ഷിബു മാത്യൂ
ഹള്‍. പത്താമത് യുക്മ നാഷണല്‍ കലാമേളയ്ക്ക് മുന്നോടിയായിട്ടുള്ള യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയണല്‍ കലാമേള ഹള്ളില്‍ ഇന്നലെ നടന്നു. രാവിലെ പത്ത് മണിയോടെ പെയിന്റിംഗ് മത്സരം ആരംഭിച്ചു. പന്ത്രണ്ട് മണിയോടെ സബ് ജൂണിയേഴ്‌സിന്റെ ഭരതനാട്യ മത്സരത്തോടെ ഔദ്യോഗികമായി കലാമത്സരങ്ങള്‍ ആരംഭിച്ചു. മൂന്ന് മണിയോടെ കലാമേളയുടെ ഔദ്യോഗിക ഉത്ഘാടനം യുക്മ നാഷണല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് വിവിധ അസ്സോസിയേഷനില്‍ നിന്നുള്ള കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി. മുപ്പത്തിയെട്ടിനങ്ങളിലായി എഴുപതോളം ടീമുകള്‍ മാറ്റുരച്ചു. ഹളളും ഷെഫീല്‍ഡും സ്‌കന്‍ന്തോര്‍പ്പുമായിരുന്നു മത്സരത്തില്‍ തുടക്കം മുതലേ ആധിപത്യം പുലര്‍ത്തിയിരുന്നത്.
അത്യധികം വാശിയേറിയ മത്സരത്തിനൊടുവില്‍ 235 പോയിന്റോടെ ഈസ്റ്റ് യോര്‍ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ യുക്മ യോര്‍ക്ഷയര്‍ ആന്റ് ഹംബര്‍ റീജിയണല്‍ കലാമേളയില്‍ തുടര്‍ച്ചയായി മൂന്നാമതും കിരീടം ചൂടി. 93 പോയിന്റോടെ ഷെഫീല്‍ഡ് കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ രണ്ടാം സ്ഥാനത്തുമെത്തി. ഹെലനാ സ്റ്റീഫന്‍ കലാതിലകവും രോഹിത് ഷൈന്‍ കലാപ്രതിഭ പട്ടവും ചൂടി. നാട്യ മയൂരം എവാ കുര്യാക്കോസും നേടി.
വൈകിട്ട് 8.30 ന് മത്സരങ്ങള്‍ അവസാനിച്ചു. തുടര്‍ന്ന് സമാപന സമ്മേളനം നടന്നു. കാവാലം നാരായണപണിക്കരുടെ മകന്‍ കാവാലം ശ്രീകുമാര്‍ മുഖ്യ അതിഥിയായിരുന്നു. വേദിയിലെത്തിയ കാവാലം ശ്രീകുമാര്‍ അച്ഛന്റെ അതേ താളത്തില്‍ പാടി കാണികളുടെ കൈയ്യടി നേടി. യുകെ മലയാളികള്‍ക്കായി ഒരു നല്ല സന്ദേശം നല്കാനും അദ്ദേഹം മറന്നില്ല. മത്സരത്തില്‍ പങ്കെടുത്ത എല്ലാവരേയും അദ്ദേഹം അനുമോദിച്ചു. തുടര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാനദാനം നടന്നു. തുടര്‍ന്ന് കലാമേളയുടെ സുഗമമായ നടത്തിപ്പിനായി സംഘടിപ്പിച്ച റാഫെല്‍ ടിക്കറ്റിന്റെ നറുക്കെടുപ്പും സമ്മാനദാനവും നടന്നു. പതിവില്‍ നിന്ന് വിപരീതമായി പത്തു മണിയോടെ കലാമേളയ്ക്ക് തിരശ്ശീല വീണു.
സംഘാടക മികവുകൊണ്ട് അവിശ്വസനീയമായ രീതിയിലാണ് യോര്‍ക്ഷയര്‍ ആന്റ് ഹംബര്‍ റീജിയണിലെ സംഘാടകര്‍ കലാമേള ചിട്ടപ്പെടുത്തിയിരുന്നത്. അതിവിശാലമായ ഹാളും സ്റ്റേജും, സുതാര്യമായ ശബ്ദ നിയന്ത്രണവും വെളിച്ചവും. സത്യസന്ധമായ വിധി നിര്‍ണ്ണയം, രുചികരമായ ഭക്ഷണവും പ്രാഥമിക സൗകര്യങ്ങളും, വിശാലമായ പാര്‍ക്കിംഗ് സൗകര്യം, പരിപാടിയില്‍ ഉടനീളം നീണ്ടുനിന്ന ഹെല്‍പ്പിംഗ് ആന്റ് കെയറിംഗ്, വ്യക്തമായ കമ്മ്യൂണിക്കേഷന്‍, ഇതെല്ലാം റീജിയണല്‍ കലാമേളയെ ഇതുവരെയും നടന്ന കലാമേളകളില്‍ നിന്നും വ്യത്യസ്തമാക്കി.
യോര്‍ക്ഷയര്‍ ആന്റ് ഹംബര്‍ റീജിയണിന്റെ പ്രസിഡന്റ് അശ്വിന്‍ മാണിയുടെ നേതൃത്വത്തില്‍, സെക്രട്ടറി സജിന്‍ രവീന്ദ്രന്‍, ട്രഷറര്‍ ജേക്കബ് കളപ്പുരയ്ക്കല്‍, വൈസ് പ്രസിഡന്റ് ലീനുമോള്‍ ചാക്കോ, ജോയിന്റ് സെക്രട്ടറി ജോണ്‍ മാര്‍ട്ടിന്‍, ജോയിന്റ് ട്രഷറര്‍ ബാബു സെബാസ്റ്റ്യന്‍, ആട്‌സ് കോര്‍ഡിനേറ്റര്‍ അമ്പിളി രഞ്ജു കൂടാതെ റീജിയണിനെ ആത്മാത്ഥമായി പുറത്തു നിന്ന് സഹായിച്ചുകൊണ്ടിരിക്കുന്ന കിരണ്‍ സോളമനും ജസ്റ്റിന്‍ എബ്രഹാമും കൂടി ചേര്‍ന്നപ്പോള്‍ കലാമേളയ്ക്ക് പൂര്‍ണ്ണമായ ഒരു വേദി മത്സരാര്‍ത്ഥികള്‍ക്കായി ഒരുങ്ങി. ഡോ. ദീപാ ജേക്കബ്, ഡോ. ഷീതള്‍ ജോര്‍ജ്ജ് എന്നിവര്‍ നേതൃത്വം കൊടുത്ത ഈസ്റ്റ് യോര്‍ക്ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ ആതിഥേയത്വം കലാ മേളയെ വന്‍ വിജയത്തിലെത്തിച്ചു എന്ന് എടുത്ത് പറയേണ്ടതുണ്ട്.
പതിവ് കാലങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ജനപങ്കാളിത്തമാണ് ഇത്തവണ ഹളളില്‍ നടന്ന റീജിയണല്‍ കലാമേളയ്ക്ക് ലഭിച്ചത്. മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് രാവിലെ 9.30 തിന് ആരംഭിക്കേണ്ടിയിരുന്ന ചിത്രരചനാ മത്സരം തുടങ്ങിയത് പത്ത് മണിക്കാണ്. 10.30 ന് ആരംഭിക്കേണ്ടിയിരുന്ന കലാമത്സരങ്ങള്‍ തുടങ്ങിയത് 12 മണിക്കും. കലാമേളയുടെ ഔദ്യോഗീക ഉത്ഘാടനം നടന്നത് ഉച്ചതിരിഞ്ഞ് മൂന്നു മണിക്കും. പ്രതികൂലമായ കാലാവസ്ഥയില്‍ മത്സരങ്ങള്‍ വളരെ വൈകി തുടങ്ങിയെങ്കിലും മറ്റു വര്‍ഷങ്ങളെ അപേക്ഷിച്ച് മത്സരാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ കുറവ് ആശങ്കയ്ക്ക് വകയേകുന്നു. മത്സരയിനങ്ങളില്‍ പലതിലും മത്സരാര്‍ത്ഥികളുടെ എണ്ണം മൂന്നില്‍ താഴെയായിരുന്നു. പല അസ്സോസിയേഷനുകളും മത്സരങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനിന്നു. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് എവിടേയ്ക്ക് എന്ന ചോദ്യം ഇനിയും ബാക്കി നില്ക്കുന്നു.
യോര്‍ക്ഷയര്‍ ആന്റ് ഹംബര്‍ റീജിയണിലെ സംഘാടകര്‍ അത്യാധുനിക സൗകര്യത്തോടെ കൃത്യമായി കലാമേള സംഘടിപ്പിച്ചിട്ടും ജനപങ്കാളിത്തം വളരെ കുറഞ്ഞു പോയതും പ്രമുഖ അസ്സോസിയേഷനുകള്‍ കലാമേളയില്‍ നിന്നു വിട്ടുനിന്നതും യുക്മയുടെ 2019 ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, അധികാരം നേടിയെടുക്കുന്നതിന് നേതൃത്വനിരയിലുണ്ടായ ചില വ്യക്തികളുടെ ആഭ്യന്തര കലഹമാണ് എന്ന് പരക്കെ ആക്ഷേപമുണ്ട്.
Leave a Reply