ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെ വാക്സിനേഷൻ യജ്ഞത്തിൽ ഒരു വാക്‌സിൻ കൂടി കൂട്ടി ചേർക്കപ്പെട്ടു. മോഡേണ വാക്സിനാണ് ഫൈസറിനും ഓക്സ്ഫോർഡ് വാക്സിനുമൊപ്പം യുകെയിൽ പ്രതിരോധ കുത്തിവെയ്പ്പിനായി ഉപയോഗിക്കാൻ തുടങ്ങിയത്. തൻറെ 82 വയസ്സുള്ള ഗ്രാൻഡ് മദറിനെ ശുശ്രൂഷിക്കുന്ന വെയിൽസിലെ അമ്മാൻഫോർഡിൽ നിന്നുള്ള 24 വയസ്സുകാരി എല്ലെ ടെയ്‌ലറിനാണ് യുകെയിൽ മോഡേണ വാക്സിൻെറ ആദ്യ ഡോസ് നൽകിയത്. 17 ദശലക്ഷം മോഡേണ വാക്സിനാണ് യുകെ പ്രതിരോധ കുത്തിവെയ്പ്പിനായി ലഭ്യമാക്കിയിരിക്കുന്നത്. എത്രയും പെട്ടെന്ന് പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിക്കാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ജനങ്ങളോട് ആഹ്വാനം ചെയ്തു.
മോഡേണ വാക്സിൻ ഉപയോഗിച്ച് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ ആരംഭിക്കുന്നത് രാജ്യത്തെ വാക്സിനേഷൻ യജ്ഞത്തിന് കൂടുതൽ ഉണർവ് നൽകും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഓക്സ്ഫോർഡ് വാക്‌സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നതായുള്ള പാർശ്വഫലങ്ങൾ ഉണ്ടെന്ന വാർത്ത പൊതുവെ ആശങ്ക പടർത്തിയിരുന്നു. ഇതിനെ തുടർന്ന് കുട്ടികളിലെ വാക്സിൻെറ പരീക്ഷണം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി താത്കാലികമായി നിർത്തിവച്ചിരുന്നു. ഇതുവരെ നടത്തിയ പരീക്ഷണങ്ങളിൽ ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഒന്നുതന്നെ കണ്ടെത്തിയില്ലെങ്കിലും മുൻകരുതലായാണ് പരീക്ഷണങ്ങൾ താത്കാലികമായി നിർത്തി വെച്ചതെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വക്താവ് പറഞ്ഞു. ഫെബ്രുവരി മാസം മുതലാണ് 5 മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ പരീക്ഷണം ആരംഭിച്ചത്. ഘട്ടംഘട്ടമായി പരീക്ഷണം 200 കുട്ടികളിൽ നടപ്പാക്കാനായിരുന്നു പ്രാരംഭത്തിൽ പദ്ധതിയിട്ടിരുന്നത്. എന്നാൽ പരീക്ഷണത്തിനായി പുതിയ വോളന്റീയേഴ്‌സിന് തിരഞ്ഞെടുക്കുന്നത് നിർത്തിവച്ചിരിക്കുകയാണ്. ഇതുവരെ എത്ര പേരിൽ പരീക്ഷണങ്ങൾ നടന്നു എന്നതിൻെറ കണക്കുകളും പുറത്തുവിട്ടിട്ടില്ല.
Leave a Reply