യുക്മയുടെ സാഹിത്യമത്സരങ്ങൾ കൃത്യതയോടെ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹിത്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കവിതാ ശാഖയെ ജനകീയമാക്കുവാനുള്ള പ്രവർത്തനങ്ങളും സജീവമായ പരിഗണനയിൽ ഉണ്ട്.
ജിജി വിക്റ്റർ, ടോമി തോമസ്, തോമസ് പോൾ, സെബാസ്റ്റ്യൻ മുത്തുപാറകുന്നേൽ, ഹരീഷ് പാലാ, സാൻ ജോർജ്ജ് തോമസ് എന്നിവരായിരിക്കും യുക്മ സാംസ്ക്കാരികവേദിയുടെ കലാവിഭാഗം സാരഥികൾ. യുക്മയുടെ ഏറ്റവും ജനകീയ പ്രോഗ്രാമായ സ്റ്റാർസിംഗർ പരിപാടിയുടെ ചുമതല സെബാസ്റ്റ്യൻ മുത്തുപാറകുന്നേൽ നിർവഹിക്കും. സ്റ്റാർസിംഗറിന്റെ ആദ്യ രണ്ടു സീസണുകളുടെയും മുഖ്യ സംഘാടകനായിരുന്ന ഹരീഷ് പാലാ, സീസൺ 3 വിജയി സാൻ ജോർജ്ജ് തോമസ് തുടങ്ങിയവരുടെ സഹകരണത്തോടെ ആയിരിക്കും യുക്മ സ്റ്റാർസിംഗർ സീസൺ-4 രൂപകൽപ്പന ചെയ്യപ്പെടുക.
ഡോ. സിബി വേകത്താനം, ബേയ്ബി കുര്യൻ, ജോബി അയത്തിൽ, റോബി മേക്കര, ജിജോമോൻ ജോർജ്ജ്, ബിജു പി മാണി എന്നിവർ നാടകക്കളരിക്ക് നേതൃത്വം നൽകും. തനത് നാടക ശിൽപ്പശാലകളും, നാടക മത്സരങ്ങളും നാടകക്കളരിയുടെ മുൻഗണനകളാണ്.
ബിനോ അഗസ്റ്റിൻ, ബിജു അഗസ്റ്റിൻ, സാം ജോൺ, സാബു മാടശ്ശേരി, ജോസഫ് മാത്യു, ജെയ്‌സൺ ലോറൻസ്, റോനു സക്കറിയ, ചിന്തു ജോണി എന്നിവർ അംഗങ്ങളായുള്ള ഫിലിം ക്ലബ് ആണ് യുക്മ സാംസ്ക്കാരികവേദിയുടെ മറ്റൊരു ഉപസമിതി.
യു കെ മലയാളി സമൂഹത്തിന്റെ കല- സാംസ്ക്കാരിക രംഗത്തു ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന കൂടുതൽ വ്യക്തികളെ ഉൾപ്പെടുത്തിക്കൊണ്ട് യുക്മ സാംസ്ക്കാരിക വേദി പ്രവർത്തനങ്ങൾ യു കെ മലയാളി പൊതുസമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കുവാൻ യുക്മ പ്രതിജ്ഞാബദ്ധമാണെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സാംസ്ക്കാരികവേദി നേതൃനിരക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് യുക്മ ദേശീയ നിർവാഹക സമിതി അറിയിച്ചു.
Leave a Reply