WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
പത്താമത് യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായി നടക്കുന്ന റീജിയണൽ കലാമേളകൾക്ക് ആവേശോജ്വലമായ പരിസമാപ്തി കുറിക്കുകയാണ്. യുക്മയുടെ ചരിത്രത്തിൽ ആദ്യമായി എട്ട്  റീജിയണുകളിലാണ് ഈ വർഷം കലാമേളകൾ സംഘടിപ്പിക്കപ്പെടുന്നത്. ദേശീയ കലാമേളയിൽ പങ്കെടുക്കുന്നവർക്കായുള്ള യോഗ്യതാ മത്സരങ്ങൾ എന്നതുതന്നെയാണ്, റീജിയണൽ കലാമേളകളുടെ സൗന്ദര്യവും ആവേശവും.
യുക്മ കലാമേളകളുടെ പത്തുവർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരേ ദിവസം അഞ്ച് മേഖലാ കലാമേളകൾ സംഘടിപ്പിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ 2019 ഒക്റ്റോബറിലെ അവസാന ശനിയാഴ്ച യുക്മയെ സംബന്ധിച്ചിടത്തോളം “സൂപ്പർ സാറ്റർഡേ” എന്ന നിലയിൽ അവിസ്മരണീയമായി മാറും. ദേശീയ കലാമേള നടക്കുന്ന നവംബർ രണ്ട് ശനിയാഴ്ചക്ക് തുല്യമായി ഏറ്റവും കൂടുതൽ കലാകാരന്മാരും കലാകാരികളും അരങ്ങിലെത്തുന്ന ദിവസമായിരിക്കും നാളെ.
2015 ഒക്റ്റോബറിലെയും 2017 ഒക്റ്റോബറിലെയും ആദ്യ ശനിയാഴ്ചകൾ യുക്മ കലാമേളകളുടെ “സൂപ്പർ സാറ്റർഡേ”കൾ ആയിരുന്നു. ഈ രണ്ടു വർഷങ്ങളിലും നാല് റീജിയണൽ കലാമേളകൾ വീതം ഒരേ ദിവസം സംഘടിപ്പിക്കപ്പെട്ടു. എന്നാൽ ഒരേ ദിവസം അരങ്ങേറുന്ന അഞ്ച് റീജിയണൽ കലാമേളകളുടെ വർണ്ണപ്പകിട്ടിൽ 2019 ഒക്റ്റോബർ 26 ശനിയാഴ്ച “സൂപ്പർ സാറ്റർഡേ”കളുടെ “സൂപ്പർ സാറ്റർഡേ” ആവുകയാണ്.
യോർക്ക് ഷെയർ ആൻഡ് ഹംബർ, സൗത്ത് വെസ്റ്റ്,  ഈസ്റ്റ് ആംഗ്ലിയ, ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, നോർത്ത് ഈസ്റ്റ് എന്നീ അഞ്ച് റീജിയണുകളിലാണ് നാളെ കലാമേളകൾ അരങ്ങേറുന്നത്.
നിലവിലുള്ള ദേശീയ ചാമ്പ്യന്‍മാരായ യോർക്ക് ഷെയർ ആൻഡ് ഹംബർ റീജിയണൽ കലാമേള ഹള്ളിലെ വെയ്ക്ക് സിക്സ്ത് ഫോറം കോളേജിൽ നടക്കും. റീജിയണൽ പ്രസിഡന്റ് അശ്വിൻ മാണി, ദേശീയ കലാമേള ജനറൽ കൺവീനറും നാഷണൽ ജോയിന്റ് സെക്രട്ടറിയുമായ സാജൻ സത്യൻ, റീജിയണൽ സെക്രട്ടറി സജിൻ രവീന്ദ്രൻ, നാഷണൽ എക്സിക്യൂട്ടിവ് അംഗം ജസ്റ്റിൻ എബ്രഹാം, യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി വർഗീസ് ഡാനിയേൽ തുടങ്ങിയവർ കലാമേളയ്ക്ക് നേതൃത്വം നൽകും.
സൗത്ത് വെസ്റ്റ് റീജിയണ്‍ കലാമേള തുടർച്ചയായ മൂന്നാം വർഷമാണ് ഓക്സ്ഫോർഡിൽ നടക്കുന്നത്. ഓക്സ്ഫോർഡിലെ പ്രസിദ്ധമായ ദി ബിസ്റ്റർ സ്കൂളിൽ നടക്കുന്ന കലാമേളക്ക് റീജിയണൽ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ദേശീയ ജോയിന്റ് ട്രഷറർ ടിറ്റോ തോമസ്, റീജിയണൽ സെക്രട്ടറി എം പി പദ്‌മരാജ്, മുൻ  റീജിയണൽ പ്രസിഡന്റ് വര്‍ഗീസ് ചെറിയാന്‍, യുക്മ പി ആർ ഒ ആൻഡ് മീഡിയ കോർഡിനേറ്റർ സജീഷ് ടോം, യുക്മന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകും.
റെയ്‌ലിയിലെ സ്വെയ്ൻ പാർക്ക് സ്കൂളിലാണ് ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കലാമേളയ്ക്ക് വേദിയൊരുങ്ങുന്നത്. റീജിയണൽ പ്രസിഡന്റ് ബാബു മങ്കുഴി, ദേശീയ ജോയിന്റ് സെക്രട്ടറി സെലിന സജീവ്, റീജിയണൽ സെക്രട്ടറി സിബി ജോസഫ്, നാഷണൽ കമ്മറ്റി അംഗം ജോജോ തെരുവൻ  തുടങ്ങിയവർ കലാമേളയ്ക്ക് നേതൃത്വം നൽകും.
എർഡിങ്ഡൺ സെന്റ് എഡ്മണ്ട് കാമ്പ്യൻ കാത്തലിക് സ്കൂളിൽ അരങ്ങേറുന്ന മിഡ്‌ലാൻഡ്‌സ് റീജിയണൽ കലാമേളയ്ക്ക് പ്രസിഡന്റ് ബെന്നി പോൾ,  ദേശീയ ട്രഷറർ അനീഷ് ജോൺ,  ദേശീയ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ, മുൻ ദേശീയ പ്രസിഡന്റും നിലവിലുള്ള ദേശീയ കമ്മറ്റിഅംഗവുമായ മാമ്മൻ ഫിലിപ്പ്, യുക്മ ടൂറിസം വൈസ് ചെയർമാൻ ഡിക്സ് ജോർജ്ജ്, മുൻ ദേശീയ ജോയിന്റ് ട്രഷറർ ജയകുമാർ നായർ, റീജിയണൽ സെക്രട്ടറി നോബി ജോസ്, നാഷണൽ കമ്മറ്റി അംഗം സന്തോഷ് തോമസ് തുടങ്ങിയവർ നേതൃത്വം നൽകും.
നോർത്ത് ഈസ്റ്റ് റീജിയണൽ കലാമേള ന്യൂകാസിലിലെ ഇംഗ്ലീഷ് മാർട്ടിയേഴ്സ് ചർച്ച് ഹാളിൽ നടക്കും.  ഇത് രണ്ടാം വർഷമാണ് നോർത്ത് ഈസ്റ്റ് റീജിയണൽ കലാമേള ന്യൂകാസിലിൽ അരങ്ങേറുന്നത്. ജിജോ മാധവപ്പള്ളി, ഷിബു എട്ടുകാട്ടിൽ, വർഗീസ് തോമസ് തുടങ്ങിയവർ കലാമേളയ്ക്ക് നേതൃത്വം നൽകും.
ദേശീയ പ്രസിഡന്റ് മനോജ് കുമാർ പിള്ള, ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യൻ തുടങ്ങിയ യുക്മ ദേശീയ നേതാക്കൾ  വിവിധ മേഖലാ കേന്ദ്രങ്ങളിൽ നടക്കുന്ന കലാമേളകളിൽ മുഖ്യാതിഥികളായി പങ്കെടുക്കും. റീജിയണൽ കലാമേളകളിലെ വിജയികൾ മാറ്റുരക്കുന്ന, വർണ്ണവിസ്മയം തീർക്കുന്ന ദേശീയ കലാമേള നവംബർ രണ്ട് ശനിയാഴ്ച മാഞ്ചസ്റ്റർ പാർസ് വുഡ് സെക്കണ്ടറി സ്കൂളിലെ “ശ്രീദേവി നഗറി”ലാണ് അരങ്ങേറുന്നത്. ദേശീയ മേളയിൽ ഏറ്റുമുട്ടുന്നവർ ആരൊക്കെയെന്ന ആകാംക്ഷക്കായിരിക്കും “സൂപ്പർ സാറ്റർഡേ” ഉത്തരം കണ്ടെത്തുന്നത്.