ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ 70 വയസ്സിന് മുകളിലുള്ളവർക്കും ദുർബല വിഭാഗത്തിൽ പെട്ടവർക്കും പ്രതിരോധകുത്തിവെയ്പ്പിനായുള്ള കത്തുകൾ ഇന്നുമുതൽ നൽകി തുടങ്ങും. രാജ്യത്തിൻറെ പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതിയിലെ സുപ്രധാന നാഴികക്കല്ലാണ് ഈ നടപടിയെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. 70 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് പ്രതിരോധകുത്തിവെയ്പ്പ് എടുക്കുന്നതിൻെറ ഭാഗമായി 4.6 ദശലക്ഷം ആളുകൾക്കാണ് വാക്‌സിനേഷൻ നൽകപ്പെടുക എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇംഗ്ലണ്ടിലെ 80 വയസിന് മുകളിലുള്ള 50 ശതമാനം ആളുകൾക്കും ഇതിനകം പ്രതിരോധ കുത്തിവെയ്പ്പ് നൽകി കഴിഞ്ഞു എന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.
യുകെയിൽ ഒരു മിനിറ്റിൽ 140 പ്രതിരോധകുത്തിവെയ്പ്പ് എന്ന നിരക്കിൽ വാക്സിനേഷൻ പുരോഗമിക്കുകയാണ് . ഇന്നുമുതൽ യുകെയിലേക്ക് വരുന്നതിന് കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വരുന്നു എന്ന പ്രത്യേകതയുമുണ്ട്. 72 മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആയവരെ മാത്രമേ ബ്രിട്ടനിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ എന്ന തീരുമാനം ഗവൺമെൻറ് നേരത്തെ കൈക്കൊണ്ടിരുന്നു. പലരാജ്യങ്ങളിലും ജനിതകമാറ്റം വന്ന കൊറോണവൈറസ് ഉടലെടുക്കുന്നു എന്ന വാർത്തകളെ തുടർന്നാണ് യാത്രാ നിരോധനത്തിലേയ്ക്ക് നീങ്ങാൻ യുകെയെ പ്രേരിപ്പിച്ചത്.
ഫെബ്രുവരി 15നകം മുൻഗണനാക്രമത്തിലെ 15 ദശലക്ഷം ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് രാജ്യം. ഈ ലഷ്യത്തിലേയ്ക്ക് എത്തിച്ചേരാൻ പുതിയ 10 മാസ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ കൂടി രാജ്യത്ത് ഇന്ന് തുടക്കം കുറിക്കുകയാണ്.
Leave a Reply