സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യുക്മ ദേശീയ – റീജിയണൽ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണാർത്ഥം യുക്മ ദേശീയ കമ്മറ്റി 2017 ൽ അവതരിപ്പിച്ച സമ്മാന പദ്ധതിയായ “യുക്മ യു-ഗ്രാന്റ്” 2017 ലെയും 2018 ലെയും ഗംഭീര വിജയത്തിന്റെ പശ്ചാത്തലത്തിൽ, 2019 പ്രവർത്തന വർഷത്തിലും, മുൻ വർഷങ്ങളേക്കാൾ കൂടുതൽ സമ്മാനങ്ങളുമായി വീണ്ടും യു കെ മലയാളികൾക്ക് മുന്നിലേക്ക് അവതരിപ്പിക്കുകയാണ്.
ബഹുമാനപ്പെട്ട കേരളാ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക് അദ്ദേഹത്തെ ആദരിക്കുന്നതിന് യുക്മ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ വച്ച് കെ.എസ്.എഫ്. ഇ ചെയർമാൻ അഡ്വ. ഫിലിപ്പോസ് തോമസ്, മാനേജിംഗ് ഡയറക്ടർ ശ്രീ എ. പുരുഷോത്തമൻ എന്നിവരുടെയും യുക്മ ദേശീയ ഭാരവാഹികൾ സ്പോൺസർമാരായ അലൈഡ് ഫിനാൻസിയേഴ്സ് പ്രതിനിധികളായ ശ്രീ. ജോയി തോമസ്, ശ്രീ. ബിജോ ടോം എന്നിവരുടെയും സാന്നിധ്യത്തിലാണ് യുക്മ യു – ഗ്രാൻറ് 2019 പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നടത്തിയത്.
യുക്മ യു ഗ്രാൻറ് – 2019 ന്റെ ദേശീയ തലത്തിലുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചുകഴിഞ്ഞു. യുക്മ ദേശീയ കായികമേള ഉദ്ഘാടന വേദിയിൽ വച്ച് യുക്മയുടെ പ്രഥമ ദേശീയ പ്രസിഡന്റ് ശ്രീ. വർഗീസ് ജോണിന് ആദ്യ ടിക്കറ്റ് നൽകിക്കൊണ്ട് യുക്മ ദേശീയ പ്രസിഡന്റ് ശ്രീ. മനോജ്‌കുമാർ പിള്ള ടിക്കറ്റ് വിൽപ്പന ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്തു.
കൂടുതൽ ആകർഷകങ്ങളായ സമ്മാനങ്ങളാണ് ഈ വർഷം യു കെ മലയാളികളെ കാത്തിരിക്കുന്നത്. പത്തു പൗണ്ട് വിലയുള്ള ഒരു ടിക്കറ്റ് എടുക്കുന്ന വ്യക്തിക്ക് പതിനായിരത്തോളം പൗണ്ട് വിലമതിക്കുന്ന ഒരു ബ്രാൻഡ് ന്യൂ Peugeot 108 കാർ സമ്മാനമായി നേടാൻ അവസരമൊരുങ്ങുന്നു എന്നതുതന്നെയാണ് യു- ഗ്രാൻറ് – 2019 ന്റെ ഈ വർഷത്തെ മുഖ്യ ആകർഷണം. കൂടാതെ രണ്ടാം സമ്മാനം ലഭിക്കുന്ന വിജയിക്ക് ഇരുപത്തിനാല് ഗ്രാമിന്റെ സ്വർണ നാണയങ്ങളും, മൂന്നാം സമ്മാനാർഹന് പതിനാറ് ഗ്രാമിന്റെ സ്വർണ്ണ നാണയങ്ങളും നൽകപ്പെടുന്നു.
ഒരു പവൻ വീതം തൂക്കം വരുന്ന പതിനാറ് സ്വർണ്ണ നാണയങ്ങൾ ആണ് നാലാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. യുക്മയുടെ എട്ട് റീജിയണുകൾക്കും രണ്ട് വീതം സ്വർണ്ണ നാണയങ്ങൾ ഉറപ്പായും ലഭിക്കുന്ന വിധമാണ് നാലാം സമ്മാനത്തിന്റെ നറുക്കെടുപ്പ് നടത്തപ്പെടുന്നത്. പതിവുപോലെ യു കെ യിലെ പ്രമുഖ മലയാളി ബിസിനസ് സംരംഭകരായ അലൈഡ് മോർട്ട്ഗേജ് സർവീസസ് ആണ് യുക്മ യു- ഗ്രാൻറ്-2919 ന്റെ സമ്മാനങ്ങൾ എല്ലാം സ്പോൺസർ ചെയ്തിരിക്കുന്നത്.
ലോട്ടറികളുടെ ചരിത്രത്തിൽ ഒരുപക്ഷേ ആദ്യമായിട്ടാകും വിറ്റുവരവിന്റെ പകുതി തുക വിൽക്കുന്നവർക്ക് വീതിച്ചു നൽകുന്ന വിപുലമായ വാഗ്‌ദാനം നടപ്പിലാക്കുന്നത്. യുക്മ യു- ഗ്രാൻറ് -2019 ലെ വിൽക്കുന്ന ടിക്കറ്റുകളുടെ മൊത്തം വിറ്റുവരവിന്റെ അമ്പതു ശതമാനം പ്രസ്തുത റീജിയണും അസോസിയേഷനുകൾക്കുമായി വീതിച്ചു നൽകുകയാണ് യുക്മ. റീജിയണൽ പ്രവർത്തനങ്ങൾക്ക് വരുമാനം കണ്ടെത്താനാവാതെ പ്രതിസന്ധിയിലാവുന്ന യുക്മ റീജിയണൽ നേതൃത്വങ്ങൾക്ക് യുക്മ യു- ഗ്രാന്റ് വലിയ ആശ്വാസം ആകുമെന്ന് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ തെളിയിക്കപ്പെട്ടു കഴിഞ്ഞതാണ്. ഒപ്പം യുക്മയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്തുവാൻ അംഗ അസ്സോസിയേഷനുകൾക്കും യു – ഗ്രാൻറ് നല്ലൊരു സ്രോതസ് ആകുന്നു. ഈ
കാരണങ്ങൾകൊണ്ടുതന്നെയാണ് റീജിയണൽ- അസോസിയേഷൻ ഭാരവാഹികളും പ്രവർത്തകരും കൃത്യമായ തയ്യാറെടുപ്പുകളോടെ യു- ഗ്രാൻറ് ലോട്ടറി വിൽപ്പനയുമായി ഈ വർഷവും സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്. സമ്മാനങ്ങളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ള വർദ്ധനവ് യു കെ മലയാളികൾക്കിടയിൽ യു-ഗ്രാന്റ് നറുക്കെടുപ്പിന് ഈ വർഷം കൂടുതൽ സ്വീകാര്യതയുണ്ടാക്കും എന്ന് വിലയിരുത്തപ്പെടുന്നു.
യുക്മ ദേശീയ- റീജിയണൽ പരിപാടികൾക്ക് പൂർണ്ണമായി സ്പോൺസർമാരെ ആശ്രയിക്കുന്ന നിലവിലുള്ള രീതിക്ക് ഭാഗികമായെങ്കിലും ഒരു മാറ്റം കുറിക്കാൻ യുക്മ യു- ഗ്രാൻറിലൂടെ സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് പറഞ്ഞു.
ഒപ്പം യു കെ മലയാളികൾക്കിടയിൽ മറ്റൊരു വലിയ ഭാഗ്യശാലിയെ കണ്ടെത്തുവാനുള്ള അസുലഭ അവസരമാണ് യു- ഗ്രാൻറ് നറുക്കെടുപ്പിലൂടെ യുക്മ ഒരുക്കിയിരിക്കുന്നത്. 2017 ൽ ഷെഫീൽഡിൽ നിന്നുമുള്ള സിബി മാനുവൽ ആയിരുന്നു യു-ഗ്രാന്റ് ലോട്ടറി ഒന്നാം സമ്മാനമായ ബ്രാൻഡ് ന്യൂ വോൾക്സ്‌വാഗൺ പോളോ കാർ സമ്മാനമായി നേടിയത്. 2018 ൽ ബർമിംഗ്ഹാം നിവാസിയായ സി എസ് മിത്രൻ ഒന്നാം സമ്മാനമായ ടൊയോട്ട ഐഗോ കാർ സ്വന്തമാക്കി.
യു- ഗ്രാൻറ് ലോട്ടറിയുടെ മൊത്തം വിറ്റുവരവിന്റെ നിശ്ചിത
ശതമാനം യുക്മയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടിയായിരിക്കും വിനിയോഗിക്കുക. പദ്ധതിയുടെ ആദ്യഘട്ട വിൽപ്പന അസോസിയേഷനുകളുടെ തിരുവോണ ആഘോഷങ്ങളോടനുബന്ധിച്ച്, സെപ്റ്റംബർ രണ്ടാം വാരത്തോടെ അവസാനിപ്പിക്കുവാനാണ് യുക്മ നേതൃത്വം ആലോചിക്കുന്നത്. ഒക്ടോബർ മാസം നടക്കുന്ന യുക്മ റീജിയണൽ കലാമേളകളോടെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. നവംബറിൽ യുക്മ ദേശീയ കലാമേള വേദിയിൽ വച്ച് വിജയികളെ നറുക്കെടുപ്പിലൂടെ പ്രഖ്യാപിക്കും.
യുക്മ ദേശീയ ട്രഷറർ അനീഷ് ജോൺ, ദേശീയ ജോയിന്റ് ട്രഷറർ ടിറ്റോ തോമസ് എന്നിവരാണ് യുക്മ യു-ഗ്രാന്റ് – 2019 ന്റെ ചുമതല നിർവഹിക്കുക. യുക്മ ദേശീയ- റീജിയണൽ ഭാരവാഹികളും പോഷക സംഘടനാ പ്രവർത്തകരും അടങ്ങുന്ന ടീം ഏകോപന സമിതിയായി പ്രവർത്തിക്കും. ഈ വർഷം ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിൽക്കുന്ന റീജിയണും, അസോസിയേഷനും പ്രോൽസാഹനമായി പ്രത്യേക ക്യാഷ് അവാർഡും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു..
Leave a Reply