ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ യുദ്ധകാലടിസ്ഥാനത്തിൽ പുരോഗമിക്കുന്ന പ്രതിരോധ കുത്തിവെയ്പ്പിൻെറ അടുത്ത ഘട്ടത്തിന് തുടക്കമായി. ഇന്ന് മുതൽ 32 – 33 വയസ്സ് പ്രായമുള്ളവർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനുള്ള ബുക്കിംഗ് എൻഎച്ച്എസ് വെബ്സൈറ്റിൽ രാവിലെ 7 മണി മുതൽ ആരംഭിക്കും. പ്രതിരോധ കുത്തിവെയ്പ്പിനായി ക്ഷണിച്ചുകൊണ്ടുള്ള ടെക്സ്റ്റ് മെസ്സേജുകൾ ഈ പ്രായക്കാർക്ക് അയച്ചു കഴിഞ്ഞു. യുകെയിൽ ഇതുവരെ 37.5 ദശലക്ഷത്തിലധികം ആളുകൾക്ക് അവരുടെ ആദ്യത്തെ ഡോസും 21.6 ദശലക്ഷം ജനങ്ങൾക്ക് രണ്ടാമത്തെ ഡോസും ലഭിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .

സ് കോട്ട്ലൻഡിൽ 30 വയസ്സും അതിൽ കൂടുതലുമുള്ള ആളുകൾക്കും വെയിൽസിൽ 18 വയസ്സിന് മുകളിലുള്ളവർക്കും വടക്കൻ അയർലണ്ടിൽ 25 വയസ്സിന് മുകളിലുള്ളവർക്കുമാണ് നിലവിൽ പ്രതിരോധ കുത്തിവെയ്പ്പ് നൽകികൊണ്ടിരിക്കുന്നത്. ഇതിനിടെ ബ്രിട്ടനിൽ പുതിയ ഒരു വൈറസ് വകഭേദം കൂടി കണ്ടെത്തിയതിനെത്തുടർന്ന് സമഗ്രമായ അന്വേഷണത്തിന് പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് നടപടികൾ ആരംഭിച്ചു. 49 പേരിലാണ് പുതിയ വൈറസ് ബാധിച്ചതായി അറിയാൻ സാധിച്ചത്. നിലവിൽ യോർക്ക്ഷെയർ, ഹംബർ മേഖലകളിലാണ് പുതിയ വൈറസ് രോഗ വ്യാപനത്തിന് കാരണമായതായി കണ്ടെത്തിയിരിക്കുന്നത്. VUI-21MAY-01 എന്ന് പേരിട്ടിരിക്കുന്ന വൈറസ് വകഭേദം മാരകമാണോ കൂടുതൽ വേഗത്തിൽ വ്യാപിക്കുമോ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പഠനം നടത്തേണ്ടതുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.