യുക്മ നഴ്‌സസ് ഫോറം (യു.എന്‍.എഫ്) വെബ്‌സൈറ്റ് ലണ്ടനില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ പ്രകാശനം ചെയ്തു. യുക്മയുടെ അംഗസംഘടനയായ എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. യു.എന്‍.എഫ് ദേശീയ പ്രസിഡന്റ് അബ്രാഹം ജോസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
യുകെ മലയാളികള്‍ക്കിടയിലെ പ്രബലശക്തിയായ നഴ്‌സുമാരെ സംഘടിപ്പിക്കുന്നതിനും അവരുടെ അവകാശപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനുമുള്ള ചരിത്രപരമായ ദൗത്യം യുക്മ ഏറ്റെടുക്കുമെന്ന് വെബ്‌സൈറ്റ് പ്രകാശനം ചെയ്തു കൊണ്ട് അഡ്വ. ഫ്രാന്‍സിസ് മാത്യു പ്രഖ്യാപിച്ചു.
www.uukmanf.org.uk എന്നതാണ് സംഘടനയുടെ വെബ്‌സൈറ്റ് വിലാസം. കഴിഞ്ഞ ദേശീയ കലാമേളയില്‍ ഫസ്റ്റ് എയ്ഡ് മെഡിക്കല്‍ ടീമിന് പ്രത്യേക കൗണ്ടര്‍ തുറക്കുകയും എന്‍.എച്ച്.എസുമായി സഹകരിച്ച് ബ്ലഡ് ഡൊണേഷന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തും മാതൃകാപരമായി പ്രവര്‍ത്തനം കാഴ്ച്ചവച്ച യു.എന്‍.എഫ് ദേശീയ നേതൃത്വത്തെ അദ്ദേഹം അഭിനന്ദിച്ചു.
സംഘടന സ്വന്തമായി വെബ്‌സൈറ്റ് തുടങ്ങുന്നത് കൂടുതല്‍ മലയാളികളിലേയ്ക്ക് യു.എന്‍.എഫിന്റെ സന്ദേശങ്ങള്‍ എത്തിക്കുവാന്‍ സഹായകരമാവട്ടെയെന്നു അദ്ദേഹം ആശംസിച്ചു. യുക്മയുടെ ഈ ഭരണസമിതിയുടെ കാലത്ത് തന്നെ അംഗത്വവിതരണം പൂര്‍ത്തീകരിച്ച് യു.എന്‍.എഫിന്റെ താഴെ തലം മുതല്‍ ദേശീയ കമ്മറ്റി വരെ തെരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. യു.എന്‍.എഫില്‍ അംഗത്വം എടുക്കുന്നതിനുള്ള അവസരം വെബ്‌സൈറ്റിലൂടെ ലഭ്യമാണെന്നും മെംബര്‍ഷിപ്പിനുള്ള അവസരം എല്ലാ നഴ്‌സുമാരും വിനയോഗിക്കണമെന്നും അഡ്വ. ഫ്രാന്‍സിസ് മാത്യു കൂട്ടിച്ചേര്‍ത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുക്മയുടെ വരുന്ന ദേശീയ ജനറല്‍ ബോഡി യോഗത്തില്‍ നഴ്‌സസ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനു ആവശ്യമായ എല്ലാ നിര്‍ദ്ദേശങ്ങളും അംഗ അസോസിയേഷനുകളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് നല്‍കുമെന്നു അഡ്വ. ഫ്രാന്‍സിസ് മാത്യു, യുക്മ ദേശീയ ജോ. സെക്രട്ടറിയും യു.എന്‍.എഫ് കോര്‍ഡിനേറ്ററുമായ ആന്‍സി ജോയ് എന്നിവര്‍ അറിയിച്ചു. മെംബര്‍ഷിപ്പ് കാമ്പയിന്‍ നടത്തുന്നതിനൊപ്പം തന്നെ യുകെയിലെ മലയാളി നഴ്‌സുമാര്‍ക്ക് വേണ്ടി റീവാലിഡേഷന്‍ സംബന്ധിച്ച സെമിനാറുകള്‍ സംഘടിപ്പിക്കുമെന്നു യു.എന്‍.എഫ് ദേശീയ പ്രസിഡന്റ് അബ്രാഹം ജോസ് അറിയിച്ചു. പ്രമുഖ ട്രേഡ് യൂണിയനുകളുമായി ചേര്‍ന്ന് യുകെയിലെ വിവിധ സ്ഥലങ്ങളില്‍ യുക്മ അംഗ അസോസിയേഷനുകളുമായി സഹകരിച്ചാവും സെമിനാറുകള്‍ സംഘടിപ്പിക്കപ്പെടുക. ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
യുക്മ സാംസ്‌ക്കാരിക വേദി ജനറല്‍ കണ്‍വീനര്‍ സി.എ ജോസഫ്, ജ്വാല ഇമാഗസിന്‍ ചീഫ് എഡിറ്റര്‍ റെജി നന്തികാട്ട്, എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ് പാറ്റിയാല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
തുടര്‍ന്ന് യു.എന്‍.എഫ് എന്‍ഫീല്‍ഡ് ബ്രാഞ്ച് കമ്മറ്റിയെയും തെരഞ്ഞെടുത്തു.
 ഭാരവാഹികള്‍:
 ബീന ജോര്‍ജ് (പ്രസിഡന്റ്), തനൂജ റെജി (ജനറല്‍ സെക്രട്ടറി), ആന്‍സി ജോസഫ് (ട്രഷറര്‍), ഷീബ ടിജോ, ദീപ തോമസ് (വൈസ് പ്രസിഡന്റ്), ലീലാമ്മ ജോണ്‍ (ജോ.സെക്രട്ടറി)