1981 ഒക്‌ടോബറിലാണ് ഞാന്‍ ഉഴവൂര്‍ കോളജില്‍ ചേര്‍ന്നത്. അന്ന് ഗോരേത്തിയമ്മയാണ് ഉഴവൂര്‍ കോളജിന്റെ പ്രിന്‍സിപ്പല്‍. കരിസ്മാറ്റിക് ധ്യാനങ്ങള്‍ കേരളത്തില്‍ സജീവമാകുന്ന കാലഘട്ടം. കോളജിലും കരിസ്മാറ്റിക് ധ്യാനങ്ങള്‍ നടത്തിയിരുന്നു. ആ കരിസ്മാറ്റിക് ധ്യാനത്തില്‍ പങ്കെടുത്ത ജോസഫ് കൊച്ചുതാഴം എന്ന ബോട്ടണി ലക്ചറര്‍ ദൈവവിളി ഉണ്ടായതിന്റെ ഫലമായി അപ്പോള്‍ പൂനാ പേപ്പല്‍ സെമിനാരിയില്‍ വൈദിക വിദ്യാര്‍ത്ഥിയാണ്. കോളജില്‍ നിന്നും അദ്ദേഹത്തിന് ദീര്‍ഘകാല അവധിയാണ് നല്‍കിയിരിക്കുന്നത്. ഒരു ഇളയ സഹോദരനോട് എന്നപോലെ ഉള്ള സ്‌നേഹവാത്സല്യങ്ങളാണ് ഗോരേത്തിയമ്മ എന്നോട് കാട്ടിയിരുന്നത്. സ്വകാര്യ സംഭാഷണങ്ങളില്‍ ബ്രദര്‍ കൊച്ചുതാഴത്തിനെപ്പറ്റി എന്നോട് ഉത്സാഹത്തോടെ സംസാരിക്കുമായിരുന്നു. 1982 ഫെബ്രുവരി മാസത്തില്‍ സിസ്റ്റര്‍ എന്റെ കൈയ്യില്‍ ഒരു സര്‍ക്കുലര്‍ തരികയുണ്ടായി. സേവ്യര്‍ ബോര്‍ഡ് ഓഫ് ഹയര്‍ എഡ്യുക്കേഷന്റെ ആഭിമുഖ്യത്തില്‍ കൊടൈക്കനാലില്‍ ഒരാഴ്ച നീണ്ടുനില്ക്കുന്ന കോളജ് അധ്യാപകര്‍ക്കുവേണ്ടിയുള്ള കരിസ്മാറ്റിക്  ധ്യാനത്തെക്കുറിച്ചുള്ള അറിയിപ്പായിരുന്നു അത്. അങ്ങനെ സിസ്റ്ററിന്റെ പ്രേരണയാല്‍ ഞങ്ങള്‍ നാലുപേര്‍ ഷെമ്പഗനൂരിലെ സേക്രട്ട് ഹാര്‍ട്ട് കോളജില്‍ നടക്കുന്ന കരിസ്മാറ്റിക് ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ തീരുമാനിച്ചു. മലയാളം ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് ഞാനും ചാക്കോസാറും. ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് തോമസ് വെട്ടിക്കല്‍, ബോട്ടണി ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും ജോസ് കോരക്കുടിലില്‍.

ഏപ്രില്‍ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ ഒരു ദിനം കോട്ടയത്ത് ആനന്ദ് തീയേറ്ററില്‍  സെക്കന്റ്‌ ഷോ കണ്ട് വെളുപ്പിനുള്ള മധുര ബസില്‍ കയറി ഞങ്ങള്‍ തേനിയില്‍ ഇറങ്ങി. തേനിയില്‍ നിന്നും പെരിയകുളം ബത്‌ലിഗുണ്ടാ വഴി തണുപ്പുള്ള ഒരു സായാഹ്നത്തില്‍ ഷെമ്പകനൂര്‍ കോളജിന്റെ മുന്‍പില്‍ ഞങ്ങള്‍ ബസ് ഇറങ്ങി. വിശാലമായ ഒരു പ്രദേശത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു കെട്ടിട സമുച്ചയം. അങ്ങ് അകലെ മഞ്ഞണിഞ്ഞ കൊടൈമലകള്‍. ജസ്യൂട്ട് വൈദികരുടെ കോളജാണത്. പല കാരണങ്ങള്‍കൊണ്ട് ആ കോളജ് ഇന്ന് നിര്‍ത്തിയിരിക്കുകയാണ്. ഇപ്പോള്‍ ഇതുപോലെ ക്യാമ്പുകളും സെമിനാറുകളുമൊക്കെയാണ് അവിടെ നടന്നുവരുന്നത്. ദക്ഷിണേന്ത്യയിലെ പല കോളജുകളില്‍ നിന്നായി 50ഓളം അധ്യാപകര്‍. പുരുഷന്മാരും സ്ത്രീകളും കന്യാസ്തീകളുമുണ്ട്. റെജിസ്‌ട്രേഷന്‍ കഴിഞ്ഞ് എല്ലാവരും തമ്മില്‍ പരിചയപ്പെട്ടു. കേരളത്തില്‍ നിന്നും കുറെപ്പേരുണ്ട്. ബി.സി.എം. കോളജില്‍ നിന്ന് സിസ്റ്റര്‍ ഫ്‌ളെവര്‍ലിറ്റിന്റെ നേതൃത്വത്തില്‍ രണ്ടു അധ്യാപികമാര്‍. മംഗലാപുരം കോളജിലെ പ്രസിന്‍സിപ്പലായിരുന്ന സിസ്റ്റര്‍ എഡ്‌വിച്ച് ആയിരുന്നു ക്യാമ്പിന്റെ കോഓര്‍ഡിനേറ്റര്‍. സേവ്യര്‍ ബോര്‍ഡ് ഓഫ് ഹയര്‍ എഡ്യുക്കേഷന്റെ ഭാരവാഹി കൂടിയായിരുന്നു അവര്‍. ഒരു കന്യാസ്ത്രീയുടെ ഭാവശുദ്ധിയോടുകൂടി അവര്‍ എപ്പോഴും ഞങ്ങള്‍ക്ക് ഉപേദശങ്ങള്‍ നല്‍കിയിരുന്നു. ഗോരേത്തിയമ്മയുടെ സുഹൃത്തും കൂടിയായിരുന്നു അവര്‍. നിശബ്ദരായിക്കുവാന്‍ അവര്‍ എപ്പോഴും ഞങ്ങളെ പ്രേരിപ്പിച്ചുെകാണ്ടിരുന്നു.

ഫാദര്‍ ജിനോ ഹെന്‍ട്രിക്കസ് എന്ന മംഗലാപുരംകാരന്‍ വൈദികനായിരുന്നു ധ്യാനഗുരു. ശുദ്ധമായ ഇംഗ്ലീഷില്‍ അദ്ദേഹം തന്റെ ധ്യാനപ്രസംഗങ്ങള്‍ നടത്തി. ഇടയ്ക്കിടയ്ക്ക് ആരാധനകളും മറ്റു ശുശ്രൂഷകളും സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിലാണ് നടന്നിരുന്നത്. ചെന്നതിന്റെ പിറ്റേന്ന് ഞാന്‍ ഗോരേത്തിയമ്മയ്ക്ക് അവിടെനിന്നൊരു കത്തയച്ചു. ആ കത്തില്‍ ധ്യാനത്തിന്റെ നല്ല വശങ്ങളാണ് ഞാന്‍ എഴുതിയിരുന്നത്. ആ കത്തിനെക്കുറിക്ക് സിസ്റ്റര്‍ പലരോടും സംസാരിച്ചുവത്രേ!. ബ്രദര്‍ കൊച്ചുതാഴത്തിനെപ്പോലെ മറ്റൊരു ബ്രദര്‍ പൂഴിക്കുേന്നലിനെ സിസ്റ്റര്‍ സങ്കല്പിച്ചുകാണും! പരിശുദ്ധാാവിന്റെ കൃപയ്ക്കുവേണ്ടിയുള്ള അഭിഷേക പ്രാര്‍ത്ഥനകളും രോഗശാന്തി ശുശ്രൂഷകളും ഒക്കെയായി അഞ്ചുദിവസം നീണ്ടുനിന്ന ആ ധ്യാനം അവസാനിച്ചു. ഒരു ദിവസം ഉപവാസവും ഉണ്ടായിരുന്നു. ധ്യാനം കഴിഞ്ഞതിന്റെ പിറ്റേദിവസം കൊടൈക്കനാല്‍ കാഴ്ചകള്‍ക്കായി സിസ്റ്റര്‍ ഞങ്ങളെ കൊണ്ടുപോയി. എല്ലാവരും അവരവരുടെ കോളജുകളില്‍ പ്രയര്‍ ഗ്രൂപ്പുകളുണ്ടാക്കി ധ്യാനത്തിന്റെ അരൂപി നിലനിര്‍ത്തണെമന്ന് ഉപേദശിച്ച്  സിസ്റ്റര്‍ എഡ്‌വിച്ച് ഞങ്ങളെ യാത്രയാക്കി. പിറ്റെ വര്‍ഷം മാര്‍ച്ചുമാസത്തില്‍ ഗൊരേത്തിയമ്മ വീണ്ടും വിളിച്ച് ഫോളോ അപ്പ് ധ്യാനത്തിന്റെ സര്‍ക്കുലര്‍ കാട്ടിത്തന്നു. വീണ്ടും ഷെമ്പഗനൂര്‍ക്ക് പോകാനുള്ള ഉത്സാഹം. ഈ സമയം പ്രാല്‍സാറും ഹിന്ദിയിലെ എം. ജെ. തോമസ് സാറുമായി ഞാന്‍ വലിയ സൗഹൃദത്തിലായിരുന്നു. ഇത്തരം കാര്യങ്ങളില്‍ കടുത്ത വിമര്‍ശകരായിരുന്നെങ്കിലും കൊടൈക്കനാലില്‍ ഒരാഴ്ച താമസിക്കാമെന്നുള്ള എന്റെ പ്രേരണയ്ക്ക് വഴങ്ങി അവരും പോരുവാന്‍ സമ്മതിച്ചു. ചാക്കോസാറും ജോസ് കോരക്കുടിയും ഒഴിഞ്ഞുമാറി. അങ്ങനെ 1983 ഏപ്രില്‍ മാസത്തിന്റെ ആദ്യവാരത്തില്‍ പ്രാല്‍ജി, ഗുരുജി, വെട്ടിക്കന്‍, പിന്നെ ഞാനും മധുര ബസില്‍ തേനിയില്‍ ഇറങ്ങി. പെരിയകുളം ബത്‌ലിഗുണ്ടാവഴി കൊടൈക്കനാലില്‍ എത്തി. ഇത്തവണ ക്യാമ്പില്‍ പകുതിയോളം പഴയ ആള്‍ക്കാരും പകുതിയോളം പുതിയ ആള്‍ക്കാരുമാണ്. സിസ്റ്റര്‍ എഡ്‌വിച്ച് വീണ്ടും ഉപദേശങ്ങള്‍ നിരത്തി. പ്രാല്‍ജിയും ഗുരുജിയും ഉപേദശങ്ങളെ ഹാസ്യഭാവങ്ങേളാടെ സ്വീകരിച്ചു. പ്രാല്‍ജിയുടെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ വന്നപ്പോള്‍ അദ്ദേഹത്തിന്റെ തലയില്‍ കൈവച്ച് ”ഓ ജീസസ്! ഹാവ് മേഴ്‌സി ഓണ്‍ യുവര്‍ സണ്‍” എന്നു വിലപിച്ചു. പ്രാല്‍ജിയും ഗുരുജിയും ഒരു മുറിയിലും ഞാനും വെട്ടിക്കനും മറ്റൊരു മുറിയിലുമാണ് കരിമ്പടം പുതച്ച് ഉറങ്ങിയിരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സായാഹ്നങ്ങളില്‍ ഞങ്ങള്‍ പൂന്തോട്ടങ്ങളിലൂടെ നടന്നു. യൂക്കാലി മരത്തണലില്‍ വിശ്രമിച്ചു. പ്രകൃതിഭംഗി ആസ്വദിച്ചു. സന്ധ്യകളില്‍ അത്താഴത്തിനു മുന്‍പ് ചില കുസൃതികളില്‍ മുഴുകി. ഫ്രിറ്റ്‌സ് എന്ന സഹോദരനാണ് ആദ്യ ദിവസത്തെ ക്ലാസ്സുകള്‍ നയിച്ചത്. മര്‍ച്ചന്‍ട് നേവിയില്‍ കപ്പിത്താനായിരുന്ന ഫ്രിറ്റ്‌സ് ജോലി ഉപേക്ഷിച്ച് ഇപ്പോള്‍ സുവിശേഷപ്രഘോഷണത്തിലാണ്. വെളുത്ത പാന്റ്‌സും മുട്ടോളമെത്തുന്ന ജുബ്ബയും കഴുത്തില്‍ വലിയ കുരിശുമാലയുമായി ഫാദര്‍ ജിനോ ഹെന്‍ട്രിക്കസ് പിന്നെ ധ്യാനത്തിന്റെ നിയ്രന്തണം ഏറ്റെടുത്തു. ശുദ്ധമായ ഇംഗ്ലീഷില്‍ വശ്യസുന്ദരമായ സ്വരത്തില്‍ അവതരണ ഭംഗിയോടെയുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ആകര്‍ഷകമായിരുന്നു. ഹോളിസ്പിരിറ്റിനു വേണ്ടിയുള്ള പ്രാര്‍ത്ഥനകളും രോഗശാന്തി ശുശ്രൂഷകളും വീണ്ടും ആവര്‍ത്തിച്ചു. രോഗശാന്തി ശുശ്രൂഷയില്‍ ദീര്‍ഘകാലമായി ഉണ്ടായിരുന്ന കാല്‍മുട്ടിലെ വേദന അപ്രത്യക്ഷമായതില്‍ ഗുരുജിസാര്‍ ആഹ്ലാദിക്കുകയും അല്ലേലുയ്യ വിളിച്ച് ‘പ്രയ്‌സ് ദ ലോഡ്’ ഏറ്റുപറയുകയും ചെയ്തു. എന്നാല്‍ പിറ്റെദിവസം കാല്‍മുട്ടിലെ വേദന വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോള്‍ അല്ലേലുയ്യ വിളിക്കാതെയും പ്രയ്‌സ് ദ ലോഡ് പറയാതെയും ഞങ്ങളോടു ദേഷ്യപ്പെട്ടു.

ധ്യാനം സമാപിച്ച സായാഹ്നത്തില്‍ കൊടൈക്കനാല്‍ തടാകത്തില്‍ ഞങ്ങള്‍ ബോട്ടുയാത്ര നടത്തി. പാട്ടുകള്‍ പാടി. തടാകത്തോടു ചേര്‍ന്നുള്ള ഒരു ചെറിയ റസ്റ്റോറന്റില്‍ പൊരിച്ച കോഴിയും മൊരിച്ച ചപ്പാത്തിയും കഴിച്ചു. പിറ്റേദിവസം രാവിലത്തെ ബസില്‍ ഞങ്ങള്‍ തിരികെ യാത്രയായി. കുമളിയില്‍ വച്ച് ഞങ്ങളെ കയറ്റാതെ പോയ പച്ചനിറത്തിലുള്ള കെ.എസ്.ആര്‍.റ്റി.സി. എക്‌സ്പ്രസ് ബസിനെ നോക്കി ചീത്തവിളിച്ചു. കുറെ മുന്നോട്ടുപോയ ബസ് ഇതാ തിരികെ പുറകോട്ടുവരുന്നു. ഞങ്ങളെ ഭയപ്പെട്ടിട്ട് കണ്ടക്ടര്‍ മണിയടിച്ച് ബസ് പുറകോട്ടു കൊണ്ടുവരുന്നത് ഞങ്ങളെ കയറ്റാനാണെന്നു കരുതി. എന്നാല്‍ ബസിന്റെ ഡോര്‍ തുറക്കാതെ അവന്‍ ഞങ്ങളെ പരസ്യമായി ചീത്തവിളിച്ചു. ഞങ്ങളുടെ അപ്പനും അമ്മയ്ക്കുമെല്ലാം അവന്‍ വിളിച്ചുകൊണ്ടേയിരുന്നു. അപ്രതീക്ഷിതമായ ചീത്തവിളിയുടെ മുന്‍പില്‍ ഞങ്ങള്‍ പാവം അധ്യാപകര്‍ സ്തബ്ധരായി നിന്നു. ഞങ്ങളെ കയറ്റാതെ മണിയടിച്ച് അവന്‍ ബസ് വീണ്ടും മുന്നോട്ടെടുത്തപ്പോള്‍ ഗുരുജി കൈ ഉയര്‍ത്തി പറഞ്ഞു ‘പ്രയ്‌സ് ദ ലോഡ്’! അടുത്ത ബസിനായി ഞങ്ങള്‍ കാത്തുനിന്നു.