എയ്ഡഡ് കോളേജുകളില്‍ രണ്ട് അധ്യാപക സംഘടനകളാണ് ഉണ്ടായിരുന്നത്. ഇടതുപക്ഷചായ്‌വുള്ള എ.കെ.പി.സി.റ്റി.എയും വലതുപക്ഷ ചായ്‌വുള്ള പി.സി.റ്റി.എയും. 1972ലെ ഡയറക്ട് പെയ്മെന്‍റ്  സമരത്തിന് എ.കെ.പി.സിറ്റി.എ ആണ് നേതൃത്വം കൊടുത്തത്. ആ സമരം വിജയിച്ചിരുന്നതിനാല്‍ കോളേജ് അധ്യാപകര്‍ക്കെല്ലാം സര്‍ക്കാരില്‍ നിന്ന് നേരിട്ട് ശമ്പളം കിട്ടുവാന്‍ തുടങ്ങി. ദുരിതവഴികളില്‍ നിന്ന് അധ്യാപകന് ആത്മാഭിമാനവും സ്വാതന്ത്ര്യവും ലഭിക്കുന്നത് നേരിട്ട് ശമ്പളം കിട്ടാന്‍ തുടങ്ങിയതിലൂടെയാണ്. എ.കെ.പി.സി.റ്റി.എ പിളര്‍ന്നാണ് പി.സി.റ്റി.എ ഉണ്ടായത്. കാരൂര്‍ കഥകളില്‍ പ്രൈവറ്റ് മാനേജ്‌മെന്റിലെ അധ്യാപകര്‍ നേരിടേണ്ടിവരുന്ന ദുഖ ദുരിതങ്ങളുടെ വര്‍ണ്ണനയുണ്ട്. ഉഴവൂര്‍ കോളേജില്‍ ഭൂരിഭാഗ അധ്യാപകരും എ.കെ.പി.സി.റ്റി.എ അംഗങ്ങളായിരുന്നു. ഞാനും ഇ.പി മാത്യുവും കേരളാ കോണ്‍ഗ്രസ് അനുഭാവികളായിരുന്നെങ്കിലും ഞങ്ങള്‍ സുഹൃത്തുക്കളുടെ സമ്മര്‍ദ്ദം മൂലം എ.കെ.പി.സി.റ്റി.എയുടെ അംഗങ്ങളായി. കെ.എല്‍ ജോസ്, ജോസ് കോലടി പോലെയുള്ള കോണ്‍ഗ്രസ് അനുഭാവികളും എ.കെ.പി.സി.റ്റി.എയിലാണ് . പ്രൊഫ. സണ്ണി തോമസിനെപ്പോലെയുള്ളവര്‍ അതിലെ അംഗങ്ങളായിരുന്നതിനാല്‍ എനിക്ക് ആശങ്കയൊന്നും തോന്നിയതേയില്ല. മലയാളം ഹിന്ദി വിഭാഗങ്ങെളല്ലാം എ.കെ.പി.സി.റ്റി.എയില്‍
ചേര്‍ന്നു. വര്‍ഷം തോറുമുള്ള വരിസംഖ്യ കൊടുക്കുക ജില്ലാ സമ്മേളനത്തിനു പോവുക തുടങ്ങിയ കാര്യങ്ങളില്‍ സംഘടനാ പ്രവര്‍ ത്തനം ഒതുങ്ങിനിന്നു.

1986ല്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ടി.എം ജേക്കബ് കോളേജുകളില്‍ യു.ജി.സി ഏര്‍പ്പെടുത്തുവാന്‍ വേണ്ടി പ്രീഡിഗ്രി ബോര്‍ഡ് എന്ന ആശയവുമായി വന്നു. യൂണിവേഴ്‌സിറ്റികളില്‍നിന്നും പ്രീഡിഗ്രി അടര്‍ത്തി മാറ്റി പ്രത്യേക ബോര്‍ഡാക്കുക, കോളേജില്‍ തന്നെ പ്രീഡിഗ്രി ഒരു പ്രത്യേക വിഭാഗമാക്കി നിലനിര്‍ത്തുക എന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചു. ഇതിനെതിരെ എല്ലാ അധ്യാപക സംഘടനകളും യൂണിവേഴ്‌സിറ്റി ജീവനക്കാരും സമരം പ്രഖ്യാപിച്ചു. 1986 ജൂണ്‍ 10 ന് സമരം ആരംഭിച്ചു. ഉഴവൂര്‍ കോളേജില്‍ സീനിയേഴ്‌സ് അടക്കം 48 അധ്യാപകരാണ് സമരത്തിന് നോട്ടീസ് കൊടുത്തത്. 1980 ന് ശേഷം വന്ന അദ്ധ്യാപകരെയാണ് പ്രധാനമായും ഈ ബോര്‍ഡ് ബാധിക്കുന്നതെങ്കിലും സംഘടനാ തീരുമാനമനുസരിച്ച് സീനിയര്‍ അദ്ധ്യാപകരും ഈ സമരരംഗേത്തക്ക് കുതിച്ചിറങ്ങി. അധ്യാപകരെക്കാള്‍ കൂടുതല്‍ വീറും വാശിയും പ്രകടിപ്പിച്ച് യൂണിവേഴ്‌സിറ്റി ജീവനക്കാരും സമരരംഗത്തിറങ്ങി. മൂന്നു സര്‍വ്വകലാശാലകളുടെയും ഭരണസംവിധാനം അവതാളത്തിലായി. പരീക്ഷാപേപ്പര്‍ വാല്യുവേഷന്‍ കുഴഞ്ഞുമറിഞ്ഞു.

ഗാന്ധിജി യൂണിവേഴ്‌സിറ്റി അന്നു പ്രവര്‍ത്തിച്ചിരുന്നത് കോട്ടയം കളക്‌ട്രേറ്റിന് എതിര്‍വശത്തുള്ള കെട്ടിടത്തിലാണ്. കളക്‌ട്രേറ്റിനു മുമ്പില്‍ പന്തല്‍ കെട്ടി നിരാഹാരം ആരംഭിച്ചു. നിരാഹാരസമരത്തില്‍ ഒരാള്‍ ഉഴവൂര്‍ കോളേജില്‍ നിന്നുള്ള കെ.എല്‍ ജോസ് ആയിരുന്നു. തിരുനക്കര ഗാന്ധി പ്രതിമക്കു താഴെനിന്ന് ചുവപ്പ് ഹാരം ചാര്‍ത്തി സമരപോരാളികള്‍ കളക്‌ട്രേറ്റിലേക്ക് ജാഥ നയിച്ചു. ഞങ്ങളും കൂടെക്കൂടി. കോണ്‍ഗ്രസുകാരനായ ജോസ് സാര്‍ ചുവപ്പുമാല ഇട്ടുെകാണ്ടു പോകുന്നതു കണ്ടപ്പോള്‍ എനിക്ക് വിഷമം തോന്നി. ജൂണ്‍ 20തിന് നിരാഹാരം ആരംഭിച്ച കെ.എല്‍ ജോസിനെ ജൂണ്‍ 24ന് പോലീസ് അറസ്റ്റ് ചെയ്ത് ജില്ലാ ആശുപത്രിയിലാക്കി. അവിടെ നാരങ്ങാനീരു കുടിച്ച് സമരം അവസാനിപ്പിച്ചു. സി.എം.എസ് കോളേജിലെ മറ്റൊരധ്യാപകന്‍ പകരം നിരാഹാരത്തിലായി.

കോളേജില്‍ നിന്ന് സ്കൂളിലെക്ക് പോകേണ്ടിവരുമല്ലോ എന്നു കരുതി ഞങ്ങള്‍ ജൂനിയേഴ്‌സ് എല്ലാം ആശങ്കയിലായി. കോളേജ് അധ്യാപകന്‍ സ്‌കൂള്‍ അധ്യാപകനാകുന്ന കാര്യം ഓര്‍ത്തേപ്പാള്‍ ഞങ്ങള്‍ക്ക് വലിയ നാണക്കേടു തോന്നി. അതുകൊണ്ട് ഞങ്ങള്‍ ശക്തിയോടെ സമരരംഗത്തുറച്ചുനിന്നു. ഒരാഴ്ച കഴിഞ്ഞ് പഠനം ആരംഭിച്ചപ്പോള്‍ സമരം ചെയ്യാത്ത അധ്യാപകര്‍ ക്ലാസുകളില്‍ പഠിപ്പിക്കുവാന്‍ തുടങ്ങി. ഞങ്ങള്‍ വരാന്തകളിലൂടെ ജാഥ നടത്തി മുദ്രാവാക്യം വിളിച്ചു. ”കരിങ്കാലികളെ ഒറ്റപ്പെടുത്തുക! ഇങ്ക്വിലാബ് സിന്ദാബാദ്!” ഇ.എ തോമസ് സാര്‍ മുദ്രാവാക്യം വിളിച്ചു തന്നപ്പോള്‍ ആവേശത്തില്‍ ഞങ്ങള്‍ ഏറ്റുവിളിച്ചു ഇങ്ക്വിലാബ് സിന്ദാബാദ്. അന്നുച്ചകഴിഞ്ഞ് ഓഫീസില്‍ ജോലിചെയ്യുന്ന ഒരു സീനിയര്‍ സിസ്റ്റര്‍ രഹസ്യമായി എന്നെ അടുത്തുവിളിച്ച് ഇങ്ങനെ പറഞ്ഞു. ”ബാബു സാറില്‍നിന്ന് ഞങ്ങള്‍ ഇത് പ്രതീക്ഷിച്ചില്ല.” ”എന്താണ് സിസ്റ്റര്‍”ഞാന്‍ ചോദിച്ചു. ”സാറെന്താ കമ്മ്യൂണിസ്റ്റാണോ? ഇങ്ക്വിലാബ് വിളിക്കാന്‍! മോശമായിപ്പോയി.” ഞാനൊന്നും അപ്പോള്‍ മിണ്ടിയില്ലെങ്കിലും പിന്നീട് ഒരിക്കലും ഇങ്ക്വിലാബ് വിളിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിറ്റെദിവസം കൂടിയ സ്റ്റാഫ് മീറ്റിംഗില്‍ എല്ലാവരും സമരം ചെയ്യണമെന്ന് സീനിയര്‍ അധ്യാപകര്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ ചെറുപ്പക്കാര്‍ വികാരാവേശത്തോടെ ആ അഭിപ്രായത്തെ പിന്തുണച്ചു. അപ്പോള്‍ ഒരു സീനിയര്‍ അധ്യാപിക എഴുന്നേറ്റുനിന്നു ചോദിച്ചു. ”ബി.സി.എം കോളേജിലെ നിങ്ങളുടെ ഭാര്യമാര്‍ എന്താണ് സമരം ചെയ്യാത്തത്?” ബി.സി.എം കോളേജില്‍ സമരമുണ്ടായിരുന്നില്ല. ആരും ഒന്നും മിണ്ടിയില്ല. ”ബി.സി.എമ്മിലെ നിങ്ങളുടെ ഭാര്യമാര്‍ സമരം ചെയ്യാമെങ്കില്‍ ഞങ്ങളും ചെയ്യാം.” പ്രകോപനപരമായ ആ ഭീഷിണികേട്ട് പ്രാല്‍സാര്‍ പൊട്ടിത്തെറിച്ചു. ”ഞങ്ങളുടെ ഭാര്യമാര്‍ പ്രസവിക്കുന്നത് നോക്കിയാണോ നിങ്ങള്‍ പ്രസവിക്കുന്നത്; സൗകര്യമുണ്ടെങ്കില്‍ പ്രസവിച്ചാല്‍ മതി.” എല്ലാവരും പൊട്ടിച്ചിരിച്ചപ്പോള്‍ പുതിയകുന്നേല്‍ അച്ചന്‍ സ്റ്റാഫ് മീറ്റിംഗ് പിരിച്ചുവിട്ടു. ഞങ്ങള്‍ ഒരു നോട്ടീസ് അടിച്ച് ഉഴവൂര്‍ കോളേജില്‍ വിതരണം ചെയ്തു. ഞാനും പ്രാല്‍സാറും കൂടി എഴുതിയ നോട്ടീസ് കോട്ടയത്ത് ബെയ്‌ലി പ്രസിലാണ് അടിച്ചത്. വൈകുന്നേരം കുരിശുപള്ളിക്കവലയില്‍ ഞങ്ങള്‍ വിശദീകരണയോഗം ചേര്‍ന്നു. മാത്യു പ്രാല്‍, കെ.എല്‍ ജോസ്, ഫിലിപ്പ് ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഞങ്ങള്‍ വഴിപോക്കര്‍ക്ക് നോട്ടീസ് വിതരണം ചെയ്തു. എന്നും വൈകുന്നേരം കോട്ടയത്തെത്തി നിരാഹാരം കിടക്കുന്നവര്‍ക്ക് പിന്തുണ അര്‍പ്പിച്ചു.

ജൂലൈ നാലാം തീയതി സമരം പിന്‍വലിച്ചു. ആ ജീവന്‍ മരണ പോരാട്ടത്തില്‍ അധ്യാപകര്‍ ജയിച്ചു. സര്‍ക്കാര്‍ തോറ്റു. പ്രീഡിഗ്രി ബോര്‍ഡ് സമരം വിജയിച്ചതുകൊണ്ട് ഞങ്ങളെപ്പോലുള്ള ജൂനിയര്‍ അധ്യാപകര്‍ക്ക് പ്രീഡിഗ്രി അധ്യാപകരായി തരംതാഴേണ്ടി വന്നില്ല. ഡിഗ്രി പ്രീഡിഗ്രി ഭേദമില്ലാതെ 1996 ല്‍ യു.ജി.സി ലഭിക്കുകയും ചെയ്തു. കൂടെനിന്ന സീനിയര്‍ അധ്യാപകര്‍ക്ക് അഭിവാദ്യങ്ങള്‍. പിന്നെ നടന്ന യു.ജി.സി സമരത്തിലും സജീവമായി പങ്കെടുത്തു. 1987 ജൂലൈ 4ന് ഓള്‍ ഇന്ത്യാ ഫെഡറേഷന്‍ ഓഫ് കോളേജ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ആണ് സമരം പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ പല സ്ഥലങ്ങളിലും ഇതിനോടകം യു.ജി.സി സ്‌കെയില്‍ നടപ്പിലാക്കിക്കഴിഞ്ഞിരുന്നു. കേരളത്തിലും യു.ജി.സി സ്‌കെയില്‍ പ്രാബല്യത്തില്‍ വരുത്തുക എന്ന ഡിമാന്റുമായി എ.കെ.പി.സി.റ്റി.എയും സമരത്തിനിറങ്ങി. ഉഴവൂര്‍ കോളേജിലെ 35 അധ്യാപകര്‍ സമരക്കാരായി. 1981 ഫെബ്രുവരിയില്‍ നടത്തിയ ഒന്നാം യു.ജി.സി സമരം പരാജയപ്പെടുകയാണ് ചെയ്തത്. അന്നു ഞാന്‍ എസ്.ബി കോളേജില്‍ വിദ്യാര്‍ത്ഥിയാണ്.

രണ്ടാം യു.ജി.സി സമരത്തില്‍ ഉഴവൂര്‍ കോളേജ് ഇളകി മറിഞ്ഞു. കോട്ടയത്ത് ധര്‍ണ്ണകള്‍ നടന്നു. നയനാരിന്റെ ഇടതുപക്ഷ സര്‍ക്കാരായിരുന്നെങ്കിലും സര്‍ക്കാര്‍ സമരം കണ്ടില്ലെന്നുനടിച്ചു. ഓണാവധിയുടെ ദിവസം കോളേജ് അടക്കുകയാണ്. എന്നിട്ടും സമരക്കാര്‍ പിന്നോട്ടു പോയില്ല. ശമ്പളവും ഫെസ്റ്റിവല്‍ അലവന്‍സും ഒന്നുമില്ലാതെ അധ്യാപകര്‍ ദു:ഖിതരായി വീട്ടിലേക്കു പോയി. ഏതായാലും പിറ്റേദിവസം സെപ്റ്റംബര്‍ നാലിന് സമരം പിന്‍വലിച്ചു. ഈ സമരങ്ങളുടെയെല്ലാം ഫലമായി 1-11-996 മുതല്‍ എല്ലാ കോളേജ് അദ്ധ്യാപകര്‍ക്കും യു.ജി.സി സ്‌കെയിലിലുള്ള ശമ്പളം കിട്ടിതുടങ്ങി. സമരം ചെയ്യാത്ത കരിങ്കാലികള്‍ യു.ജി.സി സ്‌കെയില്‍ എഴുതിയെടുക്കാന്‍ തിടുക്കം കാട്ടി. ഒന്നരലക്ഷം രൂപയിലധികം ശമ്പളം വാങ്ങി ഞാന്‍ വിരമിച്ചപ്പോള്‍ സമരപ്പന്തലുകളിലെ യാതനകള്‍ അനുഭവിച്ച മുന്‍കാല അദ്ധ്യാപക നേതാക്കന്മാരെ നന്ദിപൂര്‍വ്വം അനുസ്മരിച്ചു.വര്‍ഗബോധം ഒരു സമൂഹത്തിന്റെ പുരോഗതിക്ക് എങ്ങനെ സഹായകരമാകുന്നു എന്ന് ഈ സമരങ്ങളിലൂടെ ഞാന്‍ പഠിച്ചു.