എണ്‍പതുകളിലാണ് സര്‍വ്വകലാശാലകള്‍ കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ ആരംഭിക്കുന്നത്. അന്ന് ഞങ്ങളൊക്കെ കേരളാ യൂണിവേഴ്‌സിറ്റിയുടെ പരിധിയിലാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി ഈ സ്ഥലങ്ങളിലായിരുന്നു ക്യാമ്പുകള്‍ നടന്നിരുന്നത്. പ്രതിഫലം ഉടന്‍ കിട്ടുന്നതുകൊണ്ടും പ്രതിദിനം ഡി.എ. ലഭിക്കുന്നതുകൊണ്ടും പരിമിതമായ ശമ്പളം മാത്രം ലഭിച്ചിരുന്ന (യു.ജി.സി. ശമ്പളം വന്നിട്ടില്ല) കോളജ് അധ്യാപകര്‍ക്ക് ഈ ക്യാമ്പുകള്‍ നല്ല ആശ്വാസമായിരുന്നു. ഒരേ വിഷയംപഠിപ്പിക്കുന്ന പല കോളജുകളിലെ അധ്യാപകര്‍ക്ക് ഒന്നിച്ച് കാണുവാനും സൗഹൃദം പുതുക്കാനുമുള്ള ഒരവസരം. 1983ലാണ് ഞാന്‍ ആദ്യമായൊരു സെന്‍ട്രലൈസ്ഡ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. അത് കൊച്ചിയിലെ ഒരു സ്‌കൂള്‍ ഹാളില്‍ വച്ചായിരുന്നു. രാവിലെ എല്ലാവരും സംഘമായി വേണാട് എക്‌സ്പ്രസില്‍ കൊച്ചിയിലേക്കും വൈകുന്നേരം അതേ തീവണ്ടിയില്‍ തിരികെയും പോരും. സീനിയര്‍ അധ്യാപകനായ പ്രാല്‍ജിയുടെ കൂടെ പോയിരുന്നതുകൊണ്ട് പ്രശസ്തരും കലാകാരന്മാരുമായ ഒട്ടേറെ മലയാളം അധ്യാപകരെ പരിചയപ്പെടുവാന്‍ കഴിഞ്ഞു.

സര്‍ക്കാര്‍ കോളജുകളില്‍നിന്നു വന്നിരുന്ന സുഗതന്‍ സാര്‍, സി.ആര്‍. ഓമനക്കുട്ടന്‍, കോലഞ്ചേരി കോളജിലെ ബിനോയി ചാത്തുരുത്തി, ഫിലിപ്പ് സാര്‍, എഴുത്തുകാരികളായ ഗ്രേസി, ശാരദക്കുട്ടി അങ്ങനെ പോകുന്നു ആ നിര. അവരുടെയൊക്കെ സംഭാഷണങ്ങളില്‍പങ്കുചേര്‍ന്ന് ഒരു ഉത്സവം പോലെ ആഘോഷിച്ചു ഞാന്‍ പങ്കെടുത്ത ആദ്യത്തെ വാല്യുവേഷന്‍ ക്യാമ്പ്. പ്രതാപികളായ ഈ അധ്യാ പ ക രുടെ മുന്നില്‍ ബാലനായ അഭി മ ന്യു വി നെ പ്പോലെയായിരുന്നു ഞാന്‍. പുസ്തകങ്ങളെക്കുറിച്ചും സിനിമകളെക്കുറിച്ചും സ്വതന്ത്ര ചിന്തകരെക്കുറിച്ചുമുള്ള പുതിയ ധാരണകള്‍ രൂപപ്പെടുവാന്‍ ഇവരുമായുണ്ടായ സമ്പര്‍ക്കം ഒരു സാധ്യതയായി. ഫലിതത്തിന്റെ നിശിതമായ പ്രയോഗങ്ങള്‍ കൊണ്ടും പരദൂഷണങ്ങളുടെ വന്യമായ ആക്രമണങ്ങള്‍ക്കൊണ്ടും ഹാളുമുഴുവന്‍ എപ്പോഴും പൊട്ടിച്ചിരിയിലാണ്. ഇരിക്കാന്‍ കസേരയും കാറ്റുകിട്ടാന്‍ പങ്കയും ഇല്ലെങ്കില്‍ അധ്യാപകര്‍ പ്രതിഷേധിക്കുമായിരുന്നു. അധ്യാപകരുടെ അന്തസിനുചേര്‍ന്ന പ്രാഥമിക സൗകര്യങ്ങള്‍ക്കുവേണ്ടി ഉറക്കെ ശബ്ദിക്കുവാന്‍ അവര്‍ക്കൊന്നും ഭയമുണ്ടായിരുന്നില്ല. ആത്മാഭിമാനവും സ്വാതന്ത്ര്യബോധവുംനല്‍കുന്ന അധ്യാപകസംഘടനകളിലെ പ്രവര്‍ത്തകരായിരുന്നു അവരെല്ലാം. അത് ഞങ്ങള്‍ക്കും ഊര്‍ജം പകര്‍ന്നു.

എണ്‍പത്തഞ്ചോടു കൂടി കോട്ടയത്തേക്ക് ക്യാമ്പുകള്‍ മാറി. മാന്നാനം ട്രെയിനിംഗ് കോളജിലായിരുന്നു ആദ്യ വര്‍ഷങ്ങളിലെ ക്യാമ്പുകളെങ്കില്‍ പിന്നെയത് ബി.സി.എം കോളജിന്റെ ഓഡിറ്റോറിയത്തിലേക്കുമാറി. 1986 മെയ് മാസം. ഞങ്ങളുടെ ഗ്രൂപ്പിന്റെ ചീഫ് കുറവിലങ്ങാട് കോളജിലെ പ്രൊഫ. ജോസഫ് മലമുണ്ടയാണ്. ഞങ്ങളുടെ ഗ്രൂപ്പില്‍ മാന്നാനം കോളജിലെ വി.ജെ. സെബാസ്റ്റ്യന്‍, ബി.സി.എം കോളജിലെ കെ.സി.ത്രേസ്യാമ്മ, അരുവിത്തുറ കോളജിലെ ജോസഫ് വര്‍ഗ്ഗീസ്, വൈക്കം കോളജിലെ സിറിയക്ക് ചോലങ്കരി എന്നിവരാണുള്ളത്. മലമുണ്ടസാര്‍ രാവിലെ പതിനൊന്നരയാകാതെ വരില്ല. ഹൈബ്രോ പെന്‍സിലുകൊണ്ട് മീശ കറുപ്പിച്ച് ഒരു കൈയ്യില്‍ കുടയും പിടിച്ച് മറുകൈകൊണ്ട് മുണ്ടിന്റെ കോന്തലം ഉയര്‍ത്തിപ്പിടിച്ച് മലമുണ്ടസാറങ്ങനെ വരും. അപ്പോള്‍ ഞങ്ങള്‍ ആദ്യ സെറ്റ് പേപ്പര്‍ നോക്കി വച്ചിരിക്കുകയാണ്. അത് റീ വാല്യൂ ചെയ്തിട്ടുവേണം അടുത്തസെറ്റ് വാങ്ങിക്കുവാന്‍. സാറ് ചുവന്ന മഷികൊണ്ട് കുറെ വരകളും കുറികളുമൊക്കെ നടത്തി കുറെ പേപ്പര്‍ റീ വാല്യുചെയ്യും. ബാക്കി ഞങ്ങളെക്കൊണ്ടുതന്നെ വരപ്പിക്കും. ഏതിനും ഹാസ്യപ്രധാനമായ മറുപടി. അങ്ങനെ കുലുങ്ങിച്ചിരികളുടെ ഒരു ഗ്രൂപ്പായിരുന്നു ഞങ്ങളുടേത്. കുറവിലങ്ങാട് കോളജിലെ അധ്യാപകര്‍ മലമുണ്ടസാറിനെ കളിയാക്കും. അതിലൊരുകഥ ഇങ്ങനെയാണ്.

സിനിമാപ്രേമിയായ മലമുണ്ടസാര്‍ ഒരു തിരക്കഥയെഴുതി. പ്രശസ്തനായ ഒരു സംവിധായകനെ സമീപിച്ച് മലമുണ്ടസാര്‍ തിരക്കഥ സമര്‍പ്പിച്ചു. ഇത് സിനിമയാക്കാന്‍ എനിക്കൊരു കണ്ടീഷന്‍ മാത്രമേയുള്ളു. സംവിധായകന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ മലമുണ്ടസാര്‍ പറഞ്ഞു. ”ഇതില്‍ അഞ്ച് ബലാല്‍സംഗങ്ങളുണ്ട്. അത് അഞ്ചും എനിക്കുതന്നെ ചെയ്യണം.” സംവിധായകനെ പിന്നെ കണ്ടിട്ടില്ല. മലമുണ്ടസാറിന്റെ തിരക്കഥാപ്രേമം അതോടെ അവസാനിച്ചു. വാല്യുവേഷന്‍ ക്യാമ്പിലെ സൗഹൃദങ്ങള്‍ ചില യാത്രകളിലേക്ക് നയിച്ചു. ഞങ്ങളുടെ ഗ്രൂപ്പിലെ ഏറ്റവും സൗമ്യനും ശാന്തനുമായ സാറാണ് ജോസഫ് വര്‍ഗ്ഗീസ്. ഞാനും സെബാസ്റ്റ്യനും ജോസഫുമായി കൂടുതല്‍ സ്‌നേഹത്തിലായി. ജോസഫ് ഇലവീഴാപൂഞ്ചിറയെക്കുറിച്ച് സംസാരിച്ചു. ക്യാമ്പ് തീര്‍ന്ന് പ്രതിഫലമെല്ലാം കിട്ടി. പിറ്റേദിവസം തന്നെ ഇലവീഴാപൂഞ്ചിറ കാണാന്‍ തീരുമാനിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈരാറ്റുപേട്ടയിലെ ജോസഫിന്റെ ഭവനത്തില്‍ ഞാനും സെബാസ്റ്റ്യനും രാവിലെ തന്നെയെത്തി. ഒരു വാടകവീടാണത്. സെറ്റുടുത്ത ശാന്തയും ശാലീനയുമായ ജോസഫിന്റെ ഭാര്യ. ചായ നല്‍കി അവര്‍ ഞങ്ങളെ സ്വീകരിച്ചു. അവരുടെ ഒക്കത്ത് ഒരു പെണ്‍കുഞ്ഞുണ്ട്. ജോസഫിന്റെ മൂത്തമകള്‍. പേര് ഇന്ദുലേഖ. ഇലവീഴാപൂഞ്ചിറയിലേക്ക് പോകാന്‍ ഇറങ്ങുമ്പോള്‍ ഭാര്യ ജോസഫിന്റെ കൈയ്യില്‍ ഒരു ബിഗ്‌ഷോപ്പര്‍ കൊടുത്തു. ജോസഫ് ഞങ്ങളോടു പറഞ്ഞു ”ഉച്ചഭക്ഷണം ചക്കവേവിച്ചതും ബീഫുകറിയും.” ഒരു കുപ്പി വെള്ളവും മറക്കാതെ ആ സഹോദരി വച്ചിട്ടുണ്ട്. മേലുകാവ് വഴി ജീപ്പില്‍ ഇലവീഴാപൂഞ്ചിറയുടെ താഴ്‌വാരങ്ങളിലെത്തിയ ഞങ്ങള്‍ നടന്നു വലഞ്ഞ് ഉച്ചയോടുകൂടി ഇലവീഴാപൂഞ്ചിറയുടെ ഉച്ചിയിലെത്തി. വിശന്നു വലഞ്ഞ ഞങ്ങള്‍ ചെറിയ വിശേഷ പാനീയങ്ങളുടെ അകമ്പടിയോടെ ചക്കയും ബീഫുകറിയും അകത്താക്കി. പച്ചപ്പിന്റെ തണലില്‍ മലര്‍ന്നുകിടന്ന് ആകാശ നിരീക്ഷണം നടത്തി.

കോട്ടയം ജില്ലയിലെ മേലുകാവ് ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഇലവീഴാപൂഞ്ചിറ. കോട്ടയം ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലാണ് ഈ സ്ഥലം. സമുദ്രനിരപ്പില്‍ നിന്നും 3200 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. കോട്ടയത്തുനിന്നും 55 കിലോമീറ്ററും തൊടുപുഴയില്‍ നിന്നും 20  കിലോമീറ്ററും ദൂരെയാണ്. പൂക്കളും ഇലകളും പതിക്കാത്തസ്ഥലം എന്നാണ് ഈ പേരിന്റെ അര്‍ത്ഥം. പാണ്ഡവര്‍ വനവാസമനുഷ്ടിച്ചു കൊണ്ടിരുന്നപ്പോള്‍ തടാകത്തില്‍ നീരാടുമായിരുന്നു. യുവാക്കളായ ചില ദേവന്മാര്‍ ദ്രൗപതിയുടെ നീരാട്ടുകാണാന്‍ മറഞ്ഞിരുന്നു എന്നറിഞ്ഞ ഇന്ദ്രന്‍ ഈ തടാകത്തിനു ചുറ്റും മലകള്‍ കൊണ്ടൊരു കോട്ട കെട്ടി അവരുടെ കാഴ്ചമറച്ചു. അങ്ങനെയാണത്രെ ഉയര്‍ന്ന കുന്നുണ്ടായതെന്ന് സങ്കല്‍പ്പം. കുടയതുരുത്തുമല, മാങ്കുന്ന്, തോണിപ്പാറ എന്നീ മൂന്നുമലകളാല്‍ ചുറ്റപ്പെട്ടതാണീസ്ഥലം. ഇവിടെനിന്നുനോക്കിയാല്‍ സൂര്യന്റെ ഉദയവും അസ്തമയവും ഭംഗിയായി കാണാം. കാഞ്ഞാറില്‍നിന്ന് ജീപ്പിലെത്തി നടന്നു കയറണം മലയിലേക്ക്. ആള്‍വാസമില്ലാത്ത ഈ പ്രദേശത്തേക്ക് ധാരാളം സന്ദര്‍ശകര്‍ വരുന്നുണ്ട്. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് സന്ദര്‍ശനത്തിന് ഉത്തമം. ചില സമയങ്ങളില്‍ ശക്തമായ കാറ്റുവീശാറുണ്ട്. മലിനീകരണമില്ലാത്ത പ്രകൃതികൊണ്ടും നിറഞ്ഞപച്ചപ്പുകൊണ്ടും വിജനതയുടെ സൗന്ദര്യം കൊണ്ടും ഇലവീഴാപൂഞ്ചിറ ആകര്‍ഷകമാണ്. അവിടെ ഉയര്‍ന്നു നില്‍ക്കുന്ന വലിയ ഒരു പാറക്കല്ലുണ്ട്.

സായാഹ്നത്തോടെ ഞങ്ങള്‍ മല തിരിച്ചിറങ്ങി. പിന്നെ ഞങ്ങള്‍ ജോസഫിനെ അധികം കണ്ടിട്ടില്ല. എന്നാല്‍ ഇന്ദുലേഖയിലൂടെ ജോസഫ് പ്രസിദ്ധനായി. ഇന്ദുലേഖയുടെ അപ്പനെന്ന നിലയിലാണ് ജോസഫ് പ്രശസ്തനാകുന്നത്. നര്‍ത്തകിയും കലാകാരിയുമായി ഇന്ദുലേഖ വളര്‍ന്നു. അവഗണനകളോടും അനീതിയോടും അധികൃതരോടും അവള്‍ കലഹിച്ചു. ഡല്‍ഹിയില്‍ പോയി പാര്‍ലമെന്റിന്റെ മുന്‍പില്‍ നൃത്തം ചെയ്ത് പ്രതിഷേധമറിയിച്ചു. അപ്പന്റെ കോള ജില്‍ അരു വി ത്തുറ കോളജില്‍ വിദ്യാര്‍ത്ഥിയായി വന്ന് വിദ്യാര്‍ത്ഥി നേതാവായി മാറി ഇന്ദുലേഖ അവളുടെ പേര് അന്വര്‍ത്ഥമാക്കികൊണ്ടിരുന്നു. അനീതികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ അവള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ജോസഫാകട്ടെ മകള്‍ക്കുവേണ്ടി കോടതികളില്‍ കേസുകള്‍ പറഞ്ഞുകൊണ്ടിരുന്നു. ഇന്ദുലേഖയുടെ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഞാന്‍ ഇലവീഴാപൂഞ്ചിറയെക്കുറിച്ച് ഓര്‍മ്മിക്കുമായിരുന്നു. അഡ്വ. ഇന്ദുലേഖ പ്രശസ്തയായ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകയായി ചാനല്‍ ചര്‍ച്ചകളില്‍ സജീവമാണ്.