സജീഷ് ടോം
ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3 യുടെ രണ്ടാം റൗണ്ട് മത്സരങ്ങൾ ആരംഭിക്കുകയാണ്. കഴിഞ്ഞ നവംബർ 11 ന് ബർമിംഗ്ഹാമിനടുത്തുള്ള വൂളറാംപ്റ്റണിൽ നടന്ന ആദ്യ സ്റ്റേജ് മത്സരങ്ങളിൽ രണ്ട് റൗണ്ട് മത്സരങ്ങളായിരുന്നു ക്രമീകരിച്ചിരുന്നത്. ആദ്യ റൗണ്ട്ആയ “ഇഷ്ടഗാന” റൗണ്ടിന്റെ സംപ്രേക്ഷണം പൂർത്തിയായിക്കഴിഞ്ഞു. അടുത്ത റൗണ്ട് 1970 – 1980 കാലഘട്ടത്തിൽ പുറത്തിറങ്ങിയ മലയാള സിനിമകളിൽനിന്നുള്ള ഹൃദ്യഗാനങ്ങൾക്കായാണ് മാറ്റിവച്ചിരിക്കുന്നത്.
മത്സരാർത്ഥികളായ പതിനഞ്ച് ഗായകരിൽ മൂന്നുപേർ ഈ റൗണ്ട് അവസാനിക്കുന്നതോടെ സ്റ്റാർസിംഗറിൽനിന്നും പുറത്താകുകയാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഒരു ജീവന്മരണ പോരാട്ടമായിരിക്കും രണ്ടാം റൗണ്ടിലെ മത്സരങ്ങളിൽ നാം കാണുക. ഈ റൗണ്ടിലെ ആദ്യ എപ്പിസോഡിൽ പാടാനെത്തുന്നത് കടൽകടന്ന് മത്സരിക്കാനെത്തിയ ജാസ്മിൻ പ്രമോദ് (ഡബ്ലിൻ), സോളിഹള്ളിൽനിന്നുള്ള ആന്റണി തോമസ്, കെൻറ്റിൽനിന്നുള്ള അനു ജോസ് എന്നിവരാണ്.
“ചിലമ്പ്” എന്ന ചിത്രത്തിനുവേണ്ടി ഔസേപ്പച്ചൻ സാറിന്റെ സംഗീതത്തിൽ കെ എസ് ചിത്ര ആലപിച്ച ‘പുടമുറി കല്യാണം ദേവി എനിക്കിന്ന് മാങ്കല്യം’ എന്ന ഗാനമാണ് ജാസ്മിൻ നമുക്കായി ആലപിക്കുന്നത്. റിപ്പബ്ലിക് ഓഫ് അയർലണ്ടിലെ നിരവധി വേദികളിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെക്കുന്ന അനുഗ്രഹീത ഗായികയായ ജാസ്മിന്റെ ആലാപനം, പാട്ടുകേട്ട് കഴിഞ്ഞും നാമറിയാതെ വീണ്ടും മൂളിപ്പാട്ടായി ചുണ്ടിൽ വിരിയും വിധം അതീവ ഹൃദ്യമായ ഒന്നാണെന്നതിൽ സംശയമില്ല. പ്രതിഭാധനനായ സിനിമാ സംവിധായകൻ ഭരതൻ തന്നെയാണ് ഗാനത്തിന്റെ ഈരടികളും രചിച്ചിരിക്കുന്നത്.
മലയാള സിനിമാ ഗാനങ്ങളുടെ വസന്തകാലത്തെ പണ്ഡിതരായ മഹാരഥന്മാരായിരുന്നു ശ്രീകുമാരൻതമ്പിസാറും ദക്ഷിണാമൂർത്തി സ്വാമികളും. അവരുടെ കൂട്ടുകെട്ടിൽ പിറന്ന നിരവധി ഗാനങ്ങൾ ആ കാലഘട്ടത്തിന്റെ കയ്യൊപ്പു പതിഞ്ഞവയായിരുന്നു. ശ്രീകുമാരൻതമ്പിയുടെ രചനയിൽ ദക്ഷിണാമൂർത്തി ഈണം ചിട്ടപ്പെടുത്തിയ “ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശിൽപ്പം” എന്ന ഭാവ തീവ്രമായ ഗാനവുമായാണ് അടുത്ത മത്സരാർത്ഥിയായ ആൻ്റണി തോമസ് എത്തുന്നത്. തന്റെ ശബ്ദത്തിന് യോജിക്കുന്ന ഗാനങ്ങൾ തെരഞ്ഞെടുക്കാനുള്ള പാടവം ഇഷ്ടഗാന റൗണ്ടിലും ആൻ്റണി തെളിയിച്ചതാണ്. ‘ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു’ എന്ന സിനിമയിൽ പി ജയചന്ദ്രൻ ആലപിച്ച ഈ ഗാനം ഭാവത്തിലും ആലാപനത്തിലും മികവുറ്റതാക്കാൻ ആൻ്റണി ശ്രമിക്കുന്നുണ്ട്.
ഇഷ്ടഗാന റൗണ്ടിലെ “സ്വരകന്യകമാർ വീണ മീട്ടുകയായ്” എന്ന ഗാനം ആലപിച്ച അനുവിനെ ആരും മറന്നിട്ടുണ്ടാകില്ല. ലളിതവും മധുരവുമായി പാടുന്ന കെൻറ്റിൽനിന്നുള്ള അനു ജോസ് രണ്ടാമത്തെ റൗണ്ടിൽ എത്തുന്നത് “ഓളങ്ങൾ” എന്ന ചിത്രത്തിലെ ‘തുമ്പീ വാ തുമ്പക്കുടത്തിൻ തുഞ്ചത്തായ് ഊഞ്ഞാലിടാം’ എന്ന നിത്യ ഹരിത സൂപ്പർ ഹിറ്റ് ഗാനവുമായാണ്. ഒ എൻ വി കുറുപ്പ് – ഇളയരാജ ടീമിന്റെ എക്കാലവും ഓർമ്മയിൽ ഈണമാകുന്ന ഈ ഗാനം എസ് ജാനകിയുടെ ശബ്ദത്തിലൂടെയാണ് മലയാളികൾ നെഞ്ചിലേറ്റുന്നത്. അനുവിന്റെ സ്റ്റാർസിംഗറിലെ മറ്റൊരു മിന്നുന്ന പ്രകടനം എന്നുതന്നെ വിശേഷിപ്പിക്കേണ്ടിവരും ഈ ഗാനം.
താഴെ കൊടുത്തിരിക്കുന്ന യുട്യൂബ് ലിങ്കിലൂടെ പുതിയ എപ്പിസോഡ് കാണുക
Leave a Reply