സജീഷ് ടോം

ഗര്‍ഷോം ടി.വി. – യുക്മ സ്റ്റാര്‍ സിംഗര്‍- 3 മ്യുസിക്കല്‍ റിയാലിറ്റി ഷോയുടെ ഇഷ്ടഗാന റൗണ്ട് മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. പുതിയ ഗായകര്‍ രംഗപ്രവേശം ചെയ്യുന്തോറും മത്സരം കൂടുതല്‍ കടുപ്പമുള്ളതാകുകയാണ്. യൂറോപ്പ് മലയാളികളുടെ സംഗീത സങ്കല്‍പ്പങ്ങള്‍ക്ക് വേഗത പകര്‍ന്നുകൊണ്ട് യു.കെ.യിലെ തെരഞ്ഞെടുക്കപ്പെട്ട ഗായകര്‍ക്കൊപ്പം ഇതര യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ഗായകര്‍കൂടി മത്സരാര്‍ത്ഥികളായി എത്തുന്നു എന്നതാണ് സീസണ്‍ 3 ന്റെ സവിശേഷത.
പരമ്പരയുടെ രണ്ടാം എപ്പിസോഡാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ആദ്യ ഗാനവുമായെത്തുന്നത് വൂസ്റ്ററില്‍നിന്നുള്ള ഗായകന്‍ വിനു ജോസഫ് ആണ്. എം.ജി.ശ്രീകുമാറിന്റെ നിത്യ ഹരിത ഗാനമായ ‘കൂത്തമ്പലത്തില്‍ വച്ചോ’ എന്ന ഗാനമാണ് വിനു ആലപിക്കുന്നത്. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് സുന്ദര്‍ രാജന്‍ ഈണമിട്ടിരിക്കുന്ന ‘അപ്പു’വിലെ ഈ ഗാനം ഭാവാത്മകമായി ആലപിക്കുന്നതില്‍ വിനു വിജയിച്ചിരിക്കുന്നു.


മാഞ്ചസ്റ്ററില്‍ നിന്നുള്ള ജിസ്‌മോള്‍ ജോസ് ആണ് ഇഷ്ടഗാന റൗണ്ടിലെ രണ്ടാമത്തെ ഗായിക. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവാതെ, സ്വന്തമായ വഴികളിലൂടെ മാത്രം നടന്ന മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ ജോര്‍ജ് കിത്തുവിന്റെ പ്രസിദ്ധമായ ‘സവിധം’ എന്ന സിനിമയിലെ ‘മൗന സരോവരമാകെ ഉണര്‍ന്നു’ എന്ന ഗാനവുമായാണ് ജിസ്‌മോള്‍ നമുക്ക് മുന്നിലെത്തുന്നത്. പ്രതിഭയുടെ ത്രിവേണി സംഗമം എന്ന് പറയാവുന്ന കൈതപ്രം ജോണ്‍സന്‍ മാഷ് ചിത്ര കൂട്ടുകെട്ടില്‍ പിറന്ന ഈ ഗാനം മലയാളികള്‍ക്കേറെ പ്രിയപ്പെട്ടതാകാന്‍ വേറെ കാരണങ്ങള്‍ ആവശ്യമില്ലല്ലോ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇഷ്ടഗാന റൗണ്ട് രണ്ടാം എപ്പിസോഡിലെ അവസാന ഗാനവുമായെത്തുന്നത് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ സോളിഹള്ളില്‍നിന്നുള്ള ആന്റണി തോമസ് ആണ്. സമീപകാല മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്ററായ ‘പ്രേമം’ സിനിമയിലെ ‘തെളിമാനം മഴവില്ലിന്‍’ എന്ന വിജയ് യേശുദാസ് ആലപിച്ച ഗാനവുമായാണ് ആന്റണി എത്തുന്നത്. ശബരീഷ് വര്‍മ്മയുടെ വരികള്‍ക്ക് രാജേഷ് മുരുകേശന്‍ ഈണം പകര്‍ന്ന 2015ലെ ഈ ഗാനം ഇന്നും യുവജനങ്ങളുടെ ഹരമാണ് .


ആദ്യ എപ്പിസോഡിന്റെ ടെലികാസ്റ്റോടുകൂടി സ്റ്റാര്‍സിംഗറിന്റെ പുതിയ അവതാരകര്‍ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. ചിട്ടയായ തയ്യാറെടുപ്പുകളോടെ എത്തി, പ്രേക്ഷകരുമായി ഹൃദ്യമായി സംവദിക്കുന്ന അവതാരണ ശൈലി ഷോയുടെ ഹൈലൈറ്റുകളില്‍ ഒന്നായി ചര്‍ച്ചചെയ്യപ്പെടുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ഈ എപ്പിസോഡിലും പ്രേക്ഷകരുടെ പ്രിയങ്കരികളായി മാറിയ സന്ധ്യ മേനോനും, ദീപ നായരും അവതരണത്തിന്റെ കുലീനതയുമായെത്തുന്നു. താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ രണ്ടാം എപ്പിസോഡിന്റെ യുട്യൂബ് വീഡിയോ കാണുക